സൗദി ഉള്‍പ്പെടെ ഗള്‍ഫില്‍ ഇടിയോടെ മഴ വരുന്നു
സൗദി അറേബ്യയില്‍ ഈ മാസം അവസാനത്തോടെ വീണ്ടും മഴക്ക് സാധ്യത. അറബിക്കടലിന് മുകളില്‍ ഒമാന് സമീപം രൂപപ്പെടുന്ന അതിമര്‍ദവും പടിഞ്ഞാറന്‍ സൗദിക്ക് മുകളില്‍ എത്തുന്ന ഈര്‍പ്പവുമാണ് ഇടിയോടെ മഴക്ക് കാരണമാകുക. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് പടിഞ്ഞാറന്‍, മധ്യ മേഖലകളില്‍ ഇടിയോടെ മഴ ലഭിക്കും.
സൗദി അറേബ്യയിലേക്ക് വടക്കന്‍ മേഖലയില്‍ നിന്ന് ഈര്‍പ്പമുള്ള തണുത്ത കാറ്റ് പ്രവഹിക്കും. ഇത് ഉഷ്ണക്കാറ്റുമായി കൂടിച്ചേര്‍ന്ന് ശക്തമായ ഇടിമിന്നലുണ്ടാകും. ഇറാഖ് ഉള്‍പ്പെടെയുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ഇതൊടൊപ്പം മഴ പ്രതീക്ഷിക്കുന്നുണ്ട്. ഖത്തറിലും കുവൈത്തിലും ബഹ്‌റൈനിലും മഴ സാധ്യത നിലനില്‍ക്കുന്നു.
സൗദിയില്‍ റിയാദ്, ജിദ്ദ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഇത്തവണ മഴ ദുര്‍ബലമായിരുന്നു. മഴ പ്രതീക്ഷിച്ച മാസം (മഴക്കാലം) സീസണിലും അറേബ്യന്‍ ഉപദ്വീപിന്റെ എല്ലാ ഭാഗങ്ങളിലും മഴ കുറവായിരുന്നു. അന്തരീക്ഷത്തിലെ ഉയര്‍ന്ന പാളികളിലെ അതിമര്‍ദമാണ് മഴ കുറയാന്‍ കാരണമായത്. ചെങ്കടലിലെ വായുപ്രവാഹത്തെ തടഞ്ഞതിനാല്‍ ഇത്തവണ മേഘരൂപീകരണം കുറഞ്ഞതും മഴ ദുര്‍ബലമാക്കി.
ഈ റിപ്പോര്‍ട്ട് തയാറാക്കുമ്പോഴും മഴ സാധ്യതക്ക് അനുകൂലമായ അന്തരീക്ഷസ്ഥിതി ഉരുത്തിരിഞ്ഞിട്ടില്ല. എന്നാല്‍ മഴ ലഭിക്കുമെന്നാണ് ഗണിതശാസ്ത്ര കാലാവസ്ഥാ പ്രവചന മാതൃകകള്‍ പറയുന്നത്. കാലാവസ്ഥാ മോഡലുകളില്‍ അറേബ്യന്‍ ഉപദ്വീപിന്റെ ഭാഗത്ത് അടുത്ത ആഴ്ചകളില്‍ നേരിട്ടുള്ള മഴക്കുള്ള സ്വാധീനം ദൃശ്യമാണ്.