Saudi weather 19/10/24: ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത വേണം
സൗദി അറേബ്യയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളില്‍ താമസിക്കണമെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ജാഗ്രത മുന്നറിയിപ്പ് നൽകുന്നുണ്ട്.
മഴയെ തുടര്‍ന്ന് താഴ്വരകളിൽ വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാൽ അത്തരം പ്രദേശങ്ങളിലേക്ക് പോകരുതെന്നും നിർദ്ദേശമുണ്ട് . പരമാവധി വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കി യാത്ര ചെയ്യണമെന്നും നദികളില്‍ നീന്തരുതെന്നും അധികൃതര്‍.
രാജ്യത്തിന്‍റെ ചില പ്രദേശങ്ങളിൽ ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മക്ക മേഖലയിൽ പൊടി കാറ്റും മിതമായതോ കനത്തതോ ആയ മഴയും ആലിപ്പഴ വർഷവും ഉണ്ടാകാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു . റിയാദ് മേഖലയിലും സാമാന്യം ശക്തമായ മഴ ലഭിക്കാൻ സാധ്യത.
കൂടാതെ കിഴക്കൻ മേഖല, നജ്‌റാൻ, അൽ ബഹ, അസീർ, ജിസാൻ എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയും മദീന, വടക്കൻ അതിർത്തികൾ, ഖസിം എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വകുപ്പ്.