ഇസ്ലാം മത വിശ്വാസികൾ അനുഷ്ഠിച്ചു വരുന്ന വ്രതം ഏകദേശം അന്ത്യത്തിലേക്ക് എത്തുന്നു. റമദാൻ മാസം തീരുന്നതിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. മിക്കവരും ചെറിയ പെരുന്നാൾ ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്. പുതുവസ്ത്രങ്ങൾ വാങ്ങുന്നതിനുള്ള തിരക്ക് വേറെയും. ശവ്വാൽ മാസം ഒന്നിനാണ് ലോക ഇസ്ലാം മത വിശ്വാസികൾ ഈ ദുൽ ഫിത്തർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
ഒരുമാസം നീണ്ടവ്രതം എടുക്കലിന് അന്ത്യം കുറിച്ച് നടക്കുന്ന ആഘോഷമാണ് ഈദുൽ ഫിത്തർ. ചാന്ദ്രമാസ പിറവി അടിസ്ഥാനമാക്കിയാണ് പെരുന്നാൾ പ്രഖ്യാപിക്കുന്നത്. ഇത്തവണത്തെ ശവ്വാൽ ചന്ദ്രികയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഹൈബ്രിഡ് സൂര്യഗ്രഹണത്തോടയാകും ഈ വർഷം മാസപ്പിറവി ദൃശ്യമാവുക. ചില സ്ഥലങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണവും ചില സ്ഥലങ്ങളിൽ വലയ സൂര്യഗ്രഹണമായും ദൃശ്യമാകുന്നതിനെയാണ് സങ്കര സൂര്യഗ്രഹണം എന്ന് പറയുന്നത്.
പതിറ്റാണ്ടുകൾക്കിടയിൽ ഒരുതവണ മാത്രമാണ് ഇങ്ങനെ സംഭവിക്കുക. ഇതിനുമുമ്പ് 2013 നവംബർ മൂന്നിനാണ് ഹൈബ്രിഡ് ടോട്ടൽ സോളാർ എക്ലിപ്സ് സംഭവിച്ചത്. ഈ ഗ്രഹണ സമയം ചന്ദ്രൻ പൂർണമായും സൂര്യനെ മറക്കില്ല. അതുകൊണ്ടുതന്നെ ചന്ദ്രന് ചുറ്റും ഒരു നേർത്ത സൂര്യരശ്മിയുടെ വളയം കാണാൻ സാധിക്കും. നിംഗളു സോളാർ എക്ലിപ്സ് എന്നറിയപ്പെടുന്ന സൂര്യഗ്രഹണം ഏപ്രിൽ 20നാണ് ദൃശ്യമാവുക . ഓസ്ട്രേലിയൻ തീരപ്രദേശമായ നിംഗളുവിന്റെ പേരിൽ നിന്നാണ് സൂര്യഗ്രഹണത്തിന് നിംഗളു എന്ന പേര് ഉത്ഭവിച്ചത് . 2023ലെ സൂര്യഗ്രഹണം വളരെ കുറച്ച് സ്ഥലങ്ങളിൽ നിന്ന് മാത്രമേ നിരീക്ഷിക്കാൻ സാധിക്കുകയുള്ളൂ. ഓസ്ട്രേലിയ കിഴക്ക് ദക്ഷിണേന്ത്യ, പസഫിക് സമുദ്രം, അന്റാർട്ടിക്ക, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ നിന്ന് സൂര്യഗ്രഹണത്തെ വീക്ഷിക്കാൻ സാധിക്കും .