കാനഡയില്‍ മഴ നികുതി വരുന്നു, കടുത്ത പ്രതിഷേധവുമായി ജനങ്ങള്‍
കാനഡയിലെ ടൊറന്റോയില്‍ മഴ നികുതി (Rain Tax) ഏര്‍പ്പെടുത്താനുള്ള തീരുമാനം വിവാദമാകുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കടുത്ത പ്രതിഷേധം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. മഴവെള്ളം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് പുതിയ നികുതി ഏര്‍പ്പെടുത്തുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
പുതിയ സാമ്പത്തിക വര്‍ഷമായ ഏപ്രില്‍ മുതല്‍ നികുതി പിരിവ് നടപ്പാക്കാനാണ് നീക്കം. ഇക്കാര്യം ടൊറോന്റോ മുനിസിപ്പല്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുകയും ചെയ്തു. ഇതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നു.
‘സ്റ്റോംവാട്ടര്‍ ചാര്‍ജ് ആന്‍ഡ് വാട്ടര്‍ സര്‍വീസ് ചാര്‍ജ് കണ്‍സള്‍ട്ടേഷന്‍’
മഴവെള്ളം കൈകാര്യം ചെയ്യാനാണ് ‘മഴ നികുതി’ എന്ന് വിളിക്കപ്പെടുന്ന ‘സ്റ്റോംവാട്ടര്‍ ചാര്‍ജ് ആന്‍ഡ് വാട്ടര്‍ സര്‍വീസ് ചാര്‍ജ് കണ്‍സല്‍റ്റേഷന്‍’ പദ്ധതി ആരംഭിക്കുന്നത്. ഇതിലൂടെ സ്റ്റോംവാട്ടര്‍ ചാര്‍ജ്, സ്റ്റോംവാട്ടര്‍ ചാര്‍ജ് ക്രെഡിറ്റ്, വാട്ടര്‍ സര്‍വീസ് ചാര്‍ജ് എന്നിവ നടപ്പാക്കും. എല്ലാ പ്രോപ്പര്‍ട്ടി ക്ലാസുകളിലും ‘സ്റ്റോം വാട്ടര്‍ ചാര്‍ജ്’ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
കൂടാതെ, അഡ്മിനിസ്‌ട്രേറ്റീവ് വാട്ടര്‍ ചാര്‍ജുകള്‍ക്കൊപ്പം വലിയ പ്രോപ്പര്‍ട്ടികള്‍ക്കായി സ്റ്റോംവാട്ടര്‍ ചാര്‍ജ് ക്രെഡിറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതി തുടങ്ങാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. മഴയും ഉരുകിയ മഞ്ഞും മൂലമുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനാണ് സ്റ്റോംവാട്ടര്‍ ചാര്‍ജ് ലക്ഷ്യമിടുന്നത്. മഴവെള്ളവും മഞ്ഞുരുകിയ വെള്ളവും ഭൂമയിലേക്കു താഴാത്തപ്പോള്‍ നഗരത്തിലെ മലിനജല സംവിധാനത്തിന് ഭീഷണിയാകും.
ഇതിലൂടെ വെള്ളപ്പൊക്കവും ജല ഗുണനിലവാര പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. വളരെയധികം മഴവെള്ളം ഒഴുകുന്നത് നഗരത്തിലെ മലിനജല സംവിധാനത്തിന് ദോഷകരമായി മാറുന്നുണ്ട്, ഇത് വെള്ളപ്പൊക്കത്തിന് ഇടയാക്കുകയും ടൊറന്റോയിലെ നദികളിലെയും അരുവികളിലെയും ഒന്റാറിയോ തടാകത്തിലെയും ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റ് അറിയിച്ചു.
ടൊറന്റോയിലെ നിവാസികള്‍ ഇതിനകം തന്നെ അവരുടെ യൂട്ടിലിറ്റി ബില്ലുകളുടെ ഭാഗമായി ജലനിരക്ക് അടയ്ക്കുന്നുണ്ട്. ഇതില്‍ മഴവെള്ള പരിപാലന ചെലവുകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. പുതിയ നികുതിയിലൂടെ മലിനജല സംവിധാനത്തിലേക്കുള്ള മഴവെള്ള ഒഴുക്കിനെ അടിസ്ഥാനമാക്കി, പ്രോപ്പര്‍ട്ടികള്‍ക്ക് പ്രത്യേകമായി സ്‌റ്റോംവാട്ടര്‍ ചാര്‍ജ് ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
മേല്‍ക്കൂരകള്‍, അസ്ഫാല്‍റ്റ് ഡ്രൈവ്‌വേകള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍, കോണ്‍ക്രീറ്റ് ലാന്‍ഡ്‌സ്‌കേപ്പിങ് എന്നിവയുള്‍പ്പെടെ പ്രോപ്പര്‍ട്ടിയുടെ പ്രതലത്തിന്റെ അളവ് അനുസരിച്ചാണ് മഴവെള്ളം ഒഴുക്ക് എത്രത്തോളം ആയിരിക്കുമെന്ന് അളക്കുന്നത്. ഇതിനുസരിച്ച് നികുതി ഏര്‍പ്പെടുത്തും
‘മഴ നികുതി’ക്കെതിരേ ശക്തമായ പ്രതിഷേധം
‘മഴ നികുതി’ പദ്ധതിക്കെതിരേ ടൊറന്റോ നിവാസികള്‍ ഓണ്‍ലൈനില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.’ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ മഴയുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനാണ് അഴുക്കുചാലുകള്‍ നിര്‍മിച്ചിരിക്കുന്നത്. കാര്‍ബണ്‍ ടാക്‌സില്‍ ജി.എസ്.ടി ചുമത്തുന്നത് പോലെയുള്ള ഭ്രാന്താണ് മഴയ്ക്ക് നികുതി ഏര്‍പ്പെടുത്തുന്നതെന്നാണ് ഒരാള്‍ പ്രതികരിച്ചത്. വികസിത രാജ്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന് വിക്‌സ്വര രാഷ്ട്രങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നേരത്തെ കാലാവസ്ഥാ ഉച്ചകോടിയില്‍ തീരുമാനമാരുന്നു. ഈ തുക വിവിധ വികസിത രാജ്യങ്ങള്‍ ജനങ്ങളില്‍ നിന്ന് കാര്‍ബണ്‍ നികുതിയായി പിരിക്കുകയാണ്. ഇതിനിടെയാണ് മഴ നികുതിയും.
കാനഡയിലെ ഭവന പ്രതിസന്ധി കൂടുകയാണ്. വീടിനു വില കൂടിയിട്ടുണ്ട്. വാടകയും ഇതിനിടെ മഴ നികുതി ഏര്‍പ്പെടുത്തുന്നതിനെ എക്‌സില്‍ ഉപഭോക്താവ് വിമര്‍ശിച്ചു. ‘ആളുകള്‍ക്ക് താമസിക്കാന്‍ തന്നെ ഒരു വീട് കണ്ടെത്താന്‍ കഴിയുന്നില്ല, ഇതിനിടെയാണ് മഴ നികുതി ഏര്‍പ്പെടുത്തുന്നത്’ എന്നായിരുന്നു വിമര്‍ശനം.