കാലവർഷ മഴ ഇന്നു മുതൽ; സ്ഥിരീകരണം 48 മണിക്കൂറിൽ
കേരളത്തിൽ കാലവർഷത്തിന്റെ ( South West Monsoon) ഭാഗമായുള്ള മഴ ഇന്നു മുതൽ ലഭിച്ചു തുടങ്ങും. എന്നാൽ കാലവർഷം എത്തി എന്നുള്ളതിന്റെ സ്ഥിരീകരണത്തിന് അടുത്ത 48 മണിക്കൂർ കാത്തിരിക്കേണ്ടിവരും. ഔദ്യോഗിക മാനദണ്ഡങ്ങൾ പൂർത്തിയാകാത്തത് കൊണ്ടാണിത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കേരളത്തിൽ എല്ലാ ജില്ലകളിലും ഇന്ന് മഴയുണ്ടാകും. ഈ മാസം 23 മുതൽ ജൂൺ 3 വരെ കേരളത്തിൽ മഴ ശക്തിപ്പെടും എന്നാണ് Metbeat Weather ലെ നിരീക്ഷകർ പറയുന്നത്.
ഇരട്ട ന്യൂനമർദങ്ങൾ ഊർജമാകും
അറബിക്കടലിൽ നിലവിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഗോവയ്ക്ക് വടക്കു പിടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. ബംഗാൾ ഉൾക്കടലിലും അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കാം. അറബിക്കടലിലെ ന്യൂനമർദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദം (Depression) ആകും. ഇത് പിന്നീട് ഗുജറാത്ത് / കറാച്ചി തീരത്തേക്കോ ഒമാൻ തീരത്തേക്കോ നീക്കാനാണ് സാധ്യത. ഈ സിസ്റ്റം ‘ശക്തി’ ചുഴലിക്കാറ്റ് ആകാനുള്ള സാധ്യത ഈ ഘട്ടത്തിൽ കുറവാണ്.
കേരളം പൂർണമായി ഒറ്റ ദിവസം കാലവർഷം എത്തിയേക്കും
സാധാരണ കേരളം പൂർണമായി ഒരു ദിവസം കൊണ്ട് കാലവർഷം വ്യാപിക്കാറില്ല. തെക്കൻ കേരളത്തിൽ വരവറിയിക്കുന്ന കാലവർഷം അടുത്ത ദിവസങ്ങളിലാണ് വടക്കൻ കേരളത്തിൽ എത്തുന്നത്. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ കണ്ണൂർ വരെ ആദ്യദിവസം കാലവർഷം എത്തിയിരുന്നു.
ഒറ്റ ദിവസം കൊണ്ട് മഴ വ്യാപിക്കും
ഇത്തവണത്തെ സാഹചര്യം പരിഗണിക്കുമ്പോൾ കാലവർഷം ഒരു ദിവസം കൊണ്ട് തന്നെ കാസർകോട് വരെ വ്യാപിക്കാനാണ് സാധ്യത. അറബിക്കടലിലെ ന്യൂനമർദ്ദം കാലവർഷക്കാറ്റിനെ ഇതിന് സഹായിച്ചേക്കും. കാലവർഷത്തിന്റെ ഭാഗമായുള്ള പടിഞ്ഞാറൻ കാറ്റ് ( Westerli Jet) നിലവിൽ കേരളതീരത്ത് എത്തിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടൽ സിസ്റ്റം മഴ ശക്തമക്കും
ഈ കാറ്റിനെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചക്രവാത ചുഴിയും (Cyclonic Circulation) ന്യൂനമർദ്ദവും ( Low Pressure Area) ശക്തിപ്പെടുത്തും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദമാണ് കേരളത്തിൽ മഴ ശക്തിപ്പെടുത്തുക. ഇതു കാരണം കേരളത്തിലും പടിഞ്ഞാറൻ തീരത്തും ഇന്ന് മുതൽ അടുത്ത പത്ത് ദിവസത്തേക്ക് മഴ ശക്തിപ്പെടാൻ ആണ് സാധ്യത.
വടക്കൻ കേരളത്തിൽ ജാഗ്രത വേണ്ടി വരും
വടക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ മഴ ലഭിക്കും. രണ്ട് ന്യൂനമർദ്ദങ്ങളുടെയും സ്വാധീനം മൂലം കാറ്റ് ഈ മേഖലയിൽ വളഞ്ഞു സഞ്ചരിക്കുന്നതുമൂലം ആണിത്. അറബിക്കടലിൽ നിന്നെത്തുന്ന മേഘങ്ങൾ വടക്കൻ കേരളത്തിന്റെ മുകളിൽ കേന്ദ്രീകരിച്ച് പെയ്യാൻ സാധ്യത. അതിനാൽ കിഴക്കൻ മേഖലകളിൽ വിനോദസഞ്ചാരം ഉൾപ്പെടെ യാത്ര ചെയ്യുന്നവർ കാലാവസ്ഥ മുന്നറിയിപ്പുകൾക്ക് അനുസരിച്ച് ജാഗ്രത പാലിക്കണം.
സുരക്ഷ മുഖ്യം, പിന്നെ വിനോദം
മഴ കനത്താൽ അനാവശ്യ യാത്രകൾ മാറ്റിവയ്ക്കുന്നതാണ് നല്ലത്. തോടുകളിലും അരുവികളിലും ജലാശയങ്ങളിലും ഇറങ്ങി കുളിക്കുന്നത് ഒഴിവാക്കുക. മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ ആണിത്. മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും സാധ്യത. ദേശീയപാതയ്ക്ക് വേണ്ടി കുത്തനെ വെട്ടിയിറക്കിയ കുന്നിൻ ചെരുവിലും മണ്ണിടിച്ചിൽ ഉണ്ടായേക്കാം.
ഓറഞ്ച് അലർട്ട് പെട്ടെന്ന് റെഡാകും
ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് ഇപ്പോഴേ നൽകിയിട്ടുണ്ട്. ഈ അലർട്ടുകൾ പെട്ടെന്ന് റെഡ് അലർട്ടിലേക്ക് മാറാൻ സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ നേരത്തെ മുൻകരുതലുകൾ സ്വീകരിക്കുന്നതാണ് നല്ലത്. മഴക്കാലത്ത് വാഹനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. ബ്രേക്കുകൾ, ടയറുകൾ, വെളിച്ചം എന്നിവ ഗുണനിലവാരത്തിലുള്ളതാണെന്ന് ഉറപ്പുവരുത്തണം. മഴയുള്ളപ്പോൾ മിതമായ വേഗത്തിൽ വാഹനം ഓടിക്കണം.
ഹൈഡ്രോ പ്ലെയിനിംഗ് കാരണം വാഹനം തെന്നി മാറാനും നിയന്ത്രണം വിടാനും സാധ്യതയുണ്ട്. കാഴ്ച പരിധിയും കുറവായിരിക്കും.
English summary : Get ready for the monsoon! Rain is set to start today, with confirmation expected within 48 hours. Stay informed with our latest weather insights.