മുണ്ടക്കൈയില്‍ ആദ്യം ഉരുളെടുത്തത് 2 കെട്ടിടങ്ങള്‍, ആകെ 247 ഏക്കര്‍ ദുരന്തത്തിന്റെ വ്യക്തതയുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് റോയിട്ടേഴ്‌സ്

മുണ്ടക്കൈയില്‍ ആദ്യം ഉരുളെടുത്തത് 2 കെട്ടിടങ്ങള്‍, ആകെ 247 ഏക്കര്‍ ദുരന്തത്തിന്റെ വ്യക്തതയുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് റോയിട്ടേഴ്‌സ്

വയനാട് മുണ്ടക്കൈയില്‍ ജൂലൈ 30 നുണ്ടായ ഉരുള്‍പൊട്ടലിന്റെ ഏറ്റവും വ്യക്തതയുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ്.

പ്ലാനറ്റ് ലാബ് എന്ന അമേരിക്കന്‍ ഭൗമനിരീക്ഷണ കമ്പനിയുടെ ഉപഗ്രഹ ചിത്രങ്ങളാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ ഭീകരത വ്യക്തമാക്കുന്നത്. ലളിതവും വ്യക്തവുമായ ഗ്രാഫിക്‌സ് ചിത്രങ്ങള്‍ സഹിതമാണ് റോയിട്ടേഴ്‌സ് ഇതു പുറത്തുവിട്ടത്. ഉരുള്‍പൊട്ടലിന് മുന്‍പും ശേഷവുമുള്ള ദൃശ്യങ്ങളാണ് ഇതിലുള്ളത്.

വനത്തിനുള്ളിലാണ് കനത്ത മഴയെ തുടര്‍ന്ന് മലയുടെ ഭാഗം ഉരുള്‍പൊട്ടലില്‍ താഴേക്ക് ഒഴുകിയത്. മണ്ണ്, വെള്ളം, മരങ്ങള്‍, പാറ എന്നിവ വനത്തിലൂടെയുള്ള അരുവിയിലൂടെ കൂറേ ദൂരം താഴേക്ക് ഒഴുകി. താഴേക്ക് വരും തോറും അരുവിയുടെ വീതി വര്‍ധിച്ചുവരുന്നതായും ആ ഭാഗത്തെ മണ്ണും മറ്റും കൂടുതല്‍ വേഗത്തില്‍ താഴേക്ക് ഒഴുകുന്നതായും ഉപഗ്രഹ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 2 കി.മി താഴ്ചയിലേക്ക് വെള്ളവും പാറയും മണ്ണും ഒഴുകിയെത്തുമ്പോള്‍ ആ പ്രദേശത്തൊന്നും മനുഷ്യനിര്‍മിത കെട്ടിടങ്ങളോ മറ്റോ ഇല്ലെന്ന് ഉപഗ്രഹ ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

നാലു കിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് ആദ്യ കെട്ടിടങ്ങളുള്ളത്. ആദ്യം അരുവിക്ക് സമീപം ഉണ്ടായിരുന്ന രണ്ടു കെട്ടിടങ്ങളാണ് തകര്‍ന്നത്. ഇതിനു താഴെയുണ്ടായിരുന്ന എട്ടു നിര്‍മിതകളും തകര്‍ത്ത് പുഴയുടെ ഒഴുക്ക് വ്യാപിച്ചു. പിന്നീട് തകര്‍ന്ന കെട്ടിടങ്ങളുടെ എണ്ണം 16 ആയി.

ഇതോടെ ജനവാസ മേഖലയിലേക്ക് മലവെള്ളം ഇരച്ചെത്തി. ഇവിടെ പുഴയോരത്ത് നിന്ന് അല്‍പം അകലെയുള്ള കെട്ടിടങ്ങള്‍ പോലും തകര്‍ന്നു. സ്‌റ്റോണ്‍ ഹൗസ് റിസോര്‍ട്ടും ഇവിടെയാണ്. നേരത്തെയുള്ള ഉപഗ്രഹ ചിത്രത്തില്‍ ഇവിടെ നിരവധി കെട്ടിടങ്ങളുള്ളതായി കാണാം.

Post by @labeeb__ali
View on Threads

സ്റ്റോണ്‍ ഹൗസ് റിസോര്‍ട്ട് ഉള്‍പ്പെടെ 35 കെട്ടിടങ്ങള്‍ ഉരുള്‍പൊട്ടല്‍ തുടക്കം മുതല്‍ തകര്‍ന്നതായി ഉപഗ്രഹ ചിത്രം വ്യക്തമാക്കുന്നു.

മുണ്ടക്കൈ എത്തും മുന്‍പ് തന്നെ 45 കെട്ടിടങ്ങള്‍ തകര്‍ന്നു. മുണ്ടക്കൈയുടെ മേല്‍ ഭാഗത്തെ 20 കെട്ടിടങ്ങള്‍ കൂടി നിമിഷ നേരം കൊണ്ട് തകര്‍ന്നു. പുഴയുടെ വ്യാപ്തി കൂടി. മണ്ണും കല്ലും കുറേ ദൂരം ഒഴുകി പരന്നു.

മുണ്ടക്കൈ

മുണ്ടക്കൈ അങ്ങാടിയിലെത്തിയതോടെ തകര്‍ന്ന കെട്ടിടങ്ങളുടെ എണ്ണം 79 ആയി. പോസ്റ്റ് ഓഫിസടക്കം ഇവിടെ തകര്‍ന്നു. അങ്ങാടി കഴിയുന്നതോടെ തകര്‍ന്ന കെട്ടിടങ്ങളുടെ എണ്ണം 91 ആയി.

ചൂരല്‍മലയിലെത്തുന്നു

പിന്നീട് ചൂരല്‍മല ടൗണിലേക്ക് എത്തുന്നതോടെ നാശനഷ്ടങ്ങളും കൂടി. നാലു കെട്ടിടങ്ങള്‍ കൂടി ഇതിനിടെ തകര്‍ന്നു. ചൂരല്‍മല ടൗണിലാണ് ഏറെയും കെട്ടിടങ്ങള്‍ തകര്‍ന്നത്. ടൗണിലെത്തുമ്പോള്‍ 91 കെട്ടിടം തകര്‍ന്നത് കുറച്ചു ദൂരം ഉരുള്‍വെള്ളം സഞ്ചരിച്ചപ്പോള്‍ തന്നെ തകര്‍ന്ന കെട്ടിടങ്ങളുടെ എണ്ണം 115 ആയി ഉയര്‍ന്നു. പിന്നീട് 135 ആയി, കുറച്ചു കഴിഞ്ഞപ്പോഴേക്കും 163 കെട്ടിടങ്ങള്‍ തകര്‍ന്നു.

വെള്ളാര്‍മല

വെള്ളാര്‍മല സ്‌കൂളിലെത്തുമ്പോഴേക്കും 183 കെട്ടിടങ്ങളെ ഉരുളെടുത്തിരുന്നു. വെള്ളാര്‍മല സ്‌കൂളും തകര്‍ന്നതോടെ എണ്ണം 184 ആയി. വെള്ളാര്‍മല നഗറില്‍ എത്തുന്നതോടെ തകര്‍ന്ന കെട്ടിടങ്ങള്‍ 214 ആയി.

വെള്ളാര്‍മലയില്‍ നിന്ന് സൂചിപ്പാറയിലേക്ക്

വെള്ളാര്‍മല നഗര്‍ കഴിഞ്ഞ ശേഷമാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള ഒഴുക്കിലേക്ക് ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങളെത്തിയത്. ഇവിടെ കെട്ടിടങ്ങള്‍ കുറവാണ്. ഇതിനിടെ ഒരു കെട്ടിടം കൂടി തകര്‍ന്ന് 215 ആയി.

ഉരുളെടുത്തത് 247 ഏക്കര്‍ ഭാഗം

ഉപഗ്രഹ ചിത്രം ഉപയോഗിച്ച് പ്ലാനറ്റ് ലാബ്‌സ് പരിശോധന പൂര്‍ത്തിയാക്കിയത് ഓഗസ്റ്റ് 12 നാണ്. ഒരു ചതുരശ്ര കി.മി വിസ്തീര്‍ണം (247 ഏക്കര്‍) ഭാഗമാണ് ഉരുളെടുത്തത്. ഇത് 140 ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ വലുപ്പത്തിന് തുല്യമാണ്. മൂന്നു കിലോമീറ്റര്‍ പ്രദേശത്തെ കെട്ടിടങ്ങള്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. മുണ്ടക്കൈയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.

സര്‍ക്കാര്‍ കണക്കില്‍ തകര്‍ന്നത് 236 കെട്ടിടങ്ങളാണ്. ഉപഗ്രഹ നിരീക്ഷണത്തില്‍ കണ്ടെത്താനായത് 215 ഉം. 400 കെട്ടിടങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്. മണ്‍സൂണ്‍ മേഘങ്ങള്‍ മാറിയതോടെയാണ് പ്ലാനറ്റ് ലാബിന്റെ ഉപഗ്രഹം ഉരുള്‍പൊട്ടല്‍ പ്രദേശത്തെ പനോരമ ചിത്രം എടുത്തത്.

ഇടതൂര്‍ന്ന വനങ്ങള്‍ക്കുള്ളില്‍ ഉപഗ്രഹം കാണാത്ത കെട്ടിടങ്ങളെ തകര്‍ന്നതായി എണ്ണാന്‍ കഴിഞ്ഞിട്ടില്ല. കണ്ണുകൊണ്ട് കാണാനായ കെട്ടിടങ്ങള്‍ മാത്രമാണ് എണ്ണിയതെന്ന് റോയിട്ടേഴ്‌സ് പറയുന്നു.

ഡ്രോണ്‍ ദൃശ്യവും വിലയിരുത്തി

ഏപ്രില്‍ 29 ന് ഉരുള്‍പൊട്ടലിനു മുന്‍പ് പകര്‍ത്തിയ ദൃശ്യവും ഉരുളിന് ശേഷം ഓഗസ്റ്റ് 1 ന് എടുത്ത ഡ്രോണ്‍ ചിത്രവും പരിശോധിച്ച് തകര്‍ന്ന കെട്ടിടങ്ങളുണ്ടായ ഭാഗം റോയിട്ടേഴ്‌സ് സ്ഥിരീകരിച്ചു. ഇതില്‍ പലതും ലയങ്ങളാണെന്നാണ് സൂചന.

സNotemetbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment