ചെടികളോടും മരങ്ങളോടും പലപ്പോഴും നമ്മൾ സംസാരിക്കാറുണ്ട്. പക്ഷേ ചെടികൾക്ക് സംസാരിക്കാൻ കഴിയുമെന്നും സമ്മർദമുണ്ടാകുമ്പോൾ അവ കരയാറുണ്ടെന്നും എത്രപേർക്കറിയാം. എന്നാൽ ഇതിന് ശാസ്ത്രീയ തെളിവുകളുമായി രംഗത്തു വന്നിരിക്കുകയാണ് ഇസ്രായേൽ ഗവേഷകർ. ചെടികൾക്ക് ദാഹിക്കുമ്പോഴോ സമ്മർദ്ദത്തിൽ ആയിരിക്കുമ്പോഴോ അവ വായുവിലൂടെ ശബ്ദം പുറപ്പെടുവിക്കുന്നുവെന്നാണ് ടെൽ അവീവിലെ സർവകലാശാലയിൽ നടത്തത്തിയ പഠനത്തിൽ പറയുന്നത്. വ്യാഴാഴ്ച ഇതുസംബന്ധിച്ച പഠനം ശാസ്ത്ര ജേണലായ സെല്ലിൽ പ്രസിദ്ധീകരിച്ചു. സ്‌കൂൾ ഓഫ് പ്ലാന്റ് സയൻസസ് ആന്റ് ഫുഡ് സെക്യൂരിറ്റിയിലെ വൈസ് ഫാക്വൽറ്റി ഓഫ് ലൈഫ് സയൻസ് ലിലാച് ഹാൻഡനിയാണ് പഠനത്തിന് നേതൃത്വം നൽകിയത്. സാഗോൾ സ്‌കൂൾ ഓഫ് ന്യൂറോസയൻസിലെ മേധാവി യോസി യോവലും പഠനത്തിൽ പങ്കെടുത്തു.
മനുഷ്യരുടെ അതേ ഉച്ചതയിലുള്ള ശബ്ദമാണ് ഉണ്ടാക്കുന്നതെങ്കിലും ആവ്യത്തി (ഫ്രീക്വൻസി) കൂടുതൽ ആയതിനാൽ നമുക്ക് കേൾക്കാൻ സാധിക്കില്ല. എന്നാൽ ചില മൃഗങ്ങൾക്കും മറ്റു ചെടികൾക്കും ഷഡ്പദങ്ങൾക്കും ഈ ശബ്ദം കേൾക്കാനാകും. മൃഗങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളോട് സസ്യങ്ങൾ പ്രതികരിക്കുന്നതായി ഇതേ ടീമിന്റെ മുൻ പഠനങ്ങൾ കണ്ടെത്തിയിരുന്നു. പോപ്‌കോൺ വെന്ത് പൊട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദവുമായി സാമ്യമുള്ളതാണ് ചെടികൾ പുറത്തുവിടുന്ന ശബ്ദം. ഇതിന്റെ റെക്കോർഡുകളും ശാസ്ത്രജ്ഞർ പുറത്തുവിട്ടു.
പുകയില, തക്കാളി ചെടികളുടെ വളർച്ചാ ഘട്ടങ്ങൾ നിരീക്ഷിക്കുന്നതിനിടെയാണ് ചെടികളിൽ നിന്നുള്ള അൾട്രാസോണിക് ശബ്ദം മൈക്രോഫോണിൽ റെക്കോർഡ് ചെയ്തത് എന്ന് ഗവേഷകർ വ്യക്തമാക്കി. ഗോതമ്പ് ചോളം കള്ളിമുൾച്ചെടി എന്നിവയുടെ ശബ്ദങ്ങളും റെക്കോർഡ് ചെയ്തിട്ടുണ്ട്. ചില ചെടികൾക്ക് വെള്ളമൊഴിക്കാതെയും ചിലതിന്റെ തണ്ടുകൾ മുറിച്ചുമാറ്റിയും ചില ചെടികളെ തൊടാതെയും ആണ് പരീക്ഷണം നടന്നത്. ചെടികളുടെ കാണ്ഡം മുറിച്ചും വെള്ളമൊഴിക്കാതെയും ഗവേഷണം തുടർന്നു. ഈ സമയം ഇവ കരയാറുണ്ടെന്നും 30 മുതൽ 50 വരെ തവണ മണിക്കൂറിൽ ശബ്ദം പുറപ്പെടുവിക്കുന്നുവെന്നും കണ്ടെത്തി. അഞ്ചു ദിവസത്തെ വരൾച്ചയ്ക്ക് ശേഷം വെള്ളമൊഴിച്ചു കൊടുത്തപ്പോൾ ഇതിൽ മാറ്റം വരികയും ചെയ്തു.
ഈ ചെടികൾ എല്ലാം ശാന്തമായ പശ്ചാത്തല ശബ്ദങ്ങൾ ഒന്നുമില്ലാത്ത ഒറ്റപ്പെട്ട പ്രദേശത്ത് ശബ്ദം കൃത്യമായി കേൾക്കാൻ സാധിക്കുന്ന അക്വസ്റ്റിക് ബോക്‌സിൽ മൈക്രോ ഫോണുകൾ ഘടിപ്പിച്ചാണ് പരീക്ഷണം നടത്തിയത്. 20-250 ഹെർട്‌സ് ശബ്ദം റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന മൈക്രോ ഫോണുകൾ ആയിരുന്നു ഇവ. ചെടികളിൽ നിന്ന് പുറപ്പെടുവിക്കുന്ന ശബ്ദം 40 മുതൽ 80 കിലോ ഹെർട്‌സ് ആണ്. എന്നാൽ മനുഷ്യന് കേൾക്കാൻ സാധിക്കുന്ന ഏറ്റവും ഉയർന്ന ശബ്ദം 16 കിലോ ഹെർട്‌സ് ആണ്.
വിവിധ ചെടികളെയും അവയുടെ വ്യത്യസ്ത ശബ്ദങ്ങളെയും തിരിച്ചറിയുകയും ഈ ശബ്ദങ്ങളിൽ നിന്ന് ചെടികളെയും അവ നേരിടുന്ന പ്രശ്‌നങ്ങളെയും മനസ്സിലാക്കാൻ സാധിക്കുകയും ചെയ്തു എന്ന് ഗവേഷകർ പറയുന്നു. ‘ചെടികൾക്കും ശബ്ദം പുറപ്പെടുവിക്കുവാൻ സാധിക്കും എന്ന് ഞങ്ങൾ തെളിയിച്ചു നമുക്ക് ചുറ്റുമുള്ള ലോകം പൂർണമായും ചെടികളുടെ ശബ്ദങ്ങളാൽ മുഖരിതമാണ്. ഈ ശബ്ദങ്ങളിലെല്ലാം വെള്ളം വേണം മുറിവ് പറ്റിയിട്ടുണ്ട് തുടങ്ങിയ പോലുള്ള വിവരങ്ങളും ഉണ്ട് . ഏറെക്കാലത്തെ ശാസ്ത്ര വിവാദമാണ് പരിഹരിച്ചിരിക്കുന്നത് ‘ പ്രൊഫസർ ഹദനി പറഞ്ഞു.