രാജ്യം മുഴുവൻ കാലവർഷം വ്യാപിച്ചതായി കാലാവസ്ഥ വകുപ്പ്
രാജ്യം മുഴുവൻ കാലവർഷം (തെക്കു പടിഞ്ഞാറൻ മൺസൂൺ) വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ഇന്ന് (ജൂലൈ 2)നാണ് കാലവർഷം ഇന്ത്യ മുഴുവൻ വ്യാപിച്ചതായി കാലാവസ്ഥ വകുപ്പ് സ്വീകരിച്ചത്. ഇത്തവണ കാലവർഷം ഇന്ത്യ മുഴുവൻ വ്യാപിച്ചത് സാധാരണയിലും ആറു ദിവസം നേരത്തെയാണ്. മെയ് 30നാണ് കാലവർഷം ഇത്തവണ കേരളത്തിൽ എത്തിയത്. സാധാരണ ജൂൺ 1നാണ് കാലവർഷം കേരളത്തിൽ എത്തുക. മെയ് 30ന് കേരളത്തിൽ എത്തിയ കാലവർഷം സാധാരണ രീതിയിൽ 34 ദിവസം എടുത്ത് ജൂലൈ എട്ടിനാണ് ഇന്ത്യ മുഴുവൻ വ്യാപിക്കുക. എന്നാൽ ആറ് ദിവസം നേരത്തെ തന്നെ കാലവർഷം ഇന്ത്യ മുഴുവൻ വ്യാപിച്ചെന്ന് കാലാവസ്ഥ വകുപ്പ് സ്ഥിരീകരിക്കുകയാണ്.
കഴിഞ്ഞവർഷവും ജൂലൈ രണ്ടിനാണ് കാലവർഷം രാജ്യത്ത് മുഴുവൻ എത്തിച്ചേർന്നത്.
സൊമാലിയന്‍ ജെറ്റ് പ്രതിഭാസമാണ് കേരളത്തിൽ ഉടനീളം ശക്തമായ മഴ ലഭിക്കാനും കാലവർഷം നേരത്തെ തന്നെ ഇന്ത്യ മുഴുവൻ വ്യാപിക്കാനും കാരണമായത്.
ഉത്തരേന്ത്യയില്‍ ജെറ്റ് സ്ട്രീം ഉള്‍പ്പെടെയുള്ള പ്രതിഭാസം ഏതാനും ദിവസങ്ങള്‍ കൂടി സജീവമായി തുടരും. ഇതോടെ അവിടത്തെ പ്രളയ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായേക്കും. ജെറ്റ് സ്ട്രീം ഏതാനും ദിവസത്തിനകം ശക്തി കുറയുമെന്നാണ് പ്രതീക്ഷ. അതേസമയം ഉത്തരേന്ത്യയിലും പാകിസ്ഥാനിലും പ്രളയത്തിന് കാലവര്‍ഷം കാരണമായേക്കും.
ഇന്ത്യയുടെ മധ്യമേഖല, വടക്കന്‍ ഭാഗം, കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ ഇനിയുള്ള ഒരാഴ്ച മഴ സജീവമാണ്.
കേരള തീരത്ത് ജെറ്റ്‌സ്ട്രീം ദുര്‍ബലമായെങ്കിലും ന്യൂനമര്‍ദ പാത്തി വീണ്ടും സജീവമായതും ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്തായി രൂപം കൊണ്ട ന്യൂനമര്‍ദവും ഗുജറാത്തില്‍ കച്ചിനോട് ചേര്‍ന്ന് രൂപം കൊണ്ട ചക്രവാതച്ചുഴിയുമെല്ലാം അറബിക്കടലിലെ മേഘങ്ങളെ കേരളത്തില്‍ എത്തിച്ചു മഴ നല്‍കി.
ഇതാണ് ജെറ്റ്‌സ്ട്രീം ദുര്‍ബലമായ ശേഷവും കേരളത്തില്‍ മഴയെ സജീവമാക്കി നിര്‍ത്തിയത്.
കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെയുള്ള ന്യുന മർദ്ദ പാത്തി സ്വാധീനം കേരളത്തിൽ വരും ദിവസങ്ങളിലും മിതമായ/ ഇടത്തരം മഴ ലഭിക്കും. തുടർച്ചയായ മഴ സാധ്യത ഇല്ല .
അതോടൊപ്പം കാലവർഷകാറ്റ് കൊങ്കൺ മഹാരാഷ്ട്ര മേഖലയിൽ ശക്തമായി തുടരുന്നതിനാൽ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത.
മഴ പൂർണമായും വിട്ട് നിൽക്കില്ലെങ്കിലും മഴയുടെ ഇടവേളകള്‍ കൂടും.
ജൂലൈ ആദ്യവാരം മഴ കുറയുമെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നു. മണ്‍സൂണ്‍ ബ്രേക്ക് പോലുള്ള സാഹചര്യത്തിന് സമാനമായ സ്ഥിതി ജൂലൈ ആദ്യവാരത്തിന്റെ അവസാനവും രണ്ടാം വാരവുമായി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
കേരളത്തിലും തീരദേശ കര്‍ണാടകയിലും ജൂലൈ ആദ്യവാരം മഴ കുറയും. ഈ മേഖലകളില്‍ ഇപ്പോള്‍ മഴക്കുറവുണ്ട്. ജൂലൈ 5 മുതല്‍ മഴയുടെ അളവില്‍ വീണ്ടും കുറവുണ്ടാകാനാണ് സാധ്യത. പ്രതിദിന ശരാശരി മഴ പോലും ഈ ദിവസങ്ങളില്‍ കേരളത്തിലും തീരദേശ കര്‍ണാടകയിലും ലഭിക്കാന്‍ സാധ്യതയില്ല.
രണ്ടാം വാരത്തില്‍ മഴയെത്താനുള്ള സാധ്യതയും ചില മോഡലുകള്‍ കാണിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ സിസ്റ്റങ്ങളുടെ പുരോഗതിക്കനുസരിച്ചേ ഇക്കാര്യത്തില്‍ വ്യക്തത നല്‍കാന്‍ കഴിയൂ. കേരളത്തില്‍ മഴ കുറയുമെങ്കിലും ദുര്‍ബലമായ കാലവര്‍ഷക്കാറ്റ് തമിഴ്‌നാട്ടില്‍ ഇടിയോടെ മഴ നല്‍കും.
കിഴക്കന്‍ കാറ്റിന് ഈയിടെ സാധാരണ സീസണില്‍ കാണുന്നതിനേക്കാള്‍ ശക്തിയുണ്ട്. കാലവര്‍ഷക്കാറ്റ് ദുര്‍ബലമാകുന്നതിന് അനുസരിച്ച് ഇടിയോടെ മഴ ലഭിക്കുന്നതിന് കാരണം ഇതാണ്. തമിഴ്‌നാട്ടില്‍ ഈ ആഴ്ചയും അടുത്തയാഴ്ചയും മഴ ഒറ്റപ്പെട്ട ഇടങ്ങളില്‍ പ്രതീക്ഷിക്കുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.