കേരളത്തില്‍ യു.വി ഇന്റക്‌സ് റെഡ് അലര്‍ട്ടില്‍, എന്തുകൊണ്ട് കൂടുന്നു
കേരളത്തില്‍ അള്‍ട്രാവയലറ്റ് സൂചിക (UV Index) കൂടുന്നു എന്നു ഇപ്പോള്‍ ദിവസവും വാര്‍ത്ത കാണുന്നുണ്ടാകും. എന്താണ് യു.വി ഇന്റക്‌സ് എന്നും എന്തുകൊണ്ട് കേരളത്തില്‍ ഇപ്പോള്‍ അപകടകരമായി കൂടുന്നുവെന്നും നോക്കാം.
അള്‍ട്രാവയലറ്റ് രശ്മികള്‍
സൂര്യനില്‍ നിന്ന് പ്രവഹിക്കുന്ന രശ്മികളിലൊന്നാണ് അള്‍ട്രാവയലറ്റ് കിരണങ്ങള്‍. ഇവ സൂര്യനില്‍ നിന്ന് ഭൂമിയിലെത്തുമ്പോള്‍ മിതമായ തോതിലാകുന്നതിനാലാണ് ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നത്. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കാന്‍ ഫിസിക്‌സിന്റെ (ഭൗതികശാസ്ത്ര) നിയമങ്ങളും പ്രകൃതിയുടെ സവിശേഷതകളും ഒത്തുവരുന്നു എന്ന് നമുക്കറിയാം. സൂര്യനില്‍ നിന്ന് അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് പുറമേ ഇന്‍ഫ്രാറെഡ് എന്ന ചൂടു കൂട്ടുന്ന രശ്മികളും കടന്നു വരുന്നുണ്ട്. സൂര്യപ്രകാശത്തിന് ചൂടുണ്ടാക്കുന്നത് ഇന്‍ഫ്രാറെഡ് ആണ്. രാവിലെ പൂജ്യമാകുന്ന സൂചിക വെയില്‍ ശക്തിപ്പെടുന്നതിന് അനുസരിച്ച് കൂടി ഉച്ചയ്ക്ക് പാരമ്യത്തിലെത്തി വൈകിട്ട് സൂര്യാസ്തമയത്തോടെ പൂജ്യത്തിലേക്ക് നീങ്ങുകയാണ് ചെയ്യുക.
യു.വി ഇന്റക്‌സ്
അള്‍ട്രാവയലറ്റ് രശ്മികളുടെ കാഠിന്യത്തിന്റെ തോത് രേഖപ്പെടുത്തിയ ശ്രേണിയാണ് യു.വി സൂചിക എന്ന യു.വി ഇന്റക്‌സ് എന്ന് അറിയപ്പെടുന്നത്. യു.വി ഇന്റക്‌സ് 5 വരെ മനുഷ്യന് ഹാനികരമല്ലാത്ത റീഡിങ്ങാണ്. 6 മുതല്‍ 7 വരെ മുന്‍കരുതല്‍ സ്വീകരിക്കേണ്ട ഘട്ടമാണ്. ഈ അളവില്‍ സൂചിക എത്തുമ്പോള്‍ മഞ്ഞ അലര്‍ട്ട് നല്‍കും.
ഓറഞ്ച്, ചുവപ്പ് അലര്‍ട്ടുകള്‍
യു.വി സൂചിക 8 മുതല്‍ 10 വരെ എത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും. അതീവ ജാഗ്രതയും ഗൗരവകരമായ മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നതുമാണ് ഓറഞ്ച് അലര്‍ട്ടു കൊണ്ട് ഉദ്ദേശിക്കുന്നത്. സൂചിക 11 ന് മുകളിലാണെങ്കില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിക്കുക. ഏറ്റവും ഗുരുതരമായ സാഹചര്യമാണിത്. ഈ സമയത്ത് ഒരു കാരണവശാലും നേരിട്ട് സൂര്യപ്രകാശം ശരീരത്തില്‍ പതിക്കുന്നത് അനുവദനീയമല്ല.
കേരളത്തില്‍ എന്തു കൊണ്ട് കൂടുന്നു
കേരളത്തില്‍ വേനലില്‍ സൂര്യന്റെ ചൂടും യു.വി ഇന്റക്‌സും വര്‍ധിക്കുന്നത് പതിവാണ്. അതിന് പ്രധാന കാരണം വിഷുവത്തോട് (Equinox) അടുത്ത സമയത്ത് സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം. സൂര്യ രശ്മികള്‍ക്ക് വേഗത്തിലും കുറഞ്ഞ സമയത്തിലും ഏറെ ദൂരം സഞ്ചരിക്കാതെയും ഭൂമിയില്‍ (കേരളം ഉള്‍പ്പെടുന്ന മേഖലയില്‍) ഈ സമയം എത്താനാകും. ഇതോടൊപ്പം മേഘങ്ങള്‍ ഇല്ലാത്ത അവസ്ഥ, പൊടിപടലങ്ങള്‍ കുറഞ്ഞ അവസ്ഥ, ഈര്‍പ്പമില്ലാത്ത അവസ്ഥ എന്നിവയെല്ലാം സൂര്യപ്രകാശം നേരിട്ട് ഭൂമിയില്‍ പതിക്കാനും ചൂടു കൂടാനും യു.വി ഇന്റക്‌സ് കൂടാനും കാരണമാകും എന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു. കേരളത്തില്‍ നിലവില്‍ ഈ സാഹചര്യമാണുള്ളത്.
യഥാര്‍ഥ യു.വി ഇന്റക്‌സ് എത്ര
യു.വി ഇന്റക്‌സ് ഇപ്പോള്‍ കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങള്‍ പ്രകാരം അളക്കുന്നുണ്ടെങ്കിലും ലഭിക്കുന്ന റീഡിങ്ങിനേക്കാള്‍ തീവ്രതയാണ് പ്രവചന ഡാറ്റകളിലുള്ളത്. കഴിഞ്ഞ ദിവസം കേരളത്തില്‍ അളക്കാനായത് പരമാവധി 10 ആണ്. എന്നാല്‍ ഫെബ്രുവരി മുതല്‍ കേരളത്തില്‍ 12 ഉം അതിനു മുകളിലും യു.വി സൂചിക ഉണ്ടെന്നാണ് പ്രവചന ഡാറ്റകള്‍ നല്‍കുന്ന വിവരം. അതിനാല്‍ ഇത്രയും യു.വി തീവ്രതയുണ്ടെന്ന് മനസിലാക്കി ജാഗ്രതാ നടപടികള്‍ സ്വയം സ്വീകരിക്കുന്നതാണ് ഉചിതം.
ഇന്നത്തെ യു.വി തീവ്രത എത്രയാണ്
കാലാവസ്ഥാ വകുപ്പിന്റെ വിവിധ വെതര്‍ സ്‌റ്റേഷനുകളില്‍ ഇന്ന് (13/03/25) ഉച്ചയ്ക്ക് രേഖപ്പെടുത്തിയ കണക്ക് പ്രകാരം യു.വി ഇന്റക്‌സ് റെഡ് അലര്‍ട്ട് പരിധിയില്‍ എത്തി. കണക്കുകള്‍ താഴെ പരിശോധിക്കാം.
റെഡ് അലര്‍ട്ടിലുള്ള പ്രദേശങ്ങള്‍
പാലക്കാട് 11
മലപ്പുറം 11
ഇടുക്കി 11
ഓറഞ്ച് അലര്‍ട്ടിലുള്ള പ്രദേശം
കൊല്ലം 10
പത്തനംതിട്ട 9
ആലപ്പുഴ 9
കോട്ടയം 9
എറണാകുളം 8
യെല്ലോ അലര്‍ട്ടുള്ള പ്രദേശങ്ങള്‍
കോഴിക്കോട് 7
വയനാട് 7
തൃശൂര്‍ 7
തിരുവനന്തപുരം 6
കണ്ണൂര്‍ 6
കാസര്‍ഗോഡ് 5
ഇന്ന് റെഡ് അലര്‍ട്ടിലെത്താന്‍ കാരണം
ഇന്നലെ കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ മഴ ലഭിച്ചതാണ് ഇന്ന് യു.വി ഇന്റക്‌സ് കൂടാന്‍ കാരണമെന്ന് മെറ്റ്ബീറ്റ് വെതര്‍ സ്ഥാപകന്‍ വെതര്‍മാന്‍ കേരള പറയുന്നു. ഇന്ന് യു.വി ഇന്റക്‌സ് 10 ന് മുകളില്‍ പോയ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം മേഘാവൃതമായതിനാല്‍ ഇന്റക്‌സ് കുറവായിരുന്നു. മേഘങ്ങള്‍ പെയ്‌തൊഴിഞ്ഞതോടെയും ഇന്നലത്തെ മഴയില്‍ അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ കുറഞ്ഞതും യു.വി ഇന്റക്‌സ് കൂടാന്‍ കാരണമായി. സൂര്യപ്രകാശം പൊടിപടലങ്ങളിലും മേഘത്തിലും ജലകണികകളിലും തട്ടി വിസരണം സംഭവിച്ചാണ് യു.വി ഇന്റക്‌സ് തീവ്രത കുറയാറുള്ളത്. തെളിഞ്ഞ അന്തരീക്ഷം ഇന്ന് യു.വി ഇന്റക്‌സ് കൂട്ടി. ഒപ്പം ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ ചൂട് കൂട്ടുകയും ചെയ്തു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരിടാന്‍ എന്തെല്ലാം ചെയ്യണം?
- തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണം.
- പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.
- പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
- പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
- യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.
- മലമ്പ്രദേശങ്ങള്‍ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവെ UV സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും UV സൂചിക ഉയര്‍ന്നതായിരിക്കും.
Tag: Discover the reasons behind the rising UV Index in Kerala and the implications of the red alert. Stay informed and protect your health from harmful UV rays. Learn about the increasing UV Index in Kerala and the significance of the red alert. Understand how to safeguard yourself from excessive sun exposure. Explore the factors contributing to the elevated UV Index in Kerala. Find out why the red alert matters and how to stay safe under the sun