മുംബൈയില്‍ നാലാം ദിവസവും കനത്ത മഴ, 30 സെ.മി പെയ്തു. മോണോ റെയില്‍ കുടുങ്ങി
ഒഡിഷയില്‍ കരകയറിയ ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം മുംബൈയിലും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലും കനത്ത മഴയും വെള്ളക്കെട്ടും തുടരുന്നു. സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഏഴു പേര്‍ മരിച്ചു. തുടര്‍ച്ചയായി നാലാം ദിവസവും മഴയില്‍ മുങ്ങിയ നിലയിലാണ് മുംബൈ മഹാനഗരം. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് വൈകിട്ട് മൂന്നോടെ മുംബൈയില്‍ 30 സെ.മി മഴയാണ് രേഖപ്പെടുത്തിയത്.

ഇന്നും റെഡ് അലര്‍ട്ടാണ് മുംബൈയില്‍. മുംബൈ്ക്ക് പുറമെ, താനെ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി. കനത്ത മഴ മുംബൈയില്‍ നഗരജീവിതം താറുമാറാക്കി. മോണോ റെയില്‍ കുടുങ്ങി 442 യാത്രക്കാര്‍ കുടുങ്ങി. രാത്രിയോടെ രക്ഷാപ്രവര്‍ത്തകര്‍ യാത്രക്കാരെ ഒഴിപ്പിച്ചു. എട്ടു വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ട്രെയിന്‍ സര്‍വിസുകളും മുടങ്ങി.
അന്ധേരി, ചെമ്പൂര്‍, ദാദര്‍, മാട്ടുംഗ, ബോറിവാലി എന്നിവിടങ്ങളില്‍ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തില്‍ നിന്നുള്ള പ്രധാന ഹൈവേകളിലും വെള്ളം കയറി. റോഡ്, റെയില്‍ ഗാതാഗതം സ്തംഭിച്ചു. നഗരത്തില്‍ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇന്നലെയും മുംബൈ, താനെ, പൂനെ നഗരങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു. സര്‍ക്കാര്‍ ഓഫിസുകളും ഭാഗികമായാണ് പ്രവര്‍ത്തിച്ചത്.
നന്ദേഡ് ജില്ലയില്‍ പ്രളയത്തില്‍ ഏഴുപേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയില്‍ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച മേഖലകളില്‍ നിന്ന് 300 ഓളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മഴ കനത്തതിനെ തുടര്‍ന്ന മുംബൈ വിമാനത്താവളത്തില്‍ നിന്ന് എട്ട് സര്‍വിസുകള്‍ വഴിതിരിച്ചു വിട്ടു. തുടര്‍ച്ചയായ മഴ കാരണം വിമാനങ്ങള്‍ അനിശ്ചിതമായി വൈകുകയാണ്.

Chhatrapati Shivaji Maharaj Terminus (CSMT) ക്കും കുര്‍ളയ്ക്കും ഇടയിലുള്ള ട്രെയിന്‍ സര്‍വിസുകള്‍ മുടങ്ങി. പാളം വെള്ളത്തില്‍ മുങ്ങിയതാണ് കാരണം. ചിലയിടങ്ങളില്‍ ട്രാക്കില്‍ 17 ഇഞ്ച് ഉയരത്തില്‍ വെള്ളം പൊങ്ങിയിരുന്നു. ബി.ഇ.എസ്.ടി ബസ് സര്‍വിസുകളെയും മഴ ബാധിച്ചു. മിതിയില്‍ പുഴ കരകവിഞ്ഞു. കുര്‍ളയില്‍ 350 പേരെ മാറ്റിപാര്‍പ്പിച്ചു. ക്രാന്തി നഗറിലും കുര്‍ളയിലും ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു.
മുംബൈ മോണോറെയില്‍ പാളത്തില്‍ കുടുങ്ങിയതോടെ അഗ്നിരക്ഷാ സേന ക്രെയിന്‍ ഉപയോഗിച്ച് ആളുകളെ രക്ഷപ്പെടുത്തുകയാണ്. കൊങ്കണ്‍ മേഖലയിലും മുംബൈയിലും താനയിലും രത്‌നഗിരിയിലും കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.