17 നദികളിൽ നിന്നും മണൽവാരൽ പുനരാരംഭിക്കുന്നതിന് അനുമതി: അടിഞ്ഞുകൂടിയത് മഹാപ്രളയത്തിനുശേഷം
കേരളത്തിലെ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളിൽ വാരിയെടുക്കാവുന്ന രീതിയിൽ വൻതോതിൽ മണൽ. മഹാപ്രളയത്തിനുശേഷം അടിഞ്ഞുകൂടിയതാണ് ഇത്. പ്രളയ സാധ്യത ഒഴിവാക്കാൻ റവന്യു വകുപ്പ് നടത്തിയ സാൻഡ് ഓഡിറ്റിംഗിലാണിത് ഇത് കണ്ടെത്തിയത്. ഈ നദികളിലുള്ളത് 464.47 ലക്ഷം ക്യുബിക് മീറ്റർ മണലാണ്. ഇതിൽ 141.25 ലക്ഷം ക്യുബിക് മീറ്ററും ഖനനം ചെയ്യാൻ പറ്റും.
ഏറ്റവുമധികം മണൽ ഉള്ളത് ഭാരതപ്പുഴയിലാണ്. 211.11 ലക്ഷം ക്യുബിക് മീറ്റർ മണൽ ഭാരതപ്പുഴയിൽ മാത്രം ഉണ്ട്. ഇതിൽ 99.09 ലക്ഷം ക്യുബിക് മീറ്റർ മണൽ ഖനനം ചെയ്യാൻ സാധിക്കും. രണ്ടാം സ്ഥാനത്തുള്ളത് 225 കി.മീറ്റർ നീളമുള്ള പെരിയാറാണ്. 75.86 ലക്ഷം ക്യുബിക് മീറ്റർ മണലാണ് പെരിയാറിൽ ഉള്ളത്. 9.78ലക്ഷം ക്യുബിക് മീറ്റർ വരെ പെരിയാറിൽ നിന്നും വാരിയെടുക്കാം.
ഓഡിറ്റ് നടന്നത് 36 നദികളിലായിരുന്നു. അഞ്ച് പോഷകനദികൾ ഉൾപ്പെടെ 33 എണ്ണത്തിലെ ഓഡിറ്റ് സർക്കാർ അംഗീകരിച്ചിട്ടുണ്ട്. നെയ്യാറും കരമനയാറുമടക്കം 16 നദികളിൽ മണൽ ലഭ്യത ഒട്ടും തന്നെ ഇല്ല. ഇവിടങ്ങളിൽ മണൽവാരൽ നിരോധനം തുടരുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. സി.എസ്.ഐ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ (എൻ.ഐ.ഐ.എസ്.ടി) റിപ്പോർട്ട് പ്രകാരം എട്ട് ജില്ലകളിൽ ഖനനസാദ്ധ്യതയുള്ള സൈറ്റുകൾ കണ്ടെത്തിയിട്ടുണ്ട്.
5 ജില്ലകളിൽ ഖനനാനുമതി നൽകി
കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഖനനാനുമതി ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കടലുണ്ടി, ചാലിയാർ നദികളിൽ മണൽ വാരൽ ഉടൻ തുടങ്ങിയേക്കും. മണൽ വാരിയാൽ പ്രതീക്ഷിക്കുന്ന വരുമാനം 200 കോടിയാണ്.
മണൽ വാരാൻ പറ്റുന്ന നദികളും അതിന്റെ അളവും (ക്രമത്തിൽ, അളവ് ലക്ഷം ക്യുബിക് മീറ്ററിൽ)
കുളത്തൂപ്പുഴയാർ – 2.39, 0.59
അച്ചൻകോവിൽ – 9.42, 0.30
പമ്പ – 54.29, 6.86
മണിമല – 6.22, 4.42
മൂവാറ്റുപുഴയാർ – 76.64, 1.75
പെരിയാർ – 75.86, 9.78
ഭാരതപ്പുഴ – 211.11, 99.01
ചാലിയാർ – 8.95, 5.40
കടലുണ്ടി – 4.16, 1.33
പെരുവമ്പ – 0.70, 0.096
മാഹി – 288.45, 288.45
വളപട്ടണം – 12.28, 0.60
ശ്രീകണ്ഠാപുരം – 3.36, 0.90
ഉപ്പള – 7.82, 0.97
ഷിരിയ-എൽക്കാന -38.85, 7.96
ചന്ദ്രഗിരി -1.17, 0.20
കടപ്പാട് : കേരള കൗമുദി