കോഴിക്കോട് കടൽ ചുവപ്പ് ആയതിന് കാരണം എന്ത്? അറിയാം
കോഴിക്കോട് കടൽ വെള്ളത്തിന്റെ നിറംമാറ്റത്തിന് പിന്നിൽ ജിമ്‌നോഡീനിയം ആൽഗയുടെ അമിത സാന്നിധ്യമെന്ന് കണ്ടെത്തൽ. ഡൈനോഫ്ളാജെല്ലേറ്റ് വിഭാഗത്തിൽപ്പെട്ട ആൽഗളുടെ സാന്നിധ്യമാണ് കോഴിക്കോട് തിക്കോടി കടലിൽ വെള്ളം ചുവപ്പ് നിറമായി മാറുന്നതിന് പിന്നിലെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിലെ (കുഫോസ്) പോസ്റ്റ് ഡോക്ടറൽ ഗവേഷകൻ ഡോ.പി.മിനു തിക്കോടി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
കുഫോസ് അക്വാട്ടിക് എൺവയോൺമെന്റ് മാനേജ്‌മെന്റ് വിഭാഗം അദ്ധ്യാപകൻ ഡോ.എംപി.പ്രഭാകരൻ പഠനത്തിന് നേതൃത്വം നൽകി. കുഫോസ് പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ ഗവേഷക ഡോ. സി.വി. ആശ പഠനത്തിനാവശ്യമായ സഹായം നൽകി. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിന്റെ സഹായത്തോടെയായിരുന്നു പഠനം.
കടൽ വെള്ളത്തിന്റെ നിറം ചുവപ്പ് കലർന്ന തവിട്ടുനിറമാകുന്നു എന്ന് മത്സ്യതൊഴിലാളികൾ അറിയിച്ചതിനെ തുടർന്നാണ് ഡോ.പി.മിനു തിക്കോടി കടലിൽ പഠനം നടത്തിയത്. ഒരാഴ്ച മുൻപാണ് തിക്കോടി കടലിൽ വെള്ളം അവസാനമായി നിറം മാറിയതെന്ന് ഡോ.പി.മിനു പറഞ്ഞു. കഴിഞ്ഞ മാസം 30 ന് വെള്ളത്തിന്റെ നിറം തവിട്ടായും മാറിയിരുന്നു.
2021 ഡിസംബറിൽ വെള്ളം പച്ച നിറമായും മാറിയിരുന്നെന്ന് ഡോ.എം.പി.പ്രഭാകരൻ പറഞ്ഞു. അന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയിരുന്നു. നോക്ടിലൂക്ക എന്ന വിഷാംശമുള്ള ആൽഗയായിരുന്നു അന്നത്തെ നിറം മാറ്റത്തിന് കാരണം.