യുഎഇയിൽ ശനിയാഴ്ച ഉച്ചയോടെ ആലിപ്പഴ വർഷത്തോടു കൂടിയ കനത്ത മഴ പെയ്തു. ഫുജൈറ, റാസൽഖൈമ, അൽ ഐൻ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഫുജൈറയിലെ വാദി മയദാഖിൽ കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായി. രാജ്യത്തിന്റെ ചില കിഴക്കൻ ഭാഗങ്ങളിൽ രാത്രി വരെ മേഘാവൃതമായ കാലാവസ്ഥയും സംവഹന മേഘങ്ങളും അനുഭവപ്പെട്ടു.
ഇതേ തുടർന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.
മഴയും ആലിപ്പഴ വർഷവും ചൊവ്വാഴ്ച വരെ തുടരും
യുഎഇയിൽ മഴ ചൊവ്വാഴ്ച വരെ തുടരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച വരെ ഭാഗികമായി മേഘാവൃതമായ ആകാശവും ഉച്ചയോടെ മഴ പെയ്യാനുള്ള സാധ്യതയും കിഴക്കോട്ട് ചില സംവഹന മേഘങ്ങൾ രൂപപ്പെടാൻ ഉള്ള സാധ്യതയുമുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത
മഴ തുടരുന്ന സാഹചര്യത്തിൽ താഴ്‌വരകൾ പോലുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കാൻ വാഹനമോടിക്കുന്നവർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകുന്ന സുരക്ഷാ മുന്നറിയിപ്പുകളും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്.