മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; മൽസ്യ തൊഴിലാളി മരിച്ചു
മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് ശക്തമായ തിരയെ തുടർന്നുള്ള അപകടങ്ങൾ പതിവാകുന്നു. ഇന്ന് പുലർച്ചെ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടർ (50) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.
വിക്ടർ, ഫ്രാൻസിസ്, സുരേഷ് യേശുദാസ് എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. വിക്ടർ ഒഴികെയുള്ളവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. രക്ഷപ്പെട്ട മൂന്ന് പേർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള “ചിന്തധിര ” എന്ന വള്ളമാണ് മറിഞ്ഞത്. അപകടസമയത്ത് അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാർഡുകളും കോസ്റ്റൽ പൊലിസും നടത്തിയ തെരച്ചിലാണ് വിക്ടറിനെ കണ്ടെത്തിയത്.
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടങ്ങൾ ഉണ്ടാകുന്നത് തുടർസംഭവമാവുകയാണ്. അശാസ്ത്രീയമായ രീതിയിലുള്ള പുലിമുട്ട് നിർമ്മാണമാണ് ഈ മേഖലയിൽ ശക്തമായ തിരയടിക്കുന്നതിന് കാരണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. തീരത്തേക്ക് അടുക്കുന്ന വള്ളങ്ങൾ ഈ തിരയിൽപ്പെട്ട് മറയുന്നത് പതിവാണ്.
ഇതേക്കുറിച്ചുള്ള പഠനങ്ങൾ നടക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.