കേരളത്തിലും തമിഴ്നാട്ടിലും ഇത്തവണ തുലാവർഷം എത്തിയത് ഒരു ദിവസം വൈകി. ഒരേ ദിവസമാണ് തമിഴ്നാട്ടിലും കേരളത്തിലും 2023 ൽ തുലാവർഷം എത്തിയത്.
എന്താണ് മാനദണ്ഡങ്ങൾ
തീരദേശ ആന്ധ്രാ വരെയുള്ള മേഖലയിൽ നിന്ന് കാലവർഷം പിൻവാങ്ങുക. ബംഗാൾ ഉൾകടലിലും തെക്കേ ഇന്ത്യക്കും മുകളിൽ വടക്ക് കിഴക്കൻ / കിഴക്കൻ കാറ്റ് ശക്തമാകുക എന്നിവയാണ് തുലാവർഷ ആരംഭത്തിന്റെ മാനദണ്ഡങ്ങൾ.
കേരളത്തിലും തമിഴ്നാട്ടിലും സാധാരണ തിയതി ഒക്ടോബർ 20
സാധാരണ ഒക്ടോബർ 20 നു ആണ് തുലാവർഷം തെക്കേ ഇന്ത്യയിൽ എത്തേണ്ടത്. ഈ വർഷം ഒക്ടോബർ 19 നു കാലവർഷം രാജ്യത്തു നിന്ന് പിൻവാങ്ങിയിരുന്നു. ഇന്നലെ തുലാ മഴ എത്തിയതായി സ്ഥിരീകരണം ഉണ്ടായെങ്കിലും സംസ്ഥാനത്ത് കാര്യമായ മഴ ലഭിച്ചില്ല.
കഴിഞ്ഞ വർഷം ഒക്ടോബർ 23 നു കാലവർഷം വിട പറഞ്ഞിരുന്നു. 2022 ൽ ഒക്ടോബർ 29 നാണ് തുലാവർഷം എത്തിയത്.
2021 ൽ ഒക്ടോബർ 25 നും 2020ൽ ഒക്ടോബർ 28 നും 2019 ൽ ഒക്ടോബർ 16 നും 2018 ൽ
നവംബർ 1 നുമാണ് തുലാവർഷം എത്തിയത്.
കാലവർഷവും തുലാവർഷവും തമ്മിലുള്ള വ്യത്യാസം
കാലവർഷത്തിൽ അറബികടലിൽനിന്നുള്ള ഈർപ്പം വഹിച്ചുള്ള പടിഞ്ഞാറൻ കാറ്റ് മഴ കൊണ്ട് വരുമ്പോൾ തുലാവർഷത്തിൽ ബംഗാൾ ഉൾക്കടൽ / തമിഴ്നാട് ഭാഗത്തു നിന്നുള്ള കിഴക്കൻ കാറ്റാണ് മഴ കൊണ്ട് വരുന്നത്.
ഇത് ചുഴലിക്കാറ്റ് സീസൺ
ഉച്ചക്ക് ശേഷം ഇടി മിന്നലോടു കൂടിയ മഴയാണ് തുലാവർഷ മഴയുടെ പ്രത്യേകത. ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നതും തുലാവർഷ സീസണിൽ ആണെന്ന് കാലാവസ്ഥാ ശാസ്ത്രഞ്ജൻ രാജീവൻ എരിക്കുളം പറഞ്ഞു.അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് ഇതിനകം രൂപപ്പെട്ടിട്ടുണ്ട്.
1915 ലാണ് ഏറ്റവും വൈകി തുലാവർഷം ആരംഭിച്ചത് ( നവംബർ 11). 1952,66,84,99 വർഷങ്ങളിൽ ഒക്ടോബർ 4 നു എത്തിച്ചേർന്നതാണ് ഏറ്റവും നേരത്തെ എത്തിച്ചേർന്നത്.
11 തവണ ഒക്ടോബർ 15 നും 9 തവണ ഒക്ടോബർ 19 നും തുലാവർഷം ആരംഭിച്ചു.
ഇതുവരെ 7% അധിക മഴ ലഭിച്ചു
ഒക്ടോബർ മാസത്തിൽ ഇതുവരെ സംസ്ഥാനത്തു 7% അധിക മഴ ലഭിച്ചു. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഒക്ടോബർ മാസത്തിൽ മുഴുവൻ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ ഇതുവരെ ലഭിച്ചു. ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുള്ള തുലാവർഷ കലണ്ടറിൽ 492 mm മഴയാണ് ശരാശരി ലഭിക്കേണ്ടത്.
ഒക്ടോബർ 21 വരെ 230 mm ലഭിച്ചു കഴിഞ്ഞു.കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര ഏജൻസികൾ ഇത്തവണ കേരളത്തിൽ തുലാവർഷത്തിൽ മെച്ചപ്പെട്ട മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സൂചന നൽകുന്നുണ്ട്. തുലാവർഷം എത്തുന്നതിന് മുൻപ് കേരളത്തിൽ ശക്തമായ മഴ ലഭിച്ചിരുന്നു.