മഴക്കാല രോഗങ്ങളെ നേരിടാനുള്ള മുൻകരുതലുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

കടുത്ത ചൂടിന് ഒരു ആശ്വാസമായിരുന്നു വേനൽ മഴ. വേനൽ മഴയുടെ ഘട്ടം കഴിഞ്ഞു കൊണ്ടിരിക്കുമ്പോൾ കാലവർഷത്തിനുള്ള മുന്നൊരുക്കങ്ങൾക്കുള്ള സമയമായി. മഴക്കാലവും മഴക്കാല രോഗങ്ങളെയും നേരിടണം. പ്രത്യേകിച്ച് കൊച്ചി പോലുള്ള നഗരങ്ങളിൽ. നഗരങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യവും മഴയെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ടും കൊതുക് പെരുക്കുന്നതിന് കാരണമാകും. മഴക്കാല രോഗങ്ങളെ കുറിച്ച് മുൻകരുതലുകളെ കുറിച്ചും കൊച്ചി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷാഹിർ ഷായും, ഐഎംഎ കൊച്ചിൻ പ്രസിഡന്റ് ശ്രീനിവാസ കമ്മത്തും വിശദീകരിക്കുന്നു.

മഴക്കാല രോഗങ്ങൾ മൂന്നുതരം

1. വെള്ളത്തിൽ കൂടിയും ആഹാരം വഴിയും പകരുന്ന രോഗങ്ങൾ (ജലജന്യ രോഗങ്ങൾ-ഛർദി, ഡയേറിയ, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയവ)
2. പനി, ജലദോഷം മുതലായവ
3. ജീവികൾ മുഖേന പടരുന്ന രോഗങ്ങൾ (എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ)

മുൻകരുതലുകൾ

1.തിളപ്പിച്ചാറിയ വൃത്തിയുള്ള വെള്ളം മാത്രം കുടിക്കാനും ആഹാരം പാകം ചെയ്യാനും ഉപയോഗിക്കുക.
2. മലിനജലവുമായി സമ്പർക്കം ഒഴിവാക്കുക.
3. മുറിവുകളിൽ മലിനജലം കയറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
4. വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കുക. കൊതുക് പെരുകാനുള്ള സാഹചര്യം ഒഴിവാക്കുക.
5. വൃക്കരോഗങ്ങൾ, കാൻസർ തുടങ്ങി അസുഖങ്ങളുള്ളവരും ബൈപ്പാസ് സർജറി കഴിഞ്ഞവരും കൂടുതൽ ജാഗ്രത പുലർത്തണം.
6. വീട്ടിൽ തയ്യാറാക്കിയ പാനീയങ്ങൾ ധാരാളം കുടിക്കുക (ജ്യൂസുകൾ, സംഭാരം, നാരങ്ങാ വെള്ളം മുതലായവ)
7. തണുപ്പിച്ച ഭക്ഷണം ഒഴിവാക്കുക
8.ശുദ്ധജല സ്രോതസ്സുകൾ മഴക്കാലത്തിനു മുൻപ്‌ ബ്ലീച്ചിങ്ങ് പൗഡറോ, ക്ലോറിനോ ഉപയോഗിച്ച് വൃത്തിയാക്കുക.

വേണം, ജാഗ്രത

മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതിനാൽ ഉപരിതല ജല സ്രോതസ്സുകൾ മലിനമാകുന്നതിനും ഇതുവഴി മഴക്കാല രോഗങ്ങൾ പടരാനുമുള്ള സാധ്യത വളരെ കൂടുതലാണ്. നഗരത്തിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതിനാൽ ഇതിനു സമീപമുള്ള ജല സ്രോതസ്സുകളിൽനിന്ന് വെള്ളം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം. നഗരത്തിലെ ഓടകളിലും മറ്റും എലികളുടെ സാന്നിധ്യം കൂടുതലുള്ളതിനാലും മഴയെ തുടർന്ന് വെള്ളപ്പൊക്കം ഉണ്ടാകുന്നതിനാലും അതീവ ജാഗ്രത പുലർത്തണം. എലികളുടെ മൂത്രവും വിസർജ്യവും വെള്ളത്തിൽ കലർന്ന് മലിനമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് മുറിവുകളിലൂടെയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും മറ്റും മനുഷ്യ ശരീരത്തിൽ എത്തിയാൽ എലിപ്പനിക്ക്‌ കാരണമാകും

കടപ്പാട് :ഡോ. ഷാഹിർ ഷാ,

ജനറൽ ആശുപത്രി സൂപ്രണ്ട്.

Leave a Comment