നോവിന്റെ കാഴ്ചയായി മുണ്ടക്കൈ

നോവിന്റെ കാഴ്ചയായി മുണ്ടക്കൈ

മണിക്കൂറുകളോളം നിർത്താതെ പെയ്ത മഴക്കൊടുവിലാണ് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളെ പൂർണ്ണമായും ഇല്ലാതാക്കാൻ മലവെള്ളം കുത്തിയൊലിച്ച് എത്തിയത്. ഒരു രാത്രി കൊണ്ട് എല്ലാം പാടെ മാറി മറിഞ്ഞ കാഴ്ച്ച. രാത്രിയിൽ ഉറക്കത്തിനിടെ ചെളിയും കല്ലും വലിയ ശബ്ദത്തോടെ പതിക്കുമ്പോഴാണ് പലരും ഉരുൾപൊട്ടിയ വിവരം അറിയുന്നത് പോലും. ഉറ്റവരെയും ഉടയവരെയും കൂട്ടി രക്ഷപ്പെടാനോ, ഒരു ജീവിതകാലത്തെ സമ്പാദ്യങ്ങളിൽ നിന്ന് എന്തെങ്കിലും കയ്യിലെടുത്ത് രക്ഷപ്പെടാനോ അവർക്ക് സാധിച്ചില്ല.

കണ്ണുകാണാത്ത ഇരുട്ടിലും അവർക്ക് കേൾക്കാൻ സാധിച്ചത് പ്രിയപെട്ടവരുടെ നിലവിളികൾ മാത്രമാണ്. ഒടുവിൽ ദുരന്തമുണ്ടായി ഒരു ദിവസത്തിന് ശേഷം രക്ഷാപ്രവർത്തകർ മുണ്ടക്കൈലെത്തുമ്പോൾ അവിടെ ചെളിയും പാറക്കല്ലുകളും കടപുഴകിയ മരങ്ങളും മാത്രം. 300 ൽ അധികം വീടുകൾ ഉണ്ടായിരുന്ന സ്ഥലത്ത് ആകെ കാണാൻ പറ്റുന്നത് 35 വീടുകൾ മാത്രം എന്ന് രക്ഷാപ്രവർത്തകർ. അങ്ങിങ്ങായി ഉടമകളെ തേടിയലയുന്ന കുറച്ച് മൃഗങ്ങൾ അവിടുത്തെ തീരാ നോവാണ്. അതെ, ഉരുൾപൊട്ടലിൽ ഭീകരത വിവരിക്കാൻ മുണ്ടക്കൈയിൽ മനുഷ്യരില്ല.

രണ്ടാം ദിനം മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തകർ എത്തുമ്പോൾ കാണുന്ന കാഴ്ച അതിഭീകരം. പൂർണ്ണമായും തകർന്നടിഞ്ഞ വീടുകളും വാഹനങ്ങളും മാത്രമാണ് അവിടെ ഉള്ളത്. ഉരുൾപൊട്ടലിൽ രൂപപ്പെട്ട മൺകൂനകളും അങ്ങിങ്ങായി കാണാൻ കഴിയും. ഈ മൺകൂനകൾ ഇളക്കി നോക്കികഴിയുമ്പോൾ മാത്രമേ അവിടെയുണ്ടായിരുന്ന വീടുകളെയും ആളുകളെയും കുറിച്ച് അറിയാൻ പറ്റുകയുള്ളൂ . പത്തും ഇരുപതും മൃതദേഹങ്ങൾ ഒരേ വീട്ടിൽ നിന്ന് കിട്ടുന്നു. രക്ഷ തേടി സ്വന്തം വീടുപേക്ഷിച്ച് വന്നരാകാം ഇതിൽ കൂടുതൽ പേരും എന്ന് കരുതാം . കസേരയിൽ ഇരിക്കുന്ന രൂപത്തിലാണ് ഒരു വീട്ടിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇങ്ങനെ മരണസംഖ്യ ഓരോ നിമിഷത്തിലും വലിയ രൂപത്തിൽ വർദ്ധിച്ചുവരുന്നു. അതുകൊണ്ടുതന്നെ കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി വയനാട് മാറി.

രണ്ട് നില വീടുകളോളം വലിപ്പമുള്ള വലിയ പാറക്കല്ലുകൾ. അങ്ങനെയുള്ള നൂറുകണക്കിന് പാറക്കല്ലുകളാണ് മുണ്ടക്കൈയിൽ രക്ഷാപ്രവർത്തകർക്ക് കാണാൻ കഴിഞ്ഞത്. തേയിലത്തോട്ടങ്ങൾ രണ്ടായി പിളർത്തി ആർത്തിരമ്പിയെത്തിയ മണ്ണും ചെളിയും മരങ്ങളും മുണ്ടക്കൈ ഗ്രാമത്തെ ആകെ തുടച്ചു കോരിയെടുത്തു കൊണ്ടുപോയി.

കഴിഞ്ഞ ദിവസം മുണ്ടക്കൈയിൽ നിന്ന് സഹായമഭ്യർത്ഥിച്ച് വിളിച്ച യുവതി മാധ്യമങ്ങളോട് പറഞ്ഞത് പോലെ, മുണ്ടക്കൈയിൽ ഇനി ആരും ബാക്കിയില്ല . മുൻപിൽ കാണുന്നത് ഒരു മരുഭൂമി മാത്രമാണ്. കിലോമീറ്ററുകളോളം അപ്പുറത്ത് നിന്ന് മുണ്ടക്കൈയിൽ നിന്നുള്ള മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർക്ക് ലഭിക്കുന്നത് ദുരന്തത്തിന്റെ ഭയാനകത എടുത്തുപറയുന്നത്.

ഉറ്റവരെയും ഉടയവരെയും തേടി ആശുപത്രകളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും അലയുന്ന ആളുകളുടെ ദൃശ്യങ്ങളും തീരാനോവാണ് . ഇന്നലെ രാത്രി മുതൽ മേപ്പാടി ആശുപത്രിയിൽ സുഹൃത്തിനെ കാത്തിരിക്കുകയാണ് യൂനുസ് എന്ന പ്രദേശവാസി. ഓരോ മൃതദേഹം എത്തുമ്പോഴും തന്റെ സുഹൃത്തോ കുടുംബമോ അതിൽ ഉണ്ടോ എന്ന് യൂനുസ് പരതും.

ഒടുവിൽ ഇന്നലെ രാത്രിയോടെ നിലമ്പൂരിൽ നിന്ന് യൂനുസിന് ഒരു സന്ദേശം ലഭിച്ചു. പ്രിയസുഹൃത്തിന്റെ ചേതനയറ്റ ശരീരത്തിന്റെ ചിത്രമായിരുന്നു അത്. സുഹൃത്തിന്റെ കുടുംബത്തിലെ മറ്റുള്ളവർ എവിടെയെന്ന് യൂനുസിനിപ്പോഴും അറിയാൻ കഴിഞ്ഞിട്ടില്ല. എവിടെപ്പോയി തിരയണമെന്നും അറിയില്ല. യൂനുസിനെപ്പോലെ അനവധി മനുഷ്യർ ആശുപത്രി വരാന്തകളിൽ നിലവിളികളുമായി നടക്കുന്ന കാഴ്ച നമുക്ക് മറക്കാൻ പറ്റാത്ത ഒന്നാണ്. പ്രിയപ്പെട്ടവരെ തിരികെക്കിട്ടാൻ എന്ത് ചെയ്യണമെന്ന് അറിയാതെ അവർ നിസ്സഹായരായിരിക്കുന്നു.

രക്ഷാപ്രവർത്തകരുടെയും സൈന്യത്തിന്റെയും കരങ്ങൾ ഇനിയും എത്തിയിട്ടില്ലാത്ത പ്രദേശങ്ങൾ ഏറെയാണ്. എത്ര പേർ സഹായം കാത്തു കിടക്കുന്നെന്നോ, എത്ര പേർ ജീവനറ്റ് കിടക്കുന്നെന്നോ ആർക്കും കൃത്യമായ കണക്കില്ല. രണ്ടാം ദിനം നമ്മൾ കാണുന്നത് ഇന്നലെ കണ്ടതിനേക്കാൾ ഭയാനകമായ കാഴ്ചകൾ ആണ്. പൂർണമായ രക്ഷാപ്രവർത്തങ്ങൾ കഴിയുമ്പോഴേക്കും കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാവും ചൂരൽമല ഉരുൾപൊട്ടൽ എന്ന് പറയേണ്ടിവരും. മരണസംഖ്യ ഇന്നും ഉയർന്നു കൊണ്ടേയിരിക്കുന്നു. 98 പേരെ കാണാതായെന്ന് സർക്കാറിന്റെ ഔദ്യോഗിക കണക്കുകൾ പറയുന്നു. മരിച്ചവരിൽ തിരിച്ചറിയാത്ത 84 പേരുണ്ടെന്നും, മരണസംഖ്യ ഇതുവരെ 164 ആയി ഉയർന്നു.

Metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment