രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും കലവർഷം തകർത്തു പെയ്യുമ്പോൾ മഴ ഇല്ലാത്ത പ്രദേശങ്ങളുമുണ്ട്. മഴ ലഭിക്കാൻ പരമ്പരാഗത ആചാരങ്ങളും നടക്കുന്നു.
ഉത്തർപ്രദേശിലെ മഹാരാജ്‍ഗഞ്ചിലെ പിപ്രദേറയില്‍ മഴ പെയ്യാന്‍ എം.എല്‍.എയെ ചെളിയില്‍ കുളിപ്പിച്ച് ജനങ്ങള്‍. ബി.ജെ.പി എം.എൽ.എ ജയ് മംഗൾ കനോജിയയെയും മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് കൃഷ്ണ ഗോപാൽ ജയ്‌സ്വാളിനെയുമാണ് ചെളിയില്‍ കുളിപ്പിച്ചത്. കാലവർഷം എത്തിയെങ്കിലും യു.പി യിൽ ചില ഭാഗങ്ങളിൽ ചൂട് തുടരുകയാണ്. മഴയും ലഭിക്കുന്നില്ല. മഴക്ക് വേണ്ടി ഇത്തരം ആചാരങ്ങളും വിശ്വാസങ്ങളും പലയിടത്തും നില നിൽക്കുന്നുണ്ട്.
മഴക്ക് വേണ്ടിയുള്ള ആചാരത്തിന്റെ ഭാഗമായി ഒരാളുടെമേൽ ചെളി വാരിയെറിയുകയോ ചെളിയിൽ കുളിപ്പിക്കുകയോ ചെയ്യുന്നതിലൂടെ മഴദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താന്‍ കഴിയുമെന്നാണ് കിഴക്കൻ ഉത്തർപ്രദേശിലെ ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസം. ഇപ്പോൾ ഇന്ദ്രൻ സന്തോഷവാനായിരിക്കുമെന്നും മഴ നല്‍കി അനുഗ്രഹിക്കുമെന്നും എം.എല്‍.എയെ ചെളിയില്‍ കുളിപ്പിച്ച സ്ത്രീകള്‍ പറഞ്ഞു.
കനത്ത ചൂടു കാരണം ജനങ്ങൾ കഷ്ടപ്പെടുകയാണെന്ന് എം.എല്‍.എ പറഞ്ഞു. വിളകള്‍ കരിഞ്ഞുപോവുകയാണ്. കൊടും വരള്‍ച്ചയാണ്. അതിനാലാണ് താന്‍ ചടങ്ങിൽ പങ്കെടുക്കാൻ സമ്മതിച്ചത്. ഇതൊരു പഴയ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ആചാരമാണെന്നും എം.എല്‍.എ പ്രതികരിച്ചു. വാർത്താ ഏജൻസിയായ എ.എൻ. ഐ ആണ് വ്യത്യസ്തമായ ആചാരത്തിന്റെ വിഡിയോ പങ്കു വച്ചത്. ദേശീയ മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു.