കേരളത്തില്‍ നിഴലില്ലാ ദിനം തുടങ്ങി, എവിടെയെല്ലാം എപ്പോഴെല്ലാം അനുഭവപ്പെടും എന്നറിയാം
കേരളത്തില്‍ നിഴലില്ലാ ദിനങ്ങള്‍ക്ക് തുടക്കം. ഏപ്രില്‍ 6 മുതല്‍ ഇന്ത്യയില്‍ നിഴലില്ലാ ദിനങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ഇന്ദിരാപോയിന്റില്‍ ഏപ്രില്‍ 6 ന് നിഴലില്ലാ ദിനം അനുഭവപ്പെട്ടു. സൂര്യന്‍ ഭൂമധ്യരേഖ കടന്ന് വടക്കോട്ട് നീങ്ങുന്നതാണ് നിഴലില്ലാ ദിനങ്ങള്‍ക്ക് കാരണം. മാര്‍ച്ച് 21 ന് മഹാവിഷുവ ദിനത്തില്‍ ഭൂമധ്യരേഖാ പ്രദേശത്ത് പകലും രാത്രിയും തുല്യമായിരുന്നു. ഒപ്പം നിഴലില്ലാ ദിനവും.
സൂര്യന്‍ വീണ്ടും വടക്കോട്ട് സഞ്ചരിച്ച് ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളത്തിന് നേരെ മുകളില്‍ എത്തുന്നത് വിഷുവിനോട് അനുബന്ധിച്ചാണ്. വിഷു ദിനമായ ഇന്ന് സൂര്യന്‍ കോട്ടയത്തിന് മുകളിലാണ്. അവിടെയാണ് ഇന്ന് നിഴലില്ലാ ദിനം പൂര്‍ണമായി അനുഭവിക്കാനാകുക. വര്‍ഷത്തില്‍ രണ്ടു തവണയാണ് സൂര്യന്‍ നിഴലില്ലാ ദിനം സൃഷ്ടിക്കുക. സൂര്യന്‍ തെക്ക് നിന്ന് വടക്കോട്ടും വടക്കു നിന്ന് തെക്കോട്ടും വരുന്ന രണ്ട് സന്ദര്‍ഭങ്ങളിലാണ് ഇതുണ്ടാകുക. ഉച്ചയ്ക്ക് 12.20 നും 12.40 നും ഇടയിലാണ് നിഴലില്ലാ ദിനം അനുഭവപ്പെടുക.

നിഴല്‍ കാലിനു ചുവട്ടില്‍, എന്തുകൊണ്ട്
സൂര്യന്‍ ഭൂമിയുടെ ദക്ഷിണാര്‍ധ ഗോളത്തില്‍ നിന്ന് ഇന്ത്യയുള്‍പ്പെടുന്ന ഉത്തരായന ഗോളത്തിലേക്ക് കടക്കുന്നതിതോനടുബന്ധിച്ചാണ് നിഴിലില്ലാത്ത അവസ്ഥ വരുന്നത്. ഉച്ചയ്ക്ക് ലംബമായി നില്‍ക്കുന്ന (90 ഡിഗ്രിയില്‍) വസ്തുവിന് നിഴലുണ്ടാകില്ല എന്നതാണ് നിഴലില്ലാത്ത ദിനം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ലളിതമായി പറഞ്ഞാല്‍ സൂര്യന്‍ തലയ്ക്കു മുകളില്‍ ആകുമ്പോള്‍ നിഴല്‍ ഉണ്ടാകുന്നില്ല. കേരളത്തില്‍ തന്നെ വിവിധ ദിവസങ്ങളിലാണ് ഇത് അനുഭവപ്പെടുക.
എവിടെയെല്ലാം നിഴലില്ലായ്മ അനുഭവപ്പെടും?
23.5 ഡിഗ്രി ഉത്തര 23.5 ഡിഗ്രി ദക്ഷിണ അക്ഷാംശങ്ങള്‍ക്കിടയില്‍ വരുന്ന എല്ലാവര്‍ക്കും ഇത് അനുഭവിക്കാനാകും. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇതു സംഭവിക്കുക. ഈ രണ്ടു ദിവസവും നമ്മുടെ തലയ്ക്ക് നേരെ മുകളിലാകും സൂര്യന്‍. സൂര്യന്‍ മകരം രാശിയില്‍ നിന്ന് കര്‍ക്കിടക രാശിയിലേക്ക് കടക്കുന്നതിന് ഇടയിലാണ് ഇതു സംഭവിക്കുന്നത്.

Inter Tropical Convergence Zone (ITCZ) എന്ന ഭൂമധ്യ രേഖാ സംയോജന രേഖ ഇന്ത്യയുടെ സമീപത്തേക്ക് വരുന്നതും വേനല്‍മഴയും കാലവര്‍ഷവും സജീവമാകുന്നതും ഈ കാലയളവിലാണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് ITCZ ഇന്ത്യയുടെ മുകളിലായിരിക്കും എന്ന് അറിയാമല്ലോ.
നിഴലില്ലാ ദിനം കേരളത്തിലും തമിഴ്‌നാട്ടിലും ഏതെല്ലാം തിയതികളിലെന്ന് പരിശോധിക്കാം
ഏപ്രില്‍ 11
കോവളം, തിരുവനന്തപുരം, കഴക്കൂട്ടം, നെടുമങ്ങാട്, സാത്താംകുളം, തിരുച്ചെന്തൂര്‍
ഏപ്രില്‍ 12
വര്‍ക്കല, പൊന്‍മുടി, പറവൂര്‍, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, തെങ്കാശി, തിരുനെല്‍വേലി, തൂത്തുകുടി.
ഏപ്രില്‍ 13
കായംകുളം, അടൂര്‍, തിരുവല്ല, ശങ്കരന്‍കോവില്‍, കൊവില്‍പട്ടി, രാമേശ്വരം, രാമനാഥപുരം, കാര്‍ നികോബാര്‍
ഏപ്രില്‍ 14
ആലപ്പുഴ, കോട്ടയം, വൈക്കം, പാല, ശബരിമല, കമ്പം, രാജപാളയം, ശിവകാശി, വിരുദുനഗര്‍, പാറാംകുടി,
ഏപ്രില്‍ 15
കൊച്ചി, വൈപ്പിന്‍, തൊടുപുഴ, ഇടുക്കി, മുന്നാര്‍, തേനി, ആണ്ടിപ്പട്ടി, തിരുമംഗലം, മധുരൈ, ശിവഗംഗ, കാരൈക്കുടി.
ഏപ്രില്‍ 16
പറവൂര്‍, ആലുവ, ചാലക്കുടി, വാല്‍പാറെ, കൊടൈക്കനാല്‍, ദിണ്ഡുഗല്‍, പുതുക്കോട്ടെ, വേദരാണ്യം,
ഏപ്രില്‍ 17
ഗുരുവായൂര്‍, പൊന്നാനി, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്, മേട്ടുപ്പാളയം, പൊള്ളാച്ചി, ഉദുമല്‍പേട്ട്, പഴനി, തിരുച്ചി, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, ലിറ്റില്‍ ആന്‍ഡമാന്‍.
ഏപ്രില്‍ 18
കോട്ടക്കല്‍, മലപ്പുറം, കോയമ്പത്തൂര്‍, ഗൂഡല്ലൂര്‍, പല്ലടം, തിരുപ്പൂര്‍, കാങ്കയം, കരൂര്‍, കുംഭകോണം, മയിലാടുതുറെ, കാരയ്ക്കല്‍.
ഏപ്രില്‍ 19
കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി, ഊട്ടി, കോത്തഗിരി, അവിനാശി, ഈറോഡ്, തിരുച്ചെങ്കോട്, നാമക്കല്‍, ചിദംബരം.
ഏപ്രില്‍ 20 (നാളെ)
വടകര, മാഹി, തലശ്ശേരി, പേരാമ്പ്ര, വയനാട്, മുതുമലൈ, ഭവാനി, മേട്ടൂര്‍, സേലം, കള്ളക്കുറിച്ചി, നെയ്‌വേലി, കടലൂര്‍, പോര്‍ട് ബ്ലെയര്‍.
ഏപ്രില്‍ 21
കണ്ണൂര്‍, പയ്യന്നൂര്‍, തളിപറമ്പ്, ധര്‍മപുരി, ശങ്കരപുരം, വിഴുപുറം , പുതുച്ചേരി, ഹാവലോക്് ദ്വീപ്.
ഏപ്രില്‍ 22
കാഞ്ഞങ്ങാട്, കാസര്‍കോട്, മടിക്കേരി, മൈസൂരു, ശ്രീരംഗപട്ടണം, തിരുവണ്ണാമലൈ, ദിണ്ഡിവനം, ലോങ് ദ്വീപ്.
ഏപ്രില്‍ 23
ഉപ്പള ഗേറ്റ്, പുത്തൂര്‍, അരക്കല്‍ഗുഡ്, കൃഷ്ണരാജ് പേട്ട, മേല്‍കോട്ടെ, മാണ്ഡ്യ, ചന്നപട്ടണ, ഹൊസൂര്‍, കൃഷ്ണഗിരി, തിരുപ്പത്തൂര്‍, വനയമ്പാടി, കാവലൂര്‍, ആമ്പൂര്‍, അരണി, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, മഹാബലിപുരം, കേളമ്പാക്കം,
ഏപ്രില്‍ 24
മംഗലാപുരം, ബംഗളൂരു, ഹാസന്‍, കോളാര്‍, ചെന്നൈ, ആവടി, തിരുവള്ളൂര്‍, വെല്ലൂര്‍, അരക്കോണം.
ഇന്ത്യയുടെ പടിഞ്ഞാറേ അറ്റമായ ഭുജ് ഉള്‍പ്പെടുന്ന മേഖലയില്‍ നിഴലില്ലാ ദിനം അനുഭവപ്പെടുക ജൂണ്‍ 11 മുതല്‍ 21 വരെയാണ്.
ഇനി ഓഗസ്റ്റ് മാസത്തിലും ഇതേ രീതിയില്‍ നിഴലില്ലാ ദിനം വരുന്നുണ്ട്. മഴയോ മേഘാവൃതമോ ആയാല്‍ അപ്പോള്‍ അത് അനുഭവിക്കാനാകില്ല. എപ്പോഴും നിഴലില്ലാ ദിനം മനസ്സിലാക്കാന്‍ നല്ലത് ഏപ്രില്‍ മാസമാണ്. കടുത്ത വെയിലുണ്ടാകും എന്നതാണ് കാരണം. ഇന്ത്യയിലെ മറ്റുസ്ഥലങ്ങളിലെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ
FOLLOW US ON GOOGLE NEWS
TAG: Discover the dates and locations for the Shadowless Day in Kerala and Tamil Nadu. Learn when and where this unique phenomenon can be experienced.