ഭൂമിക്ക് പൊള്ളുന്നു, പരിഹാരം ഇല്ലാതെ COP 28

ഭൂമിക്ക് പൊള്ളുന്നു, പരിഹാരം ഇല്ലാതെ COP 28

റെജിമോൻ കുട്ടപ്പൻ

ഈ വർഷം കാലാവസ്ഥാ ദുരന്തങ്ങളുടെ വർഷമാണെന്ന് പറഞ്ഞാൽ പോലും അത്ഭുതപ്പെടാനില്ല. സമുദ്രോപരിതല താപനിലയടക്കം ആഗോളതാപനില സർവകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ്. ഈ വർഷം ഇന്ത്യയിലെ സിക്കിമിൽ ഉണ്ടായ മിന്നൽ പ്രളയത്തിന്റെ ദാരുണ ദൃശ്യങ്ങൾ നാം കണ്ടതാണ്. ഹിമാനികളിൽ അവശേഷിക്കുന്ന മഞ്ഞിന്റെ 10% ത്തോളം രണ്ടുവർഷംകൊണ്ട് ഉരുകി കഴിഞ്ഞിരിക്കുന്നു. അന്റാർട്ടിക്കയിൽ ഈ വർഷത്തെ വേനലിലും ശൈത്യത്തിലും ഏറ്റവും കുറവ് മഞ്ഞ് രേഖപ്പെടുത്തിയതും ഈ വർഷം തന്നെയാണ്.

കനേഡിയൻ പെർമഫ്രോസ്റ്റുകളിൽ അപ്രതീക്ഷിതമായി അഗ്നിബാധയുണ്ടായതും ഈ വർഷത്തിലാണ്. ആർട്ടിക്ക്, വടക്കൻ അറ്റ്ലാന്റിക് മേഖലകളിലെ ജലോഷ്മാവ് സാധാരണ നിലയിലേതിനേക്കാൾ നാലു മുതൽ 6 ഡിഗ്രി സെൽഷ്യസ് അധികമാണ് ഈ വർഷം രേഖപ്പെടുത്തിയത്. അന്റാർട്ടിക്കയുടെ ഉൾപ്രദേശങ്ങളിൽ മഴ പെയ്തന്നു മാത്രമല്ല ഗ്രീൻലാൻഡിന്റെ ഉപരിതലമഞ്ഞുരുക്കം രണ്ടാമത്തെ സർവ്വകാല റെക്കോർഡിലാണ്. ഒരു വർഷം ചിലി അനുഭവിച്ചതാവട്ടെ നാശോന്മുഖമായ കാട്ടുതീയും തീവ്രമായ മഴയും കനത്ത വെള്ളപ്പൊക്കവും ആയിരുന്നു. നാം ആഗോളതാപനത്തിന്റെ കാലഘട്ടത്തിൽ അല്ലെന്നും ആഗോള ജ്വലനത്തിൽ ആണെന്നുമാണ് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ അഭിപ്രായം.


 ദുബായിൽ വെച്ച് നടന്ന ആഗോള കാലാവസ്ഥ വ്യതിയാന ഉച്ചകോടി (COP28)യിൽ ഗുട്ടറസ് പറഞ്ഞത്, ഈ ആഴമേറിയ പ്രശ്നത്തിൽ നിന്ന് ലോക നേതാക്കന്മാർ നമ്മെ പുറത്തെത്തിക്കണമെന്നാണ്. മുമ്പൊന്നുമില്ലാത്ത ദ്രുതഗതിയിലാണ് ഭൂമി ചൂടായിക്കൊണ്ടിരിക്കുന്നത് എന്നാണ് നാം ശേഖരിച്ച വിവരങ്ങൾ വ്യക്തമാക്കുന്നതെന്നും അതിനാൽ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്ന നേതാക്കൾ ഇതിൽ നിന്ന് നമ്മെ പുറത്തെത്തിക്കണമെന്നും ചൊവ്വാഴ്ച ദുബായിൽ വെച്ച് നടന്ന കോപ്പ് 28 കോൺഫറൻസിൽ ഗുട്ടറസ് അഭിപ്രായപ്പെട്ടു.

2023 വർഷം അവസാനിച്ചിട്ടില്ലെങ്കിലും ഐക്യരാഷ്ട്രസഭയുടെ ലോകകാലാവസ്ഥ സംഘടന (ഡബ്ല്യു. എം.ഓ) പ്രസിദ്ധീകരിച്ച താൽക്കാലിക റിപ്പോർട്ട് പ്രകാരം ഈ വർഷം സർവ്വകാല റെക്കോർഡ് താപനിലയായിരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല, വ്യവസായ വിപ്ലവത്തിനു മുമ്പുള്ള ആഗോളതാപനിലയെക്കാൾ 1.4 ഡിഗ്രി സെൽഷ്യസ് താപനില ഉയർന്നതായും ഈ റിപ്പോർട്ടിൽ പറയുന്നു.

2015ലെ പാരിസ് ഉച്ചകോടിയിൽ ആഗോളതാപനില വർദ്ധനവിന്റെ പരിധി 1.5 ഡിഗ്രി സെൽഷ്യസ് ആയി പരിമിതപ്പെടുത്തണമെന്ന് ലോക നേതാക്കൾ അംഗീകരിച്ചിരുന്നതാണ്. തൽസമയം കാലാവസ്ഥാ നാശനഷ്ടങ്ങൾ നടക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത് എന്നും ഇതിന് ഭീകരമായ പ്രത്യാഘാതങ്ങളാണ് ഉള്ളതെന്നും തെക്കേ അമേരിക്കൻ മേഖലയിലുള്ള പാറ്റഗോണിയൻ മഞ്ഞു മേഖലകളിൽ നിന്ന് മഞ്ഞുപാളികൾ അതിവേഗത്തിൽ വേർപെട്ടു കൊണ്ടിരിക്കുകയാണെന്നും വാർഷിക കാലാവസ്ഥാ ചർച്ചകൾക്കു മുന്നോടിയായുള്ള വീഡിയോ പ്രസ്താവനയിൽ ഗുട്ടറസ് അഭിപ്രായപ്പെട്ടു.

ആഗോളതാപനം അതിതീവ്രമായ രണ്ട് മേഖലകൾ യു എൻ സെക്രട്ടറി ജനറൽ സന്ദർശിക്കുകയുണ്ടായി. അന്റാർട്ടിക്കയും നേപ്പാളും സന്ദർശിച്ച യുഎൻ സെക്രട്ടറി ജനറൽ സമുദ്രത്തിലെ ഐസ് സാന്നിധ്യം ഏറ്റവും കുറഞ്ഞിരിക്കുന്നതും മഞ്ഞുപാളികളുടെ അതിവേഗത്തിലുള്ള നഷ്ടത്തിലും ഞെട്ടൽ പ്രകടിപ്പിച്ചിരിക്കുകയാണ്.

ഡബ്ല്യു. എം. ഒയുടെ റിപ്പോർട്ട് പ്രകാരം, ഈ വർഷം ദക്ഷിണാർദ്ധഗോളമേഖലയിലെ ശൈത്യകാലത്ത് അന്റാർട്ടിക് സമുദ്രത്തിലെ ഏറ്റവും കൂടിയ മഞ്ഞുവീഴ്ച്ച, മുൻകാലത്തെ ഏറ്റവും താഴ്ന്ന മഞ്ഞുവീഴ്ച്ചാ റെക്കോർഡിനേക്കാൾ ഒരു ദശലക്ഷം ചതുരശ്ര കിലോമീറ്റർ കുറവാണെന്നാണ്. വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗത്തും യൂറോപ്യൻ ആൽപ്‌സിലെയും ഹിമാനികളും അതിവേഗത്തിൽ ഉരുകുകയാണെന്നാണ് വിവരങ്ങൾ.

നിരന്തരമായ സമുദ്രതാപനം, ഹിമാനികളുടെയും മഞ്ഞുപാളികളുടെയും ഉരുകൽ എന്നിവ മൂലം സമുദ്രനിരപ്പുയരുന്നതും റെക്കോർഡ് വേഗത്തിലാണെന്നാണ് ഡബ്ല്യു. എം. ഒയുടെ കണ്ടെത്തൽ. അതേസമയം, അന്തരീക്ഷതാപം പിടിച്ചുനിർത്തുന്ന വാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് എന്നിവയുടെ സാന്നിധ്യം കഴിഞ്ഞ വർഷത്തിൽ റെക്കോർഡ് നിലയിലായിരുന്നു. 2023ലും ഇത്തരം വാതകങ്ങളുടെ അന്തരീക്ഷത്തിലെ തോത് വർധിച്ചുകൊണ്ടിരിക്കുകയാണ്.

കാർബൺ ഡയോക്സൈഡിന്റെ അളവ് വ്യാവസായികവത്ക്കരണത്തിനു മുമ്പുള്ള കാലഘട്ടത്തേക്കാൾ 50 ശതമാനം കൂടുതലാണെന്നും ഈ വാതകം അന്തരീക്ഷത്തിൽ കൂടുതൽ കാലം തങ്ങിനിൽക്കുമെന്നുള്ളതിനാൽ വരും വർഷങ്ങളിൽ താപനില ഇനിയും വർധിക്കുമെന്നുള്ള കാര്യവും ഡബ്ല്യു. എം. ഒ ഊന്നിപ്പറയുന്നുണ്ട്.

കേവലം സ്ഥിതിവിവരക്കണക്കുകളേക്കാൾ ഗുരുതരമാണ് കാര്യങ്ങളെന്നാണ് ഡബ്ല്യു. എം. ഒ മേധാവി പെറ്റെറി താലസ് നിരീക്ഷിക്കുന്നത്. “ഈ നൂറ്റാണ്ടിലും വരും നൂറ്റാണ്ടുകളിലും വാസയോഗ്യമല്ലാത്തവിധമൊരു കാലാവസ്ഥയുടെ അപകടങ്ങളെ പരിമിതപ്പെടുത്താൻ തക്കതായ പ്രവർത്തനങ്ങൾ ഉണ്ടാവണ”മെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. സെപ്തംബറിൽ ലിബിയയിലുണ്ടായ ഡാനിയൽ ചുഴലിക്കാറ്റ് മുതൽ ഹോൺ ഓഫ് ആഫ്രിക്കയിൽ തുടർച്ചയായുണ്ടായ വരൾച്ചകളും കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള കടുത്ത പുകയുണ്ടാക്കിയ മലിനീകരണം തുടങ്ങി കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരമായ പ്രത്യാഘാതങ്ങളെ കുറിച്ച് ഡബ്ല്യു. എം. ഒയുടെ റിപ്പോർട്ടിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്.

വർഷം മുഴുക്കെ നീണ്ടുനിൽക്കുന്ന തീവ്രകാലാവസ്ഥാ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന സമൂഹങ്ങൾ ഭക്ഷ്യ അരക്ഷിതാവസ്ഥയും കുടിയൊഴിക്കലും നേരിട്ടുവെന്നതും ഇതിന്റെ ഭാഗമായി സംബന്ധിച്ച ഗുരുതരമായ പ്രത്യാഘാതങ്ങളാണ്. “റെക്കോർഡിട്ടിരിക്കുന്ന ആഗോളതാപനം ലോകനേതാക്കളെ വിറപ്പിക്കണമെന്നും അതുവഴി അവർ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്നും ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

കൂടാതെ പുനരുപയോഗ ശേഷിയുള്ള ഇന്ധനങ്ങൾ മൂന്നുമടങ്ങാക്കാനും ഊർജക്ഷമത വർധിപ്പിക്കാനും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി അവസാനിപ്പിക്കാനും ഐക്യരാഷ്ട്രസഭാ മേധാവി ആഹ്വാനം ചെയ്തു. ഡബ്ല്യു. എം. ഓയുടെ കണക്കനുസരിച്ച്, സൌരോർജ്ജത്തിൽ നിന്നും കാറ്റിൽ നിന്നുള്ള ഊർജ്ജോത്പാദനവും വഴി കഴിഞ്ഞ വർഷം പുനരുപയോഗ ഊർജശേഷി ലോകമെമ്പാടും ഏകദേശം 10 ശതമാനം വർധിച്ചിട്ടുണ്ട്. ആഗോള താപനില ഉയരുന്നത് 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനുള്ള നിലവിലെ ലക്ഷ്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ ഗുട്ടറസ് എട്ട് വർഷത്തിന് ശേഷമുള്ള കാലാവസ്ഥാപ്രവർത്തന പദ്ധതികളുടെ അടുത്ത ഘട്ടത്തിൽ വ്യക്തമായ പ്രതീക്ഷകളോടു കൂടി ആ പദ്ധതികൾ നടപ്പിലാക്കാനും അതിലേക്കായി മൂലധന നിക്ഷേപം നടത്താനും വിവിധ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു.

എന്നാൽ ഈ പ്രവർത്തനങ്ങൾ കൊണ്ടെല്ലാം മെച്ചപ്പെട്ട മാറ്റങ്ങൾ ഉണ്ടാകുമെന്ന വലിയ പ്രതീക്ഷ എനിക്കില്ല. കാരണം, ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങളെ മനസ്സിലാക്കുന്നതിലൂടെയും പരിഹരിക്കുന്നതിലൂടെയുമാണ്. എന്നാൽ ഇന്ന് ലോകമെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന യാതൊരു ദുരന്തവും നമ്മെ ഞെട്ടിപ്പിക്കുന്നതായോ ഭയപ്പെടുത്തുന്നതായോ എനിക്കു തോന്നിയിട്ടില്ല. ഇത്തരം ദുരന്തങ്ങളെ കുറിച്ച് നമുക്കൊരു പുനർവിചിന്തനം പോലുമുണ്ടായിട്ടില്ല.

നമ്മെ ബാധിക്കാത്തിടത്തോളെ എല്ലാ പ്രകൃതിദുരന്തങ്ങൾക്കും നേരെ കണ്ണടക്കാൻ നാം പഠിച്ചു എന്നതാണ് വാസ്തവം. കൂടാതെ ഇപ്പോൾ നടന്ന ഈ കാലാവസ്ഥാ ഉച്ചകോടിയാകട്ടെ അമ്പേ പരാജയമാണെന്നുമാണ് എന്റെ വിലയിരുത്തൽ. ലോകത്തെ കാലാവസ്ഥാ വ്യതിയാന ആഘാതങ്ങളിൽ നിന്നും പരിരക്ഷിക്കുന്നതിനായി നടത്തുന്ന കാലാവസ്ഥാ ഉച്ചകോടിയ്ക്ക ആതിഥേയത്വം വഹിക്കുന്നത് ലോകത്തെ തന്നെ ഏറ്റവും വലിയ ഫോസിൽ ഇന്ധന ഉത്പാദകരിലൊന്നായ രാജ്യമാകുന്നത് മികച്ചൊരു ആശയമായി കാണാൻ സാധിക്കില്ല.

സമ്മേളനം നിയന്ത്രിക്കുന്നതാവട്ടെ യു.എ.ഇയുടെ ഔദ്യോഗിക എണ്ണക്കമ്പനിയുടെ ചീഫ് എക്സിക്യട്ടീവും. ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താൻ ഫോസിൽ ഇന്ധനങ്ങൾ ഘട്ടം ഘട്ടമായി അവസാനിപ്പിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്ന “ശാസ്ത്രമൊന്നുമില്ല” എന്നാണ് ഈ ഉച്ചകോടിയുടെ അധ്യക്ഷനായ സുൽത്താൻ അൽ ജാബിർ അവകാശപ്പെട്ടത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ വികസനം ആഗ്രഹിക്കുന്ന രാജ്യങ്ങൾക്ക് ഇപ്പോഴും ലഭിക്കുന്ന സന്ദേശം ലോകത്തെ പ്രബല രാഷ്ട്രങ്ങളിൽ ചിലത് ഇപ്പോഴും ശാസ്ത്രത്തെ അവഗണിക്കുന്നുവെന്നതാണ്.

യു.എ.ഇയുടെ സ്റ്റേറ്റ് ഓയിൽ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞത് കൽക്കരി, എണ്ണ, ഗ്യാസ് എന്നിവ ഘട്ടംഘട്ടമായി നിർത്തലാക്കുന്നതോടെ മാനവരാശി ഗുഹകളിലേക്ക് തിരികെ പോകുമെന്നാണ്. വിവിധ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലാണ് ഈ അഭിപ്രായ പ്രകടനം നടന്നത്. അതേസമയം, കാലാവസ്ഥാ ഉച്ചകോടി അവസാനിക്കുമ്പോൾ പോലും ഇതിനെ ചെറുക്കുന്നതിനായുള്ള അടിയന്തര നടപടികളെ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള ഏകാഭിപ്രായം ലോകരാഷ്ട്രങ്ങളിൽ നിന്നുണ്ടായതായി വ്യക്തമല്ല. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതായിരുന്നു പ്രധാന അജണ്ടയെങ്കിലും ഇക്കാര്യത്തിൽ രാജ്യങ്ങൾ തമ്മിൽ സ്വരച്ചേർച്ചയിലല്ല എന്നാണ് വ്യക്തമാകുന്നത്. ദുബായിൽ വെച്ചു നടക്കുന്ന ആഗോള ഉച്ചകോടിയിൽ പങ്കെടുക്കുന്ന 190 രാജ്യങ്ങളിൽ അമേരിക്ക, യൂറോപ്യൻ യൂണിയൻ, മറ്റു ചില ദരിദ്രരാഷ്ട്രങ്ങൾ തുടങ്ങി എൺപതു മുതൽ നൂറോളം രാജ്യങ്ങൾ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് സമാനാഭിപ്രായക്കാരാണ്.

എന്നാൽ പ്രധാന ഉത്പാദകരായ സൌദി, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾ ഇതിനെതിരെയാണ്. സൌദിയും റഷ്യയും ഇവ്വിഷയത്തിൽ പിന്നോട്ടടിക്കുന്നത് വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുന്നതിലാണ് ലോകം ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് എന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. ചെലവേറെയുള്ള കാർബൺ-കാപ്ച്വർ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിലാണ് സൌദിയും റഷ്യും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. എന്നാൽ, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുന്നത്ര ഫലപ്രദമാവില്ല ഇതെന്നാണ് ഐക്യരാഷ്ട്രസഭയുടെ ക്ലൈമറ്റ് സയൻസ് പാനൽ പറയുന്നത്.

ഇന്ത്യയും ചൈനയും ഫോസിൽ ഇന്ധനഉപഭോഗം പരിമിതപ്പെടുത്തുന്നതിനെതിരെ പ്രത്യക്ഷത്തിൽ രംഗത്തുവന്നില്ലെങ്കിലും പുനരുപയോഗ ശേഷിയുള്ള ഊർജ്ജോപയോഗം വർധിപ്പിക്കുന്നതിനെയാണ് ഇവർ പിന്തുണക്കുന്നത്. ആഗോളതാപന വർധനവ് 1.5 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്തണമെങ്കിൽ കൽക്കരി, എണ്ണ, വാതകം എന്നീ ഇന്ധനങ്ങളുടെ ഉപയോഗം വ്യക്തമായും കുറയ്ക്കേണ്ടതുണ്ട്. എന്നാൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കകു എന്ന ആശയത്തെ വളരെ പേടിയോടെയാണ് എണ്ണോത്പാദന രാജ്യങ്ങൾ കാണുന്നത്.

കാരണം, അതുകൊണ്ടു തന്നെയാണ് മുപ്പതു വർഷങ്ങൾക്കു ശേഷം ഒപെക് ഐക്യരാഷ്ട്രസഭയുടെ ഇത്തരമൊരു കാലാവസ്ഥാവ്യതിയാന ചർച്ചയിൽ നേരിട്ട് പങ്കെടുത്തത്. സൌദിയുടെ നേതൃത്വത്തിലുള്ള ഒപെക് അംഗങ്ങൾ വാദിക്കുന്നത് വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതിലാണ് ചർച്ചകൾ കേന്ദ്രീകരിക്കേണ്ടത് എന്നും അല്ലാതെ ഫോസിൽ ഇന്ധനോത്പാദനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിലല്ല എന്നുമാണ്. മറ്റെന്തെല്ലാം മെച്ചപ്പെട്ട മാർഗ്ഗങ്ങൾ തെരഞ്ഞെടുത്താലും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താതെ മികച്ചൊരു കാലാവസ്ഥാനുകൂല മാറ്റം സാധ്യമാകില്ല. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതു സംബന്ധിച്ച് രാജ്യങ്ങൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി പ്രസിഡണ്ട് സുൽത്താൻ അൽ-ജാബിൽ ഒരു മജ്ലിസ് സംഘടിപ്പിക്കുയുണ്ടായി. ഇതിൽ വിവിധ രാജ്യങ്ങളുടെ മന്ത്രിമാർ പങ്കെടുക്കുകയും ചെയ്തു. എല്ലാവരും ചില വഴങ്ങലുകൾക്കും വിട്ടുവീഴ്ച്ചകൾക്കും തയ്യാറാവണമെന്നുമാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഏതുതരത്തിലുള്ള മജ്ലിസോ സംഭാഷണമോ ആവട്ടെ നിലനിൽക്കുന്ന ഗുരുതരമായ പ്രശ്നങ്ങളെ മനസ്സിലാക്കാതെ, കാലാവസ്ഥാ അജണ്ടകളെ സംബന്ധിച്ച് രാജ്യങ്ങൾ തമ്മിൽ സ്വരച്ചേർച്ചയുണ്ടാകാതെ കാലാവസ്ഥാ പ്രശ്നങ്ങൾക്ക് അറുതിയുണ്ടാകാൻ പോകുന്നില്ല എന്നു തന്നെയാണ് ഈ കാലാവസ്ഥാ ഉച്ചകോടി അവസാനിപ്പിക്കുമ്പോഴും വ്യക്തമാകുന്നത്.

ഈ ലേഖനം സുപ്രഭാതം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്

Metbeat News

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.