ശീത തരംഗത്തിൽ വലഞ്ഞ് ഉത്തരേന്ത്യ; ഇന്നും റെയിൽ വ്യോമ ഗതാഗതം തടസ്സപ്പെട്ടു
ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ദില്ലി,ഹരിയാന പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് അതിശൈത്യം തുടരുന്നത്. മൂടൽഞ്ഞും ശൈത്യവും യാത്രക്കാരെ വലച്ചു. ദില്ലി വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട 120 വിമാനങ്ങൾ വൈകി. 53 സർവീസുകൾ റദ്ദാക്കുകയും ചെയ്തു. ഇരുപതോളം ട്രെയിൻ സർവീസുകളെയും മൂടൽമഞ്ഞ് ബാധിച്ചു.ഇതേ തുടർന്ന് നിരവധി യാത്രക്കാരാണ് ദില്ലി വിമാനത്താവളത്തിലും വിവിധ റെയിൽവേ സ്റ്റേഷനുകളിലുമായി കുടുങ്ങിയത്.
കഴിഞ്ഞ ദിവസങ്ങളിലും ഇതേ സാഹചര്യം തന്നെയായിരുന്നു. ദില്ലിയെ കൂടാതെ മൂടൽ മഞ്ഞ് ഏറ്റവും കൂടുതൽ ബാധിച്ചത് പഞ്ചാബിലും, ഉത്തർപ്രദേശിന്റെ വിവിധ മേഖലകളിലും ആണ്. ദില്ലിയിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 5.2 ഡിഗ്രി സെൽഷ്യസ് ആണ്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് പഞ്ചാബിലെ അമൃത സാറിലാണ്.
രണ്ട് ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയ താപനില. അതേസമയം പഞ്ചാബിൽ രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർമരിച്ചു. രണ്ടുദിവസം കനത്ത മൂടൽ മഞ്ഞും അഞ്ചുദിവസം വരെ അതിശൈത്യവും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.