രാജ്യം കടലെടുക്കും, പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രത്തെ ജനങ്ങള്‍ ആസ്‌ത്രേലിയയിലേക്ക് കുടിയേറുന്നു
കാലാവസ്ഥാ വ്യതിയാനം മൂലം ദ്വീപ് കടലെടുക്കുമെന്ന പ്രവചനത്തെ തുടര്‍ന്ന് പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രത്തെ ജനങ്ങള്‍ കൂട്ടത്തോടെ ആസ്‌ത്രേലിയയിലേക്ക് കുടിയേറുന്നു. തുവാളു എന്ന രാജ്യത്തെ അഞ്ചില്‍ നാലു പേരും ആസ്‌ത്രേലിയയിലേക്ക് കുടിയേറാന്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ആ രാജ്യത്തെ 80 ശതമാനം പേരും ദ്വീപ് കടലെടുക്കും മുന്‍പ് രാജ്യംവിടാന്‍ തയാറായിക്കഴിഞ്ഞു.
ആസ്‌ത്രേലിയ ഒരുക്കിയ ക്ലൈമറ്റ് മൈഗ്രേഷന്‍ വിസ പ്രകാരമാണ് തുവാളുവിനെ ജനങ്ങള്‍ കാലാവസ്ഥാ കുടിയേറ്റം നടത്തുന്നത്. 2022 ലെ സെന്‍സസ് കണക്ക് അനുസരിച്ച് 10,643 പേരാണ് ഈ ദ്വീപ് രാഷ്ട്രത്തില്‍ താമസിക്കുന്നത്. ഇതില്‍ 8,750 പേരും ആസ്‌ത്രേലിയയിലേക്ക് ചേക്കേറാന്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ആസ്‌ത്രേലിയന്‍ ഹൈക്കമ്മിഷന്‍ പറഞ്ഞു.
ഈ വര്‍ഷം 280 വിസകളാണ് ക്ലൈമറ്റ് മൈഗ്രേഷന്‍ വിഭാഗത്തില്‍ അനുവദിച്ചിരിക്കുന്നത്. അതിനാല്‍ ഈ വര്‍ഷത്തെ അപേക്ഷകര്‍ നിരാശരാണ്. മൈഗ്രേഷന്‍ വിസ പ്രകാരം തുവാളുവിലെ ആളുകള്‍ക്ക് ആസ്‌ത്രേലിയയില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും കഴിയും.
പവിഴപ്പുറ്റുകള്‍ നിറഞ്ഞ ഒന്‍പതു ദ്വീപുകള്‍ ചേര്‍ന്ന സമൂഹമാണ് തുവാളു. 80 വര്‍ഷത്തിനകം ഈ ദ്വീപില്‍ ജനങ്ങള്‍ക്ക് താമസിക്കാന്‍ കഴിയില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതില്‍ രണ്ടു ദ്വീപുകള്‍ ഇതിനകം തന്നെ നശിപ്പിക്കപ്പെട്ടു. 2024 ലാണ് ഫലേപ്പിലി യൂനിയന്‍ കരാര്‍ പ്രകാരം മൈഗ്രേഷന്‍ വിസ ഉടമ്പടിയില്‍ ഒപ്പുവച്ചത്.

ലോകത്ത് തന്നെ കാലാവസ്ഥാ വ്യതിയാന വിസ ആദ്യമായി പ്രഖ്യാപിച്ച് നടപ്പാക്കുന്നത് ആസ്‌ത്രേലിയയാണ്. ‘കാലാവസ്ഥാ വ്യതിയാനം മൂലം പസഫിക് സമുദ്രത്തിലെ കാലാവസ്ഥാ ദുര്‍ബല രാജ്യങ്ങളുടെയും ജനങ്ങളുടെയും, അവരുടെ സുരക്ഷയെയും ഉപജീവന മാര്‍ഗത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ആസ്‌ത്രേലിയ തിരിച്ചറിയുന്നു എന്നാണ് കഴിഞ്ഞ ജൂലൈയില്‍ ആസ്‌ത്രേലിയന്‍ വിദേശകാര്യ മന്ത്രാലയം എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്.
1500 രൂപ (25 ആസ്‌ത്രേലിയന്‍ ഡോളര്‍) നല്‍കിയാല്‍ 18 വയസ് കഴിഞ്ഞ തുവാളു പൗരന്‍മാര്‍ക്ക് ആസ്‌ത്രേലിയയില്‍ വിസയ്ക്ക് അപേക്ഷിക്കാം.
English Summary: Learn about the struggles of a Pacific island nation as its citizens seek refuge in Australia due to environmental changes threatening their homeland