Philippines lifts tsunami alert 03/12/23 : ഫിലിപ്പൈന്‍സില്‍ 500 തുടര്‍ ചലനങ്ങള്‍ ; സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു
ഫിലിപ്പൈന്‍സില്‍ ഇന്നലെ രാത്രിയോടെ ഉണ്ടായ ശക്തമായ ഭൂചലനത്തിനു പിന്നാലെ പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തെക്കന്‍ ഫിലിപ്പൈന്‍സിലെ മിന്‍ഡാനാവോ മേഖലയിലാണ് ഇന്നലെ റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 500 ലേറെ തുടര്‍ ചലനങ്ങളുണ്ടായെന്ന് ഫിലിപ്പൈന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കാനോളജി ആന്റ് സീസ്‌മോളജി അറിയിച്ചു.
തുടര്‍ന്ന് ഫിലിപ്പൈന്‍സ്, മലേഷ്യ, ജപ്പാന്‍ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. യു.എസ് സുനാമി വാണിങ് സെന്ററും ഫിലിപ്പൈന്‍സ് കാലാവസ്ഥാ വകുപ്പുമാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് ജപ്പാന്‍ കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പുമായി രംഗത്തെത്തി. ജപ്പാന്‍ തീരത്ത് ഒരു മീറ്റര്‍ വരെ രാത്രിയോടെ കടല്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ജലനിരപ്പ് മൂന്നു മീറ്റര്‍ വരെ ഉയരുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ രാത്രിയോടെ സുനാമി അലര്‍ട്ടില്‍ വിവിധ പ്രദേശങ്ങളില്‍ ഇളവ് അനുവദിച്ചു.
ഭൂചലനത്തെ തുടര്‍ന്ന് ആളപായമോ നാശനഷ്ടങ്ങളോ സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്ല. ചിലയിടങ്ങളില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകളുണ്ടായി. പുരാതന നിര്‍മിതികളും തകര്‍ന്നു. സുനാമി അലര്‍ട്ട് പിന്‍വലിച്ചതായി ഫിലിപ്പൈന്‍സ് അധികൃതരും പറഞ്ഞു. ഫിലിപ്പൈന്‍സ് തീര സംരക്ഷണ സേനയും കപ്പലുകള്‍ക്കും മറ്റും ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.
സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ജനങ്ങളെ തീരദേശത്തു നിന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഇവരെ പുലര്‍ച്ചെയോടെ വീടുകളിലേക്ക് തിരിച്ചയച്ചു. തങ്ങള്‍ പുലര്‍ച്ചെ വീട്ടിലെത്തിയെന്നും തുടര്‍ചലനങ്ങളുണ്ടായെന്നും 51 കാരനായ ജൂലിറ്റ ബിക്കാപ് പറഞ്ഞു. പുലര്‍ച്ചെ 5 മണിയോടെ വൈദ്യുതി വിതരണവും പുനഃസ്ഥാപിച്ചു.