ഓസോൺ പാളിയിലെ വിള്ളൽ ചുരുങ്ങുന്നതായി പഠനങ്ങൾ. ദക്ഷിണധ്രുവത്തിലാണ് (South Pole) ഈ പ്രതിഭാസം. മേഖലയിലെ ഓസോൺ പാളിയിലെ വിള്ളൽ ഈ വർഷം സെപ്റ്റംബർ ഏഴിനും ഒക്ടോബർ 13 നുമിടയിൽ 23.2 മില്ല്യൺ സ്ക്വയർ കിലോമീറ്ററെന്ന തോതിലെത്തി. മുൻവർഷങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്. 2021-ൽ ഇത് 24.8 മില്ല്യൺ സ്ക്വയർ കിലോമീറ്ററായിരുന്നു.
അന്റാർട്ടിക്കയിലെ അന്തരീക്ഷത്തിൽ സ്ട്രോറ്റോസ്പിയറിനും മുകളിലായിട്ടാണ് വിള്ളൽ കാണപ്പെടുന്നത്. എല്ലാവർഷവും സെപ്റ്റംബറിലാണ് മേഖലയിൽ മാറ്റങ്ങൾ പ്രകടമാകുക. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ വിള്ളൽ ചുരുങ്ങുന്ന പ്രതിഭാസത്തിനാണ് മേഖല സാക്ഷ്യം വഹിക്കുന്നത്.
ഓസോൺ പാളികളിലെ വിള്ളലുമായി ബന്ധപ്പെട്ട സംരക്ഷണത്തിന് കൊണ്ടുവന്ന മോൺട്രിയൽ പ്രോട്ടോക്കോൾ(Montreal protocol) ഫലം ചെയ്തതായി കണക്കാക്കാമെന്ന് വിദ്ഗധർ പറയുന്നു. നാസയിലെയും നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷനിലെയും ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് വിള്ളലിലെ തോത് നിർണയിച്ചത്.
ഉപഗ്രഹങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഒക്ടോബർ അഞ്ചിന് മാത്രമാണ് കഴിഞ്ഞ കൊല്ലത്തേക്കാൾ കൂടുതലായി വർധനവ് രേഖപ്പെടുത്തിയത്. അതായത് 26.4 മില്ല്യൺ സ്ക്വയർ കിലോമീറ്റർ. 1990 കളുടെ അവസാനത്തിലെയും 2000 ത്തിന്റെ തുടക്കത്തിലുള്ളതുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണ് 2022-ലേത്. ക്ലോറോഫ്ളൂറോ കാർബണുകളാണ് ഓസോൺ പാളിയുടെ വിള്ളലിലേക്ക് നയിക്കുന്നത്.