വടക്കു കിഴക്കൻ മൺസൂൺ 23ന് ആരംഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചതോടെ തയ്യാറെടുപ്പുകളുമായി ചെന്നൈ നഗരം ഒരുങ്ങി. ചെന്നൈ കാലാവസ്ഥ കേന്ദ്രം പറയുന്നത് അനുസരിച്ച് ചെന്നൈയിലും പരിസരപ്രദേശങ്ങളിലും വടക്ക് കിഴക്കൻ മൺസൂൺ 23ന് ആരംഭിക്കും
വടക്കു കിഴക്കൻ മൺസൂൺ ; മുന്നൊരുക്കങ്ങൾ ആരംഭിച്ചു
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുക വടക്കു കിഴക്കൻ മൺസൂണിലാണ്. ജനുവരിയിൽ പൊങ്കലോടു കൂടി അവസാനിക്കുന്ന 3 മാസത്തെ മഴക്കാലമാണു വടക്കു കിഴക്കൻ കാലവർഷത്തിന്റെ ഭാഗമായി ലഭിക്കാറുള്ളത്.
വരാനിരിക്കുന്ന വേനൽക്കാലത്ത് ഒരു പരിധിവരെ കുടിവെള്ളം ലഭ്യമാക്കുന്നതിനും വടക്കുകിഴക്കൻ മൺസൂൺ ആണ് തമിഴ്നാടിനെ സഹായിക്കാറ്.
മുൻ വർഷങ്ങളിൽ എല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ നഗരത്തിൽ ഇത്തവണ ഓട നിർമ്മാണവും, അഴുക്കുചാലുകൾ വൃത്തിയാക്കുന്ന ജോലികളും എല്ലാം നേരത്തെ പൂർത്തിയാക്കി.
ഏകദേശം 80 ശതമാനത്തോളം ജോലികൾ പൂർത്തിയാക്കിയതായി കോർപ്പറേഷൻ അറിയിച്ചു.
അതിനാൽ തന്നെ ഇത്തവണ വെള്ളക്കെട്ട് മൂലമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല എന്നാണ് ചെന്നൈ കോർപ്പറേഷൻ പ്രതീക്ഷിക്കുന്നത്.
അതേസമയം ഇന്ന് തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇടിയോടുകൂടിയുള്ള മഴയ്ക്ക് സാധ്യത. ആകാശം പൊതുവേ മേഘവൃതം ആയിരിക്കും താപനില കുറയും.അതേസമയം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു.
23 ഓടെ ന്യൂനമർദ്ദം ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചിട്ടുണ്ട് എന്നും കാലാവസ്ഥ വകുപ്പ്.
മുന്നൊരുക്കത്തിന്റെ ഭാഗമായി ഫെറി സർവീസ് നിർത്തും
മഴക്കാലം കണക്കിലെടുത്ത് നാഗപട്ടണത്ത് നിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്കുള്ള ഫെറി സർവീസ് സുരക്ഷാ സുരക്ഷാകാരണങ്ങൾകൊണ്ട് രണ്ടുമാസത്തേക്ക് നിർത്തിവയ്ക്കും. ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് പിന്നാലെയാണ് ഈ തീരുമാനം.
ഈ മാസം 14ന് ആരംഭിച്ച ഫെയറി സർവീസിൽ 150 പേർക്ക് ഒരേസമയം യാത്ര ചെയ്യാം. എല്ലാദിവസവും സർവീസ് എന്ന രീതിയിലാണ് തുടങ്ങിയതെങ്കിലും ബുക്കിംഗ് കുറഞ്ഞതിനാൽ മൂന്ന് ദിവസമാക്കി ചുരുക്കുകയായിരുന്നു.
ഷിപ്പിങ് കോർപറേഷന്റെ ഹൈസ്പീഡ് ക്രാഫ്റ്റ് ചെറിയപാണിയാണു ഫെറി സർവീസ് നടത്തുന്നത്. മലയാളിയായ ബിജു ജോർജ്ആണ് ക്യാപ്റ്റൻ. സർവീസ് നിർത്തുന്നതോടെ ഫെറി തിരിച്ചു കൊച്ചിയിലേക്ക് കൊണ്ടുപോകും.