നാളെ ശ്രീലങ്കയിലും മറ്റന്നാള്‍ കേരളത്തിലും മഴയെത്തും
ഒരിടവേളക്ക് ശേഷം കേരളത്തില്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ വീണ്ടും മഴ സാധ്യത. വടക്കു കിഴക്കന്‍ മണ്‍സൂണ്‍ (തുലാവര്‍ഷം) വിടവാങ്ങിയ ശേഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ഭേദപ്പെട്ട മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം.
നാളെ മുതല്‍ ശ്രീലങ്കയില്‍
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴക്ക് കാരണം. ഇന്നത്തെ ഉപഗ്രഹ ചിത്രങ്ങളില്‍ ഈ മേഖലയില്‍ സംവഹന മേഘങ്ങളുടെ രൂപീകരണം ദൃശ്യമാണെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു. ശ്രീലങ്കയില്‍ നാളെ മുതല്‍ മഴ ലഭിച്ചു തുടങ്ങും.
തമിഴ്‌നാട്ടിലും മഴ സാധ്യത
കിഴക്കന്‍ കാറ്റ് തമിഴ്‌നാട് തീരത്ത് ശക്തിപ്പെട്ടതോടെ ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട് തീരത്ത് മഴ ലഭിക്കാന്‍ സാധ്യതയേറി. ചെന്നൈ മുതല്‍ കന്യാകുമാരി തീരം വരെയുള്ള മേഖലകളില്‍ മഴ സാധ്യതയുണ്ട്. 13 മുതല്‍ 15 വരെ ഒറ്റപ്പെട്ട മഴ തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും കേരളത്തിലും ലഭിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ വീണ്ടും മഴ സാധ്യതയുണ്ട്.
മാലദ്വീപിലും ലക്ഷദ്വീപിലും മഴ സാധ്യത
കേരളത്തിനൊപ്പം അറബിക്കടലിലും മേഘങ്ങളുടെ സാന്നിധ്യം മൂലം മാലദ്വീപിലും ലക്ഷദ്വീപിലും വരും ദിവസങ്ങളില്‍ മഴ ലഭിക്കും. ആഗോള മഴപാത്തി എന്നറിയപ്പെടുന്ന മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (MJO) അറബിക്കടലിലാണുള്ളത്. ഇതിന്റെ സ്വാധീനം മൂലമാണ് ഇവിടെ മേഘങ്ങള്‍ രൂപംകൊള്ളുന്നത്.
കേരളത്തില്‍ 19 മുതല്‍ മഴ
ശ്രീലങ്കയില്‍ ജനുവരി 18 മുതലും കേരളത്തില്‍ 19 മുതലും ഒറ്റപ്പെട്ട ഇടത്തരം മഴ ലഭിച്ചു തുടങ്ങും. തെക്കന്‍, മധ്യ കേരളത്തിലെ കിഴക്കന്‍ മേഖലകളിലാണ് മഴ സാധ്യതയുള്ളത്. ചക്രവാത ചുഴിയില്‍ നിന്ന് വടക്കോട്ട് കേരളത്തെയും തമിഴ്‌നാടിനെയും സ്വാധീനിക്കും വിധം ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ടത് മഴക്ക് കൂടുതല്‍ അനുകൂല അന്തരീക്ഷസ്ഥിതി ഒരുക്കും.
തമിഴ്‌നാട് തീരത്ത് ശക്തമായ മഴ നാളെ മുതല്‍ പ്രതീക്ഷിക്കാം. തുടര്‍ന്ന് തമിഴ്‌നാടിന്റെ ഉള്‍നാടന്‍ മേഖലയിലേക്കും മഴ വ്യാപിക്കും. കേരളത്തിന്റെ കിഴക്കന്‍ മേഖലയില്‍ 19 മുതലാണ് മഴ എത്താന്‍ സാധ്യതയുള്ളത്. കേരളത്തില്‍ ജനുവരി 20 നായിരിക്കും കൂടുതല്‍ ശക്തമായി മഴ ലഭിക്കുക.
അറബിക്കടലില്‍ ന്യൂനമര്‍ദ സാധ്യത
ജനുവരി 20 ന് തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തോട് ചേര്‍ന്ന് ഒരു സിസ്റ്റം ഉടലെടുക്കുന്നതു കൊണ്ടാണിത്. ഈ ചക്രവാതച്ചുഴി അറബിക്കടലില്‍ വച്ചു തന്നെ ന്യൂനമര്‍ദം ആകാനും സാധ്യതയുണ്ട്. കേരള തീരത്തു നിന്നും അകന്ന ശേഷമാണ് ന്യൂനമര്‍ദം രൂപപ്പെടുക. അതിനാല്‍ കേരളത്തില്‍ ഒന്നു രണ്ടു ദിവസത്തെ മഴ മാത്രം പ്രതീക്ഷിച്ചാല്‍ മതിയാകും. കനത്ത മഴ കടലില്‍ തുടരുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് പുതിയ കാലാവസ്ഥാ അവലോകന റിപ്പോര്‍ട്ടിനായി കാത്തിരിക്കുക.