ഹോങ്കോങ്ങില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മഴ രേഖപ്പെടുത്തി, ജപ്പാനില്‍ ചൂടും
ജപ്പാനില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയപ്പോള്‍ ഹോങ്കോങ് പ്രളയത്തോട് മല്ലിടുന്നു. 140 വര്‍ഷം മുന്‍പത്തെ ഓഗസ്റ്റില്‍ ഹോങ്കോങ്ങില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ വലിയ മഴയാണ് ലഭിച്ചത്. 350 മില്ലി മീറ്റര്‍ (13.8 ഇഞ്ച്) മഴയാണ് ഹോങ്കോങ്ങില്‍ ലഭിച്ചത്. 1884 ല്‍ ഓഗസ്റ്റിലെ പ്രളയ കാലത്തേക്കാള്‍ വലിയ മഴയാണ് ലഭിച്ചത്. ഹോങ്കോങ്ങില്‍ സ്കൂളുകളും ആശുപത്രികളും കോടതികളും പ്രളയത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു.
തെക്കന്‍ ചൈനയില്‍ കരകയറിയ ചുഴലിക്കാറ്റാണ് മഴക്ക് കാരണം. ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. 1300 പേരടങ്ങുന്ന രക്ഷാസംഘം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
ബ്ലാക് റെയിന്‍സ്റ്റോം വാണിങ്
ഹോങ്കോങ്ങില്‍ കഴിഞ്ഞ എട്ടു ദിവസത്തിനിടെ നാലാം തവണയും ബ്ലാക് റെയിന്‍സ്റ്റോം മുന്നറിയിപ്പ് നല്കി. ഈ വര്‍ഷം നഗരത്തില്‍ ഇത്രയും മഴ മുന്നറിയിപ്പുകള്‍ നല്‍കുന്നത് ആദ്യമാണ്. 9,600 ലധികം ക്ലൗഡ് ടു ഗ്രൗണ്ട് മിന്നലുകള്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചിനും ഉച്ചയ്ക്കു രണ്ടിനും ഇടയില്‍ രേഖപ്പെടുത്തിയെന്ന് ഹോങ്കോങ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഹോങ്കോങ്ങിലെ ഏറ്റവും വലിയ ആശുപത്രിയിലും വെള്ളം കയറി. ക്ലിനിക് അടച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വിമാനത്താവളങ്ങളെയും പ്രളയം ബാധിച്ചു.
ജപ്പാനില്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തി. 41.8 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയതെന്ന് ജപ്പാന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. ചൂട് ഇനിയും കൂടാനാണ് സാധ്യതയെന്നും ജപ്പാന് കാലാവസ്ഥാ ഏജന്‍സി പറഞ്ഞു.
തെക്കന്‍ ജപ്പാനിലെ ഗുന്‍മയിലെ ഇസേസാക്കിയിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. നോര്‍ത്തേണ്‍ കാന്ടോ മേഖലയിലാണ് ഈ പ്രദേശം. കഴിഞ്ഞ ആഴ്ച പടിഞ്ഞാറന്‍ ഹയോഗോ മേഖലയില്‍ 41.2 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.
ജപ്പാനില്‍ 2020 ലും 2018 ലും 41.1 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. 1898 ല്‍ രേഖപ്പെടുത്തിയതിനേക്കാള്‍ വലിയ ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച ടൂറിസ്റ്റ് കേന്ദ്രമായ ക്യോട്ടോയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില രേഖപ്പെടുത്തിയത്. 1880 ല്‍ തുടങ്ങിയ ഒബ്സര്വേറ്ററിയാണിവിടെ ഇപ്പോഴുമുള്ളത്.