വടകര മണിയൂർ കുറുന്തോടിയിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷയ്ക്ക് മുകളിൽ തേക്ക് മരം വീണു. മരം ഇലക്ട്രിക് പോസ്റ്റിൽ തട്ടിനിന്നത് കൊണ്ട് ഓട്ടോറിക്ഷയിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാട്ടുകാരും കെ എസ് ഇ ബി ജീവനക്കാരും ചേർന്ന് മരം മുറിച്ചു മാറ്റി. വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കിൽ സി എസ് ഐ പള്ളി തകർന്നുവീണു. ഇന്ന് രാവിലെ ആറരയോടെയാണ് പള്ളി തകർന്ന് വീണത്. ഏകദേശം 135 വർഷത്തോളം പഴക്കമുള്ള പള്ളിയാണിത്. പള്ളിയുടെ ചുറ്റുപാടും വെള്ളം നിറഞ്ഞു നിൽക്കുകയാണ്. പമ്പ മണിമല നദികളിൽ നിന്നുള്ള വെള്ളമാണ് ഇവിടെ എത്തുന്നത്.
കൃഷി വകുപ്പും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
സംസ്ഥാനത്ത് കനത്ത മഴ നാശം വിതയ്ക്കുന്ന സാഹചര്യത്തില്‍ കൃഷി വകുപ്പും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പ്രകൃതി ക്ഷോഭം നേരിടുക എന്ന ലക്ഷ്യത്തോടെയാണ് 14 ജില്ലകളിലും കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി
കാലവർഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടി, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. സ്കൂളുകൾ, മദ്രസകൾ എന്നിവയടക്കമുള്ള വിദ്യാഭ്യസ സ്ഥാപനങ്ങൾക്കാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു. സർവകലാശാല, പി.എസ്.സി. പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് കണ്ണൂർ ജില്ലാ കളക്ടറും വ്യക്തമാക്കി.
കന്റോൺമെന്റ് ഹൗസിനു മുകളിൽ മരം വീണു
കനത്ത മഴയിൽ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിനു മുകളിൽ മരം വീണു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ചു മാറ്റാനുള്ള ശ്രമം തുടരുന്നു.വൈകുന്നേരം അഞ്ചുമണിയോടെയാണ് മരം വീണത്.
പ്രവേശനം നിരോധിച്ചു
റിസർവോയറിൽ ജലനിരപ്പ് ഉയരുന്നതിനാൽ കരിയാത്തുംപാറ ഡെസ്റ്റിനേഷനിൽ ഇനി ഒരു അറിയിപ്പ് ഉണ്ടായിരിക്കുന്നതു വരെ പ്രവേശനം നിരോധിച്ചതായി കുറ്റ്യാടി ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.
പാലക്കാട് നിരവധി വീടുകൾ തകർന്നു
കനത്ത മഴ തുടരുന്നതിനിടെ പാലക്കാട് ജില്ലയിൽ നിരവധി വീടുകൾക്ക് നാശനഷ്ടം. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 വീടുകൾ ഭാഗികമായും ചിറ്റൂർ താലൂക്കിൽ ഒരു വീടിന് പൂർണമായും നാശനഷ്ടം സംഭവിച്ചതായി അധികൃതർ അറിയിച്ചു.