പാകിസ്ഥാനിലും അഫ്ഗാനിലും മഴ, പ്രളയം; 69 മരണം
അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും പ്രളയവും പേമാരിയും മൂലം 69 പേര്‍ മരിച്ചു. അഫ്ഗാനിസ്ഥാനിൽ മൂന്നു ദിവസമായി മഴ തുടരുകയാണ്. അഫ്ഗാനിസ്ഥാനിൽ 33 പേരും പാകിസ്താനില്‍ 36 പേരുമാണ് മരിച്ചത്. കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ് അഫ്ഗാനില്‍ ഉണ്ടായത്. മലവെള്ളപ്പാച്ചിലില്‍ 27 പേര്‍ക്ക് പരുക്കേറ്റു. പ്രാഥമിക കണക്ക് പ്രകാരം 33 പേര്‍ക്കാണ് ജീവനാഹിയെന്നും 606 വീടുകള്‍ തകര്‍ന്നുവെന്നും താലിബാന്‍ ദുരന്തനിവാരണ മന്ത്രാലയം വക്താവ് ജനാന്‍ സെയ്ഖ് പറഞ്ഞു.
ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായത് ഹെറാത്, ഫറാഹ്, സാബൂള്‍, കാണ്ഡഹാര്‍ പ്രവിശ്യകളിലാണ്. ഇതില്‍ മരിച്ചവരിലേറെയും കാണ്ഡഹാര്‍ പ്രവിശ്യയില്‍ ഉള്ളവരാണ്.
പ്രളയവും മിന്നലും മൂലം പാകിസ്താനില്‍ മരിച്ചത് 36 പേരാണ് . ഇതിലേറെയും കര്‍ഷകരാണ്. 18 പേര്‍ പഞ്ചാബില്‍ വിവിധ ഇടങ്ങളിലായി മിന്നലേറ്റു മരിച്ചു. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൂടുതല്‍ പേര്‍ മരിച്ചത് കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലാണ്. മഴ ഇസ്ലാമാബാദില്‍ കനത്ത നാശനഷ്ടം വരുത്തി. ബലൂചിസ്ഥാനില്‍ ഏഴു പേര്‍ മരിച്ചു. എട്ടുപേര്‍ അഫ്ഗാനിസ്ഥാനോട് അതിര്‍ത്തി പങ്കിടുന്ന ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യയിലും മരിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഡാമുകള്‍ പണിയുമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ശരീഫ് പറഞ്ഞു.
FOLLOW US ON GOOGLE NEWS