കോഴിക്കോടിന്റെ പച്ച മനുഷ്യൻ ശോഭീന്ദ്രൻ മാഷ്. പച്ച ഷർട്ടും പച്ച പാന്റ്സും പച്ച തൊപ്പിയും ധരിച്ച് പച്ച നിറമുള്ള വാഹനത്തിൽ അങ്ങനെയായിരുന്നു പ്രകൃതിയെ ജീവനേക്കാൾ ഏറെ സ്നേഹിച്ച പച്ചയായ മനുഷ്യന്റെ യാത്ര.
നീണ്ട വെള്ളത്താടിയും പച്ചയുടുപ്പുമിട്ട് കോഴിക്കോടിന്റെ മുക്കിലും മൂലയിലും എത്തുന്ന പ്രൊഫ. ടി ശോഭീന്ദ്രന്.
തോൽപെട്ടി കാടുകളില്‍ കുളം നിർമിച്ച് കാട്ടാനകളുടെ ദാഹമകറ്റുന്നതിലും പൂനൂര് പുഴയെ സംരക്ഷിക്കുന്നതിലും ജില്ലയിലാകെ ലക്ഷക്കണക്കിന് മരം വെച്ചുപിടിപ്പിക്കുന്നതിലും പുതുതലമുറക്ക് പ്രകൃതിപാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതിലുമെല്ലാം ഈ പച്ചമനുഷ്യനെ കാണാം.
കോഴിക്കോട് നഗരത്തിലെ ബൈപാസ് റോഡിലെ മരങ്ങള്‍ക്കും 110 ഏക്കര്‍ വരുന്ന ഗുരുവായൂരപ്പന് കോളജിലെ മരസമൃദ്ധിക്കും പ്രഫ. ശോഭീന്ദ്രന് എന്ന മഹാമനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥ പറയാനുണ്ട്.
പച്ച മനുഷ്യൻ ഉയർത്തിപ്പിടിച്ച ആശയങ്ങൾ നിരവധി
കാടും കാട്ടാറുകളും നിലനില്ക്കാന് കവിത പാടിയാല്‍ മാത്രം പോരെന്ന് അദ്ദേഹം ഉറപ്പിച്ചു പറയും.
വരള്‍ച്ചയുടെ കൊടുംഭീതി ഉയരുമ്പോള്‍ മാറ്റങ്ങളുണ്ടാകേണ്ടത് നമ്മുടെ പദ്ധതികളിലൂടെയാണ്.
പുഴകളുടെയും പ്രകൃതിയുടെയും സംരക്ഷണത്തിന് പ്രായോഗികവും ഫലപ്രദവുമായ പല നിര്‍ദേശങ്ങളും മാഷ് നൽകിയിട്ടുണ്ട്.
മലനിരകളാല്‍ സമൃദ്ധമായ പശ്ചിമഘട്ടത്തിന്റെ മലമടക്കുകളില്‍ മഴബണ്ടുകള്‍ ഉണ്ടാക്കണം. കോളേജ്, സ്കൂള്‍ തലത്തില്‍ നാട്ടുകാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തില്‍ മണ്‍ബണ്ടുകള്‍ തീര്‍ക്കണം. സ്കൂളിന്റെ സംഭാവനയാകണം അത്.
ആയിരക്കണക്കിനു തടയണകള്‍ മലബാറിന്റെ മലമടക്കുകളില്‍ നിറയണം. കൈതയും ഈറ്റയും പോലുള്ള ചെടികള്‍ വച്ച് മണ് ബണ്ടിനെ ഉറപ്പിച്ച് മഴവെള്ളം തടയണം. ആ ജലം കുന്നു കുടിക്കണം. കുത്തിയൊലിച്ചിറങ്ങിപ്പോകാതെ കുന്നു ജലത്താല്‍ നിറയണം.
അസ്തമിച്ച എല്ലാ നീര്‍ച്ചാലുകളും ഉണരണം. ജലസമൃദ്ധിയുടെ ഉറവക്കണ്ണികള്‍ പൊട്ടിയിറങ്ങണം.
ചഇഇ, ചടട, ഭൂമിത്ര എന്നീ ക്ലബുകളുമായി ബന്ധപ്പെട്ട് പ്രകൃതി സംബന്ധമായ ഉത്തരവാദിത്വങ്ങള്‍ നല്‍കണം.
ബണ്ടിന്റെ പരിചരണവും അവര്‍ക്ക് നല്‍കണം. സര്‍ട്ടിഫിക്കറ്റും പ്രോത്സാഹനവും നല്കിയാല് 10 വര്‍ഷം കൊണ്ട് ഉണങ്ങുന്ന പശ്ചിമഘട്ടത്തിന്റെ സാധ്യതകള്‍ വികസിക്കും.
അസ്തമിച്ച ജല കനിവിനെ ഉണര്‍ത്തണം. ഉത്ഭവത്തില്‍ ജലമില്ലാത്തത് കൊണ്ടാണ് പുഴ വരളുന്നത്, ഒഴുക്കുണ്ടാകാത്തത്. അതിനുള്ള പ്രായോഗിക പരിഹാരമാണിത്.
പുഴയുടെ അയല്‍ക്കാര്‍ പുഴയുടെ കാവല്‍ക്കാരാകണം
അയല്‍ക്കാരാണ് എന്തും വലിച്ചെറിയാവുന്ന മാലിന്യ കേന്ദ്രമായി പുഴയെ മാറ്റുന്നത്.വിദ്യാര്‍ത്ഥികളെയാണ് ഇവിടെയും രംഗത്തിറക്കേണ്ടത്.ചുരത്തിലൂടെ നടത്തുന്ന മഴനടത്തം പോലെ പുഴയുടെ അടുത്തേക്കും കുട്ടികളെ കൊണ്ടുവരണം.
നദികളുടെ പേരില്‍ ഒരു യൂണിവേഴ്സിറ്റി ആരംഭിക്കണം. നീന്തല്‍ കോഴ്സിനും മറ്റും സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ഈ യൂണിവേഴ്സിറ്റി ആയിരിക്കണം. തുടങ്ങി നിരവധി ആശയങ്ങൾ മാഷിനുണ്ടായിരുന്നു. ഭൂമിയെ നന്നാക്കാന്‍ കുട്ടികളെ ഏല്‍പ്പിക്കുക.
കുട്ടികള്‍ക്ക് നല്‍കുന്നത് വലുതാകുമ്പോള്‍ പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങളായി മടങ്ങിവരും. അങ്ങനെ വരുംതലമുറയ്ക്ക് വേണ്ടി പ്രകൃതിയേയും പുഴയേയും ചേര്‍ത്ത് നിര്‍ത്താന്‍ നമുക്ക് പറ്റും.
എക്കണോമിക്സിൽ നിന്ന് പച്ച മനുഷ്യനിലേക്ക്
ബംഗളൂരുവിലെ ആർട്ട്സ് ആൻഡ് സയൻസ് കോളജിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തിന്റ തുടക്കം.
മൂന്നു വർഷത്തിനുശേഷം പഠിച്ച കോഴിക്കോട്ടെ ഗുരുവായൂരപ്പൻ കോളജിൽ തന്നെ പഠിപ്പിക്കാനെത്തി. ഇക്കണോമിക്സായിരുന്നു വിഷയമെങ്കിലും പകർന്നതധികവും പ്രകൃതി പാഠങ്ങളായിരുന്നു.
32 വർഷത്തെ അധ്യാപന ജീവിതം അവസാനിപ്പിച്ച് 2002 ൽ പടിയിറങ്ങിയ ശോഭീന്ദ്രൻ ശിഷ്ടജീവിതം പൂർണമായും പ്രകൃതിക്കായി നീക്കിവച്ചു.
പച്ച മനുഷ്യനെ തേടിയെത്തിയ അവാർഡുകൾ
മനുഷ്യ കൂട്ടായ്മകൾ രൂപീകരിച്ച് മരങ്ങൾ വച്ചുപിടിപ്പിച്ച, പ്രകൃതിക്കായി പോരാടിയ ശോഭീന്ദ്രനെ തേടി 2007 ൽ കേന്ദ്രസർക്കാരിന്റ ദേശീയ വൃക്ഷമിത്ര അവാർഡെത്തി. സംസ്ഥാന സർക്കാരിന്റ വനമിത്ര അവാർഡ് ഉൾപ്പടെ വേറെയും നിരവധി പുരസ്കാരങ്ങൾ.
1986 ൽ ജോൺ ഏബ്രഹാം സിനിമയിൽ അഭിനയിച്ച ശോഭീന്ദ്രൻ പിൽക്കാലത്ത് മോട്ടോർ സൈക്കിൾ ഡയറീസ് ജോണിനൊപ്പം എന്ന പുസ്തകത്തിലൂടെ ആ ചലച്ചിത്ര പ്രതിഭയുടെ വേറിട്ട ജീവിതം വരച്ചിട്ടു.
ഷട്ടർ അരക്കിറുക്കൻ കൂറ എന്നീ സിനിമകളിലും മാഷ് അഭിനയിച്ചു.
പ്രകൃതിക്കായി നിർത്താതെ പെയ്ത ആ മഴ തോർന്നൊഴിയുകയാണ്. മഴയുടെയും പുഴയുടെയും കാടിന്റെയും കാമുകനും സംരക്ഷകനുമായി കേരളപരിസ്ഥിതിസംരക്ഷണ രംഗത്ത് ഒരുപാട് മാറ്റങ്ങൾക്ക് കാരണമായ മാഷ്. തോരാത്ത മരച്ചില്ലകളിലെ ഒരോ മഴത്തുള്ളികളിലും മാഷിന്റ മരിക്കാത്ത ഓർമ്മകൾ ഉണ്ടാകുമെന്ന് ഉറപ്പ്.