16 വര്‍ഷത്തിനിടെ നേരത്തെയെത്തി കാലവര്‍ഷം, ഒറ്റ ദിവസം കൊണ്ട് കേരളം കടന്നു

16 വര്‍ഷത്തിനിടെ നേരത്തെയെത്തി കാലവര്‍ഷം, ഒറ്റ ദിവസം കൊണ്ട് കേരളം കടന്നു

കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. 16 വര്‍ഷത്തിന് ശേഷമാണ് ഇത്രയും നേരത്തെ കാലവര്‍ഷമെത്തുന്നത്. 2009 ലാണ് നേരത്തെ ഇതിലും നേരത്തെ കാലവര്‍ഷം എത്തിയത്. മെയ് 23 നാണ് 2009 ല്‍ കാലവര്‍ഷം എത്തിയത്. ഇത്തവണ സാധാരണയേക്കാള്‍ എട്ടു ദിവസം നേരത്തെയാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയത്. ഇനി നാലു മാസം നീളുന്ന മഴക്കാലമാണ്. ഇന്ത്യയില്‍ ആദ്യം കാലവര്‍ഷമെത്തുന്നതും അവസാനം കാലവര്‍ഷം വിടവാങ്ങുന്നതും കേരളത്തില്‍ നിന്നാണ്.

ഒറ്റ ദിവസം കൊണ്ട് കേരളം പൂര്‍ണമായി വ്യാപിച്ച് ഗോവയ്ക്ക് സമീപമെത്തി

ഇത്തവണ കാലവര്‍ഷം കേരളം മുഴുക്കെ വ്യാപിച്ചത് ഒറ്റ ദിവസം കൊണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസത്തെ പോസ്റ്റുകളില്‍ മെറ്റ്ബീറ്റ് വെതര്‍ സൂചിപ്പിച്ചിരുന്നു. സാധാരണ 2-3 ദിവസം കൊണ്ട് പതിയെ തെക്കന്‍ കേരളത്തില്‍ നിന്ന് വടക്കന്‍ കേരളത്തിലേക്ക് കാലവര്‍ഷം വ്യാപിക്കുകയാണ് പതിവ്. എന്നാല്‍ കാലവര്‍ഷം എത്തിയതായി പ്രഖ്യാപിച്ച മെയ് 24 ന് (ഇന്ന്) കാലവര്‍ഷം പൂര്‍ണമായും തീരദേശ കര്‍ണാടകയും വ്യാപിച്ച് ഗോവക്ക് സമീപമെത്തി. തമിഴ്‌നാടിന്റെ ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ മേഖലയിലും കാലവര്‍ഷമെത്തിയിട്ടുണ്ട്. ഇത്രയും ഭാഗം കാലവര്‍ഷം ഒരു ദിവസം കൊണ്ട് പുരോഗമിക്കുന്നത് അപൂര്‍വമാണ്.

2023 ല്‍ 8 ദിവസം വൈകി, ഇപ്പോള്‍ 8 ദിവസം നേരത്തെ

കഴിഞ്ഞ വര്‍ഷം മെയ് 30 നാണ് കാലവര്‍ഷം കേരളത്തിലെത്തിയത്. എന്നാല്‍ 2023 ല്‍ ജൂണ്‍ എട്ടിന് സാധാരണയേക്കാള്‍ എട്ടു ദിവസം വൈകിയാണ് കാലവര്‍ഷം എത്തിയത്. ഇത്തവണയാകട്ടെ സാധാരണയേക്കാള്‍ എട്ടു ദിവസം നേരത്തെയാണ്. 2009 മുതല്‍ കേരളത്തില്‍ കാലവര്‍ഷം എത്തിയ തിയതികള്‍ ചുവടെ കൊടുത്ത പട്ടിക കാണുക.

വര്‍ഷംകാലവര്‍ഷമെത്തിയ തിയതി
2009മെയ് 23
2010മെയ് 31
2011മെയ് 29
2012ജൂണ്‍ 5
2013ജൂണ്‍ 1
2014ജൂണ്‍ 6
2015ജൂണ്‍ 5
2016ജൂണ്‍ 8
2017മെയ് 30
2018മെയ് 29
2019ജൂണ്‍ 8
2020ജൂണ്‍ 1
2021ജൂണ്‍ 3
2022മെയ് 29
2023ജൂണ്‍ 8
2024മെയ് 30
2025മെയ് 24

മെയ് 25 നകം കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നായിരുന്നു സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതറിന്റെ പ്രവചനം. ആദ്യ ഘട്ട മണ്‍സൂണ്‍ പ്രവചനത്തില്‍ കാലവര്‍ഷം മെയ് 27 ന് കേരളത്തിലെത്തുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പിന്നീട് കാലാവസ്ഥാ വകുപ്പും മെയ് 25 ന് കാലവര്‍ഷം എത്തുമെന്ന് പ്രവചനം പുതുക്കി. അതിനും ഒരു ദിവസം മുന്‍പാണ് കാലവര്‍ഷം എത്തിയതായി ഇന്ന് ഉച്ചയോടെ കാലാവസ്ഥാ വകുപ്പ് സ്ഥിരീകരണം നടത്തിയത്.

മഴയെത്തിയിട്ട് രണ്ടു ദിവസം, സ്ഥിരീകരണം പെട്ടെന്ന്

രണ്ടു ദിവസമായി കാലവര്‍ഷത്തിന്റെ ഭാഗമായ കനത്ത മഴ കേരളത്തില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ കാലവര്‍ഷം എത്തിയെന്നതിന് ഔദ്യോഗിക സ്ഥിരീകരണം നടത്താന്‍ മാനദണ്ഡങ്ങള്‍ പൂര്‍ത്തായാകേണ്ടതുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കലിന് കാലാവസ്ഥാ വകുപ്പ് ഏറെ ദിവസം കാത്തിരുന്ന ചരിത്രവുമുണ്ട്. എന്നാല്‍ ഇത്തവണ പെട്ടെന്നാണ് സ്ഥിരീകരണം വന്നത്. മാനദണ്ഡങ്ങള്‍ പൂര്‍ത്തായായാലാണ് കാലാവസ്ഥാ വകുപ്പ് കാലവര്‍ഷം എത്തി എന്നു സ്ഥിരീകരിക്കുക. ഇതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

1) മഴയുടെ അളവ്

മേയ് 10നു ശേഷം, പട്ടികപ്പെടുത്തിയ 14 സ്റ്റേഷനുകളിലെ (മിനിക്കോയ്, അമിനി, തിരുവനന്തപുരം, പുനലൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കുഡ്‌ലു , മംഗളൂരു) 60% ഇടങ്ങളില്‍ തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ 2.5 mm മഴയോ അതിനേക്കാള്‍ കൂടുതല്‍ മഴ രേഖപ്പെടുത്തുകയാണെങ്കില്‍, താഴെ പറയുന്ന മറ്റ് മാനദണ്ഡങ്ങള്‍ക്കും കൂടി അനുസൃതമായി രണ്ടാം ദിവസം കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചതായി പ്രഖ്യാപിക്കും.

2) കാറ്റ്

ഭൂമധ്യരേഖ മുതല്‍ 10°ഉത്തര അക്ഷാംശം വരെയും , 55° – 80° കിഴക്ക് രേഖാംശം വരെയുള്ള മേഖലയിലായി 600 hPa ( 4 .2 km ) വരെയായുള്ള ഉയരത്തില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യം .5°10°ഉത്തര അക്ഷാംശം, 70°80°കിഴക്ക് രേഖാംശം വരെയുള്ള മേഖലയിയില്‍ 925 hPa( 750 m ) ഉയരം വരെ കാറ്റിന്റെ വേഗത 15 മുതല്‍ 20 kts വരെ ( 27 .8 .37 km /hr ) ആയിരിക്കണം. ( ഉപഗ്രഹ ഡാറ്റ പ്രകാരം )

3) ഔട്ട്‌ഗോയിംഗ് ലോങ് വേവ് റേഡിയേഷന്‍ (OLR)

INSAT ഉപഗ്രഹം രേഖപ്പെടുത്തുന്ന OLR മൂല്യം, 5°10°ഉത്തര അക്ഷാംശം, 70°75°കിഴക്ക് രേഖാംശം പരിധിയില്‍ 200 wm2 ന് താഴെ ആയിരിക്കണം.

English Summary : The India Meteorological Department (IMD) has confirmed that the southwest monsoon has Onset in Kerala. It is the earliest arrival of the monsoon in 16 years. In just one day, it completely spread across Kerala and reached near Goa.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020