വീണ്ടും മണ്ണിടിച്ചിൽ ; 16 വരെ ഊട്ടി പൈതൃക ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടേക്കും
വീണ്ടും മണ്ണിടിച്ചിലും മണ്ണൊലിപ്പും ഉണ്ടായ സാഹചര്യത്തിൽ ഊട്ടി പൈതൃക ട്രെയിൻ യാത്ര 16 വരെ തടസ്സപ്പെട്ടേക്കും.കനത്ത മഴയിൽ മണ്ണൊലിച്ചു പോയതോടെയാണ് മേട്ടുപ്പാളയം മുതൽ കുന്നൂർ വരെയുള്ള ട്രെയിൻ യാത്രയ്ക്ക് തടസ്സം നേരിട്ടത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും കാരണം ബുധനാഴ്ചയാണ് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്.വ്യാഴാഴ്ച രാവിലെ പുറപ്പെട്ട ട്രെയിൻ കല്ലാർ എത്തുമ്പോഴേക്കും പാതയിലുണ്ടായ തടസ്സങ്ങളെക്കുറിച്ച് അധികൃതർക്കു
വിവരം ലഭിച്ചു.
അഡർലിക്കു സമീപം വനത്തിൽ നിന്നു കുത്തിയൊലിച്ചു വന്ന വെള്ളം പാളങ്ങൾക്ക് അടിയിൽ 2 മീറ്ററോളം മണ്ണു കൊണ്ടുപോയി. ഇതേപോലെ ഹിൽഗ്രോയിൽ കനത്ത മണ്ണിടിച്ചിലാണ് ഉണ്ടായത്.
ഇവിടെയും വൻ പാറക്കല്ലുകൾ വീണു പാളങ്ങൾ തകർന്നു. പാതയിലെ മറ്റിടങ്ങളിൽ മുറിഞ്ഞു വീണ മരങ്ങൾ വ്യാഴാഴ്ച നീക്കിയെങ്കിലും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ദിവസങ്ങൾ എടുക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
കൊടുങ്കാടിനുള്ളിൽ തൊഴിലാളികളെത്തി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതു ശ്രമകരമായതിനാൽ 16 വരെ ട്രെയിൻ ഗതാഗതം തടസ്സപ്പെടുമെന്നാണ് അറിയുന്നത്.