climate change: സോളാർ വൈദ്യുതിക്കും പണി തരുമോ സർക്കാർ?

climate change: സോളാർ വൈദ്യുതിക്കും പണി തരുമോ സർക്കാർ?

ടി. സഞ്ജുന

കാലാവസ്ഥാ വ്യതിയാനത്തിൽ നിന്ന് രക്ഷനേടാനാണ് ആഗോള കാലാവസ്ഥ ഉച്ചകോടി ( COP) ൻ്റെ നിർദ്ദേശ പ്രകാരം വിവിധ രാജ്യങ്ങൾ ഗ്രീൻ എനർജി ഉപയോഗം പ്രോൽസാഹിപ്പിക്കുന്നത്. ഇതിൻ്റെ ഭാഗമാണ് സോളാർ പദ്ധതികൾ. ഫോസിൽ ഇന്ധനം കത്തിച്ച് വൈദ്യുതി ഉണ്ടാക്കുന്നതിന് പരിഹാരമാണ് ഇത്തരം ഹരിതഗൃഹ വാതകങ്ങൾ പുറപ്പെടുവിക്കാത്ത Green എനർജി സോഴ്സുകൾ.

സോളാർ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി ബില്ലും കുറയ്ക്കാനാകും. ഇതിനായി സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് കേരളത്തിൽ സംസ്ഥാന സർക്കാരിന്റെ ഇരുട്ടടിയാണ് വരാനിരിക്കുന്നത്. നിലവിലെ നെറ്റ് മീറ്ററിങ് സംവിധാനത്തിനു പകരം ഗ്രോസ് മീറ്ററിങ് ഏർപ്പെടുത്തണമെന്ന സംസ്ഥാന വൈദ്യുതി ബോർഡിന്റെ ആവശ്യം വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുന്നിലെത്തി. ഏപ്രിൽ 1 മുതൽ ഇതു നടപ്പാക്കാനാണ് സർക്കാർ ശ്രമം.

വീടുകളിൽ ഉൽപാദിപ്പിച്ച് ഉപഭോഗ ശേഷം വരുന്ന സൗരോർജം കെ.എസ്.ഇ.ബിയുടെ ഗ്രിഡുകളിലേക്ക് നൽകുമ്പോൾ സോളാർ വൈദ്യുതി നിരക്കായിരിക്കും ഇനി ലഭിക്കുക. കെ.എസ്.ഇ.ബിയിൽനിന്ന് നേരിട്ടുള്ള വൈദ്യുതി ഉപയോഗിക്കുന്നവർ കെ.എസ്.ഇ.ബി താരിഫും നൽകേണ്ടി വരും. അതായത് വൈദ്യുതി ബിൽ തുക മുഴുവനും അടയ്ക്കണമെന്നർഥം. ഇപ്പോഴുള്ള ഇളവു കിഴിച്ചുള്ള ബിൽ ഏപ്രിൽ ഒന്നോടെ നിർത്താനാണ് നീക്കം.

സോളാറിലെ വൈദ്യുതി കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്ക് കൊടുക്കുകയും വീട്ടാവശ്യത്തിന് കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഉപയോഗിക്കുകയും ചെയ്യുന്നവർ അധിക വൈദ്യുതിക്ക് മാത്രം ചാർജ്ജ് നൽകിയാൽ മതിയായിരുന്നു. അതിന് നെറ്റ് മീറ്ററിംഗ് സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. ഗ്രോസ് മീറ്ററിലേക്ക് മാറുന്നതോടെ സോളാർ വൈദ്യുതിക്കും കെ.എസ്.ഇ.ബിയിൽ നിന്ന് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതിക്കും പ്രത്യേകം മീറ്റർ വയ്ക്കും.

ഉദാഹരണത്തിന് 300 യൂണിറ്റിനുള്ള കെ.എസ്.ഇ.ബി താരിഫ് പ്രകാരം യൂണിറ്റിന് അഞ്ചുരൂപ എന്നനിലയിൽ 1500 രൂപ ആകും. സൗരോർജ ഉൽപാദനത്തിന് നിലവിലെ യൂണിറ്റ് നിരക്കായ 2.69 രൂപയായിരിക്കും കണക്കാക്കുക. ഇതുപ്രകാരം 150 യൂണിറ്റിന് 403 രൂപ ലഭിക്കും. 1500ൽനിന്ന് 403 രൂപ കുറവുചെയ്ത് 1090 രൂപ ഉപഭോക്താവ് അടയ്ക്കണം. അതായത് വലിയ ലാഭം ഉണ്ടാകില്ലെന്നർഥം.

എന്നാൽ സോളാർ പ്രോസ്യൂമേഴ്സിന്റെ ബില്ലിംഗ് രീതികൾ മാറ്റുന്നു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാനിടയുള്ള ബില്ലിംഗ് രീതികളിലേക്ക് മാറാൻ സംസ്ഥാന സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല. നിലവിലെ ബില്ലിംഗ് സമ്പ്രദായം തുടരുന്നത് കെ.എസ്.ഇ.ബിയുടെ സാമ്പത്തിക സുസ്ഥിരതയെ ദോഷകരമായി ബാധിക്കാനിടയുള്ള കാര്യവും, സംസ്ഥാനത്തിന്റെ പ്രഖ്യാപിതമായ സൗരോർജ്ജ നയത്തിന്റെ അടിസ്ഥാനത്തിൽ സമഗ്രവും വിശദവുമായ പരിശോധന നടത്തിയതിനുശേഷം മാത്രമേ ബില്ലിംഗ് രീതിയിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

അതേസമയം കേന്ദ്രസർക്കാരിന്റെ സോളാർ പദ്ധതിയായ പ്രധാനമന്ത്രി-സൂര്യ ഘർ യോജനയിൽ ഇതുവരെ ഒരു കോടിയിലധികം കുടുംബങ്ങൾ രജിസ്റ്റർ ചെയ്തു. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിലാണ് സോളാർ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. പദ്ധതി പ്രകാരം 3 കിലോവാട്ട് ശേഷിയുള്ള സോളാർ പാനൽ സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ 40 ശതമാനം സബ്സിഡിയാണ് നൽകുന്നത്.

10 കിലോവാട്ട് ശേഷിയുള്ള സോളാർ പാനൽ തെരഞ്ഞെടുക്കുന്നവർക്ക് 20 ശതമാനമാണ് സബ്‌സിഡി ലഭിക്കുന്നത്. 640 ജിഗാവാട്ടിലധികം റൂഫ്ടോപ്പ് സോളാർ പ്ലാന്റുകൾ വീടുകളിൽ സ്ഥാപിക്കാനാകുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. നിലവിൽ കേന്ദ്രസർക്കാരിന്റെ സബ്സിഡിയിൽ നിന്ന് പ്രയോജനമുൾക്കൊണ്ട് ഏകദേശം 7. 8 ലക്ഷം കുടുംബങ്ങൾ ഇതിനോടകം റൂഫ്ടോപ്പ് സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്.

photo credit: down to earth

Metbeat News

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment