കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം ഡെങ്കിപ്പനിയും എലിപ്പനിയും വർധിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇനിയുള്ള നാല് മാസങ്ങൾ വളരെ ശ്രദ്ധിക്കണം. പകർച്ച വ്യാധികൾക്കെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമാണ്. ആശുപത്രികളിലെ പനി ക്ലിനിക്കുകൾ ശക്തിപ്പെടുത്തും. എല്ലാ ആശുപത്രികളിലും എലിപ്പനി പ്രതിരോധ ഗുളികകൾ ലഭ്യമാക്കാൻ ഡോക്‌സി കോർണറുകൾ സ്ഥാപിക്കും. പകർച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്താൻ കൂടിയ ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ ഓഫിസർമാർ ഫീൽഡ്തല അവലോകനം നടത്തി കൊതുകിന്റെ വ്യാപനം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. ആരോഗ്യ ജാഗ്രത കലണ്ടറനുസരിച്ച് കൃത്യമായ പ്രവർത്തനങ്ങൾ നടത്തും. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും തുടരും. ഞായറാഴ്ച 321 കേസുകളും ശനിയാഴ്ച 428 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമായി തുടരും. പരാതികൾ ചിത്രങ്ങൾ സഹിതം അറിയിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റിൽ സൗകര്യമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെയുള്ള ചികിത്സയാണ് ഡങ്കിപ്പനിക്കും എലിപ്പനിക്കും ആവശ്യം. മസിൽ വേദന, മുതുക് വേദന എന്നിവയുണ്ടെങ്കിൽ പോലും ചിലപ്പോൾ ഈ രോഗങ്ങളാകാൻ സാധ്യതയുണ്ട്. അതിനാൽ സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി. വെള്ളത്തിലിറങ്ങുകയോ മണ്ണുമായി ഇടപെടുകയോ ചെയ്യുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. കഴിഞ്ഞ വർഷങ്ങളിൽ ഡെങ്കിപ്പനി കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലെ വീടുകൾക്ക് ഉള്ളിലും കൊതുവിന്റെ ഉറവിടങ്ങളുണ്ടായിരുന്നു. ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ എന്നിവയിൽ കൊതുക് വളരാതെ ശ്രദ്ധിക്കണം. ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം നടത്തണം.