ഇന്നും നാളെയും റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു; ഡാം തുറക്കും, സ്‌കൂളിന് അവധി
കനത്ത മഴ സാധ്യതയെ തുടര്‍ന്ന് ഇന്നും നാളെയും റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ച് കാലാവസ്ഥാ വകുപ്പ്. ഇന്നും (ശനി) നാളെയും (ഞായര്‍) എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന് രാത്രി 9 മണിക്കുള്ള അപ്‌ഡേറ്റില്‍ പറയുന്നത്.
നാളെ (ഞായര്‍) തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പില്ല. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകള്‍ക്ക് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ ഇന്നു വരെ 12 ശതമാനം മഴക്കുറവുണ്ട്. ഇത് സാങ്കേതികമായി സാധാരണ മഴയായാണ് കണക്കാക്കുന്നത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഇടുക്കി, വയനാട ജില്ലകളില്‍ ഇപ്പോഴും മഴക്കുറവാണ്.
കാസര്‍കോട് നാളെ അവധി
നാളെ (ജൂലൈ 20ന്) ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജനസുരക്ഷയെ മുന്‍നിര്‍ത്തിയാണ് അവധിയെന്ന് കലക്ടര്‍ പറഞ്ഞു.
ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മതപഠന കേന്ദ്രങ്ങള്‍ സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. നേരത്തെ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല.
മലങ്കര ഷട്ടര്‍ തുറക്കും
തുടര്‍ച്ചയായ കനത്ത മഴയും മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള നീരൊഴുക്കും കാരണം മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിതമായി ക്രമീകരിക്കുന്നതിനായി ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 200 സെ.മീ വരെ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. തൊടുപുഴയാറിലെയും മൂവാറ്റുപുഴയാറിലെയും ജലനിരപ്പ് നിലവില്‍ സുരക്ഷിതമായതിനാല്‍ പുറത്തേക്ക് ഒഴുകുന്ന വെള്ളം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയും.
എന്നിരുന്നാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. മുവാറ്റുപുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും കുളിക്കുന്നതിനോ മറ്റ് അവശ്യങ്ങള്‍ക്കോ പുഴയില്‍ ഇറങ്ങുന്നത് നിര്‍ബന്ധമായി ഒഴിവാക്കണമെന്നും കലക്ടര്‍ പറഞ്ഞു.
Emglish : Red alerts lifted for today and tomorrow; dams will be opened, and schools will remain closed. Stay updated on the latest developments.