കേരളത്തിൽ കാലവർഷം വൈകിയതോടെ ഇന്ന് അനുഭവപ്പെട്ടത് കടുത്ത ചൂട്. രാത്രിയോടെ തെക്കൻ കേരളത്തിൽ കാലവർഷക്കാറ്റിന്റെ ഭാഗമായ മഴ എത്തുമെന്നാണ് മെറ്റ്ബീറ്റ് വെതർ ടീം ഇന്ന് ഉച്ചയ്ക്കുള്ള അവലോകനത്തിൽ പറഞ്ഞത്. കൊല്ലം ജില്ലയിൽ രാത്രിയിൽ മഴ ലഭിക്കുന്നുമുണ്ട്.
നേരത്തെ, ജൂൺ നാലിന് കാലവർഷം കേരളത്തിൽ എത്തും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ പറഞ്ഞതിലും വൈകി ജൂൺ ഏഴിന് കാലവർഷം കേരളത്തിൽ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ വിലയിരുത്തൽ. മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണ പ്രകാരം ജൂൺ എട്ടിനാണ് കാലവർഷം കേരളത്തിൽ എത്തുക.
അറബികടലിൽ രൂപപ്പെടുന്ന ന്യൂന മർദ്ദത്തിന്റെ ശക്തിയും സഞ്ചാരപാതയും അനുസരിച്ചാണ് ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിലെ കാലവർഷത്തിന്റെ വരവും അതിന്റെ ശക്തിയും തീരുമാനിക്കപ്പെടുക.
കാലവർഷം വൈകിയതോടെ കേരളത്തിൽ ചൂട് കൂടുന്നു.
ഇന്ന് വിവിധ വെതർ സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയ ചൂട് മലമ്പുഴ 37.3 ഡിഗ്രി, എരിക്കുളം 37.1, ഡിഗ്രി ചെമ്പേരി 36.7 ഡിഗ്രി, വെള്ളാനിക്കര 36.4 ഡിഗ്രി, ആലുവ 36.4 ഡിഗ്രി, കോഴിക്കോട് 36 ഡിഗ്രി, തൈക്കാട്ടുശ്ശേരി 36, വൈക്കം 35.9 ഡിഗ്രി വെങ്കുറിഞ്ഞി 34.9 ഡിഗ്രി, തിരുവനന്തപുരം 33.3 ഡിഗ്രി എന്നിങ്ങനെയാണ്. തിരുവനന്തപുരത്താണ് ഏറ്റവും കുറഞ്ഞ ചൂട് ഇന്ന് രേഖപ്പെടുത്തിയത്.
എന്നാൽ ഇന്നുമുതൽ കാലവർഷക്കാറ്റിന്റെ നേരിയ സ്വാധീനം തുടങ്ങും തുടർച്ചയായ മഴയൊന്നും ലഭിച്ചില്ലെങ്കിലും ചക്രവാത ചുഴി കറക്കം ശക്തമാകുന്ന മുറയ്ക്ക് കാലവർഷക്കാറ്റ് പതിയെ കടന്നുവരുമെന്ന് വെതർമാൻ കേരള പറയുന്നു. എറണാകുളത്തു നിന്ന് തെക്കോട്ട് ഇന്നും നാളെയും ഇത് അനുഭവപ്പെട്ടു തുടങ്ങും. വടക്കോട്ട് മറ്റന്നാൾ മുതൽ മഴ സാധ്യത. വടക്കൻ കേരളത്തിൽ നാളെ മിക്കവാറും മേഘാവൃതമായ കാലാവസ്ഥ ആയിരിക്കും. കാലവർഷം തുടങ്ങിയാൽ പോലും മൂന്നുനാലു ദിവസം കഴിഞ്ഞാൽ വീണ്ടും വെയിലാകും.
കാലവർഷം കേരളത്തിൽ എത്തിയെന്ന് സ്ഥിരീകരിക്കാൻ കാലവസ്ഥാ വകുപ്പിന് ചില മാനദണ്ഡങ്ങളുണ്ട്. നാലു മാനദണ്ഡങ്ങൾ പൂർത്തിയായാൽ മാത്രമേ കാലവർഷം കേരളത്തിൽ എത്തി എന്ന് സ്ഥിരീകരിക്കാൻ കാലാവസ്ഥാ വകുപ്പിന് കഴിയൂ.
എന്തെല്ലാമാണ് അവയെന്ന് നോക്കാം.
മഴ മാനദണ്ഡം:
കാലാവസ്ഥാ വകുപ്പിന്റെ 14 സ്റ്റേഷനുകളിലെ മഴ മാപിനികളിൽ മെയ് 10 ന് ശേഷം 60 ശതമാനത്തിലെങ്കിലും തുടർച്ചയായ രണ്ടു ദിവസമോ അതിൽ കൂടുതലോ 2.5 എം.എം മഴ രേഖപ്പെടുത്തണം. മിനികോയ്, അമിനി, തിരുവനന്തപുരം, പുനലൂർ, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കുഡ്‌ലു, മംഗലാപുരം എന്നീ സ്റ്റേഷനുകളാണിവ. ഈ മാനദണ്ഡം നിലവിൽ പൂർത്തിയായിട്ടില്ല.
കാറ്റിന്റെ മാനദണ്ഡം
പടിഞ്ഞാറു നിന്നുള്ള കാറ്റ് അന്തരീക്ഷത്തിലെ 600 മില്ലിബാർ മർദമുള്ള ഉയരത്തിൽ വരെ (ഏകദേശം സമുദ്രോപരിതത്തിൽ നിന്ന് 2.5 കി.മി ഉയരത്തിൽ വരെ) സജീവമാകണം. അക്ഷാംശ രേഖ 5 മുതൽ 10 ഡിഗ്രിവരെ വടക്കിനും രേഖാംശ രേഖ 70 മുതൽ 80 ഡിഗ്രിവരെ കിഴക്കുമുള്ള പ്രദേശത്തെ കാറ്റിന്റെ വേഗത 925 മില്ലി ബാർ ഉയരത്തിൽ വരെ 15 മുതൽ 20 നോട്ടിക്കൽ മൈൽ വേണം. ഈ കാറ്റിന്റെ അളവ് കാലാവസ്ഥാ വകുപ്പിന്റെ ഉപഗ്രഹങ്ങളിലെ ഡാറ്റ മാത്രമേ പരിഗണിക്കൂ.