കനത്ത നാശനഷ്ടം: രണ്ടു ജില്ലകളിൽ റെഡ് അലർട്ട്, ജലനിരപ്പുയർന്നു; 5 ഡാമുകളിൽ റെഡ് അലർട്ട്
കേരളത്തിൽ മഴ കനത്തത്തോടെ അഞ്ച് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കല്ലാർക്കുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർ ഡാമുകളിലും തൃശൂർ ജില്ലയിലെ പെരിങ്ങൽക്കുത്ത് ഡാമിലുമാണ് റെഡ് അലർട്ട് ഉള്ളത്. ഇതിൽ കല്ലാർക്കുട്ടി, ലോവർ പെരിയാർ, പെരിങ്ങൽക്കുത്ത് ഡാമുകളുടെ സ്പിൽവേകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതായി കെഎസ്ഇബി.
ലോവർ പെരിയാറിൽ ജലസംഭരണ ശേഷിയുടെ നൂറ് ശതമാനമാണ് ഇപ്പോഴത്തെ ജലനിരപ്പ് ഉള്ളത്. നിലവിൽ 226.01 ക്യൂസെക് വെള്ളമാണ് ഇവിടെ സ്പിൽ വേയിലൂടെ പുറത്തേക്ക് ഒഴുക്കുന്നത് . കല്ലാർക്കുട്ടി ഡാമിന്റെ ജലനിരപ്പ് 98.48 ശതമാനത്തിലേക്ക് എത്തി. ഇവിടെ 181.59 ക്യൂസെക് വെള്ളവും തുറന്ന് വിടുന്നു. പെരിങ്ങൽക്കുത്ത് ഡാമിൽ 93.47 ശതമാനമാണ് നിലവിലെ ജലനിരപ്പ് ഉള്ളത്. ഇവിടെ 185.50 ക്യുസെക് വെള്ളമാണ് തുറന്ന് വിടുക.
മഴയിൽ കനത്ത നാശനഷ്ടം
മഴയിൽ കനത്ത നാശനഷ്ടമാണ് പലസ്ഥലങ്ങളിലും ഉണ്ടായത്. ആലുവ ശിവക്ഷേത്രം പെരിയാറിൽ വെള്ളം ഉയർന്നതോടെ മുങ്ങി. ക്ഷേത്ര പരിസരത്തെ മണപ്പുറം പൂർണമായും മുങ്ങിപോയി.
കോട്ടയം – കുമരകം – ചേർത്തല പാതയിൽ ബണ്ട് റോഡിൽ ഓടിക്കൊണ്ടിരുന്ന 2 കാറുകൾക്കു മുകളിലേക്കു മരം വീണു, ആളപായം ഇല്ല. ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വൈകിട്ട് 7 മുതൽ രാവിലെ 6 വരെ യാത്ര നിരോധിച്ചിട്ടുണ്ട്. ചപ്പാത്ത്–കട്ടപ്പന റോഡിൽ ആലടി ഭാഗത്ത് പഴയ കൽക്കെട്ട് ഇടിഞ്ഞു റോഡ് അപകടാവസ്ഥയിലായതിനാൽ ഗതാഗതം നിരോധിച്ചു.
ബസിനു മുകളിലേക്കു കടപുഴകി വീണ മരത്തിന്റെ ചില്ലകൾ പതിച്ചു. കൊല്ലത്ത്, സ്കൂൾ വിദ്യാർഥികളുമായി പോകുകയായിരുന്ന ബസിനു മുകളിലാണ് ചില്ലകൾ പതിച്ചത്. കുട്ടികൾക്ക് പരിക്കില്ല. മങ്ങാട് ഗവ. എച്ച് എസ്എസ് വളപ്പിലെ കൂറ്റൻ മരമാണ് കടപുഴകി വീണത്. തെങ്കാശി കുറ്റാലം വെള്ളച്ചാട്ടം, ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു.
ആലപ്പുഴ ജില്ലയിൽ 31 വീടുകൾ ഭാഗികമായി തകർന്നു പോയി. നഗരത്തിൽ മട്ടാഞ്ചേരി പാലത്തിനു സമീപം രാവിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു ദമ്പതികൾക്കു പരിക്കുപറ്റി . സ്കൂട്ടറിൽ വരികയായിരുന്ന ആറാട്ടുവഴി മൈഥിലി ജംക്‌ഷനിൽ ഷിയാദ് മൻസിലിൽ ഉനൈസ് (30), ഭാര്യ അലീന (28) എന്നിവർ മഴയെത്തുടർന്ന് വഴിയോരത്തു നിൽക്കുമ്പോഴാണു മരക്കൊമ്പ് വീണത് പരിക്കേറ്റത് . ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഉനൈസിന്റെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം പാലക്കാട് പാലക്കയം വട്ടപ്പാറ ചെറുപുഴയിൽ ഒഴുക്കിൽപെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ഇന്ന് , കോഴിക്കോട്, കണ്ണൂർ, ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം,ഇടുക്കി, തൃശ്ശൂർ,പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് ആണ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെലോ നൽകിയിട്ടുണ്ട്. എംജെഒ സ്വാധീനത്താൽ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും ന്യൂനമർദങ്ങളും രൂപപ്പെടാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്കോ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കോ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്. ഇടി മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് നാളെ (17-07-2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കന്യാകുമാരി തീരത്ത് 17-07-2024 ന് രാവിലെ 08.30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ജാഗ്രത നിർദേശങ്ങൾ
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.