ഖത്തര്‍ എയര്വേയ്സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ദോഹയിൽ നിന്ന് ഇൻഡോനേഷ്യയിലെ ഡെന്‍പസറിലേക്ക് പുറപ്പെട്ട ക്യു.ആര്‍ 960 വിമാനം ബാങ്കോങ്കില്‍ അടിയന്തിരമായി നിലത്തിറക്കി. യാത്രാ മദ്ധ്യേ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് ചില യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും വിമാനം സുരക്ഷിതമായി ബാങ്കോക്കില്‍ ഇറക്കി ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കുകയുമായിരുന്നു എന്ന് ഖത്തര്‍ എയര്‍വേയ്‍സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്ന മുറയ്ക്ക് അറിയിക്കുമെന്നും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഭക്ഷണവും താമസ സൗകര്യവും ഖത്തര്‍ എയര്‍വേയ്‍സ് ഒരുക്കിയിട്ടുണ്ടെന്നും വ്യാഴാഴ്ച ഇവരെ ഡെന്‍പസറിലേക്ക് കൊണ്ട് പോകുമെന്നും കമ്പനി അറിയിച്ചു.
എന്താണ് ആകാശ ചുഴി
അന്തരീക്ഷ വായുവിൻറെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ആകാശച്ചുഴി (എയർപോക്കറ്റ് അല്ലെങ്കിൽ എയർഗട്ടർ) അഥവാ ക്ലിയർ എയർ ടർബുലൻസ് (Clear-air turbulence). നേർരേഖയിൽ പോകേണ്ട കാറ്റിന്റെ ഗതി പെട്ടെന്ന് താഴേക്കാകുന്നു, ഈ അവസ്ഥയിൽ വിമാനങ്ങളുടെ ഗതിയും നിയന്ത്രണവും നഷ്ടമാകാൻ സാധ്യതയുണ്ട്.
ഭാരവും വേഗവും ഊഷ്മാവും കൂടിയ വായു പിണ്ഡങ്ങളും ഭാരവും വേഗവും ഊഷ്മാവും കുറഞ്ഞ വായു പിണ്ഡങ്ങളും കൂടിച്ചേരുന്ന അന്തരീക്ഷ മേഖലകളിലാണ് ആകാശ ഗർത്തങ്ങൾ അഥവാ ആകാശച്ചുഴികൾ രൂപപ്പെടുന്നത്. സാധാരണയായി 20000 മുതൽ 40000 അടി ഉയരത്തിലാണ് ഈ പ്രതിഭാസമുണ്ടാകുന്നത്.