വടക്കുകിഴക്കൻ മൺസൂൺ എന്ന തുലാവർഷം ഈ മാസം 20 ഓടെ തമിഴ്‌നാട്ടിലെത്തും. ഇന്ന് കാലവർഷം മഹാരാഷ്ട്രവരെ വിടവാങ്ങിയിട്ടുണ്ട്. മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഏതാണ്ട് പൂർണമായും കാലവർഷം വിടവാങ്ങി. ദക്ഷിണേന്ത്യയിൽ ഒഴികെ അടുത്ത ആറു ദിവസത്തിനകം കാലവർഷം വിടവാങ്ങുമെന്നാണ് നിരീക്ഷണം.
ബംഗാൾ ഉൾക്കടൽ അടുത്ത ആഴ്ചയോടെ സജീവമാകുകയാണ്. കൂടുതൽ ചക്രവാതച്ചുഴികളും ന്യൂനമർദങ്ങളും രൂപം കൊള്ളാൻ പര്യാപ്തമാണ് ഇപ്പോഴത്തെ കടൽ കാലാവസ്ഥ.എം.ജെ.ഒ എന്ന ആഗോളമഴപാത്തി ഉൾപ്പെടെ ബംഗാൾ ഉൾക്കടലിൽ എത്താനിരിക്കുന്നു. ഇതു കൂടി എത്തുന്നതോടെ ബംഗാൾ ഉൾക്കടൽ സജീവമാകും. അടുത്തയാഴ്ചയോടെ ഒരു ന്യൂനമർദത്തിനും സാധ്യതയുണ്ട്. ഇത്തവണ തമിഴ്‌നാട്ടിലും കർണാടകയിലും കൂടുതൽ തുലാവർഷം ലഭിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ മഴ കുറയുകയുമില്ല. തെക്കൻ, മധ്യ കേരളത്തിലാണ് സാധാരണ തുലാവർഷം കൂടുക. ഇത്തവണ വടക്കൻ കേരളത്തിലും മഴ സാധാരണയിൽ കൂടുതൽ ലഭിച്ചേക്കും. അടുത്ത ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകും.