ആറ്റുകാൽ പൊങ്കാല: സൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കണം, അവശ്യഘട്ടങ്ങളിൽ 101ൽ വിളിക്കാം

ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങളൊരുക്കി അഗ്നിരക്ഷാ വകുപ്പ്.സുരക്ഷിതവും അപകടരഹിതവുമായ പൊങ്കാല ഉറപ്പാക്കുന്നതിന് ഭക്തജനങ്ങൾക്കും വ്യവസായ-വ്യാപാര സ്ഥാപനങ്ങൾക്കുമായി മുൻകരുതൽ നിർദേശങ്ങൾ അഗ്നിരക്ഷാവകുപ്പ് പുറത്തിറക്കി.

പൊങ്കാലസമയത്ത്, പ്രദേശങ്ങളിലെ പെട്രോൾ പമ്പുകളിലും ഗ്യാസ് ഗോഡൗണുകളിലും പ്രവർത്തനം നിർത്തിവക്കണമെന്നാണ് നിർദേശം. വ്യാപാര സ്ഥാപനങ്ങൾക്ക് സമീപം പൊങ്കാല അടുപ്പ് ഉണ്ടാകുമെന്നതിനാൽ തീ പടർന്നു പിടിക്കാൻ സാധ്യതയുള്ള ഇന്ധനങ്ങൾ, തടികൾ, ഗ്യാസ് സിലിണ്ടറുകൾ, ചാർക്കോൽ ഗ്രീൽ, പോപ്‌കോൺ മെഷീനുകൾ എന്നിവ സുരക്ഷിത അകലത്തിലേക്ക് മാറ്റണം.

ജനറേറ്ററുകൾ പ്രവർത്തിക്കുമ്പോൾ ഇന്ധനങ്ങൾ മാറ്റി സൂക്ഷിക്കണമെന്നും ജനറേറ്റർ സംവിധാനം പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ഇലക്ട്രിക് വയറുകൾ, എക്‌സറ്റൻഷൻ കേബിളുകൾ എന്നിവയിൽ ലൂസ് കോൺടാക്ട്, ഇൻസുലേഷൻ കവറിംഗ് വിട്ടു പോയവ, മുറിഞ്ഞു മാറിയവ എന്നിവ ശരിയാക്കണമെന്നും നിർദേശമുണ്ട്. പൊങ്കാല അടുപ്പുകൾക്ക് സമീപം ഹൈഡ്രജൻ ബലൂണുകളുടെ വിൽപ്പന കർശനമായി ഒഴിവാക്കണം.

ആറ്റുകാൽ ദേവിക്ഷേത്രം, തമ്പാനൂർ, കിള്ളിപ്പാലം, അട്ടക്കുളങ്ങര, സിറ്റി ഔട്ടർ ഭാഗങ്ങൾ എന്നിങ്ങനെ ഉത്സവമേഖലയെ അഞ്ച് സോണുകളാക്കി തിരിച്ചാണ് പ്രവർത്തനം. തിരുവനന്തപുരം റീജണൽ ഫയർ ഓഫീസർക്ക് കീഴിൽ മൂന്ന് ജില്ലാ ഫയർ ഓഫീസർമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

12 മൊബൈൽ ടാങ്ക് യൂണിറ്റുകൾ , ആറ് മിനി മൊബൈൽ ടാങ്ക് യൂണിറ്റുകൾ, 14 എഫ്ആർവികൾ, മൂന്ന് ഫോം ടെൻഡറുകൾ, എട്ട് ബുള്ളറ്റ് വിത്ത് വാട്ടർ മിസ്റ്റ് പെട്രോളിങ് ടീം, ആറ് ആംബുലൻസുകൾ എന്നിവ ഉത്സവ മേഖലകളിൽ ഉണ്ടാകും. വനിതകളുൾപ്പെടെ 130 സിവിൽ ഡിഫൻസ് വൊളണ്ടിയർമാരും ഹോം ഗാർഡ് ഉൾപ്പെടെ 300 പേരടങ്ങളുന്ന അഗ്നിശമനസേനാംഗങ്ങളേയും സേവനത്തിനായി വിന്യസിക്കും.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment