രാജ്യവ്യാപകമായി ദുരന്തങ്ങൾ സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ നൽകാനുള്ള ഒരു സംയോജിത അലർട്ട് സംവിധാനത്തിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി രൂപം നൽകിയിരിക്കുന്നു. വിവിധ ദുരന്ത സാധ്യതകൾ സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ, SMS കൾ, മൊബൈൽ ആപ്ലിക്കേഷൻ, വെബ് പോർട്ടൽ തുടങ്ങിയവ വഴിയെല്ലാം പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
പ്രാദേശികമായി ലൊക്കേഷനുകൾ അടിസ്ഥാനപ്പെടുത്തി (Geo Targeted) പ്രാദേശിക ഭാഷയിൽ തന്നെ മുന്നറിയിപ്പുകൾ ലഭ്യമാക്കുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. CAP (Common Alert Protocol) അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ഈ സംയോജിത അലർട്ട് സംവിധാനം ജിയോ ഇന്റലിജൻസ് ഉപയോഗിച്ച് കൊണ്ട് ഒന്നിലധികം സാങ്കേതിക മാർഗങ്ങളിലൂടെ ദുരന്ത സാധ്യത മുന്നറിയിപ്പുകൾ തത്സമയം ജനങ്ങളിലേക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്കും എത്തിക്കാൻ സഹായിക്കും.
2023 മാർച്ച് 11 ന് ഡൽഹിയിൽ വെച്ച് ചേർന്ന National Platform for Disaster Risk Reduction (NPDRR) ൻറെ മൂന്നാം സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് “National Disaster Alert Portal” (sachet.ndma.gov.in) ഉം ‘Sachet’ മൊബൈൽ ആപ്ലിക്കേഷനും രാജ്യത്തിന് സമർപ്പിച്ചത്.