ദുരിത പെയ്ത്ത് ; മൂന്ന് ദിവസത്തിനുള്ളിൽ 42 മരണം, മണാലിയിൽ മലയാളി കുടുംബം കുടുങ്ങി

കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ഉത്തരേന്ത്യയിൽ 42 പേർ മരിച്ചു. നദികളായ ബ്യാസും സത്ലജുമെല്ലാം കരകവിഞ്ഞ് സമീപപ്രദേശങ്ങൾ എല്ലാം വെള്ളത്തിൽ മുങ്ങി. ഹിമാചൽ പ്രദേശിൽ 20, ജമ്മു കശ്മീരിൽ 15, ഡൽഹിയിൽ അഞ്ച്, രാജസ്ഥാനിലും ഹരിയാനയിലും ഓരോരുത്തർ വീതവും മരിച്ചതായി സംസ്ഥാനങ്ങളിലെ ദുരന്തനിവാരണ ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടാഴ്ചയ്ക്കിടെ മഴക്കെടുതിയിൽ നൂറിലേറെപേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.

ഹിമാചൽ പ്രദേശിൽ സ്ഥിതി ഗുരുതരം

എട്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ 12 സംഘങ്ങൾ ഹിമാചലിലെത്തിയിട്ടുണ്ട്. 24 മണിക്കൂർ നേരത്തേക്ക് പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഷിംല, കുളു, സോലൻ, ലഹോൾ, കിന്നൗർ, മണ്ടി, ബിലാസ്പൂർ, സിർമൗർ ജില്ലകളിലാണ് റെഡ് അലർട്ട്. ഹിമാചല്‍ പ്രദേശിലെ റോഡുകൾ, വൈദ്യുതി ട്രാൻസ്ഫോർമറുകൾ, സബ് സ്റ്റേഷനുകൾ, നിരവധി ജലവിതരണ പദ്ധതികൾ എന്നിവയുൾപ്പെടെ തകരാറിലായി. 4000 കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. 4,686 ട്രാൻസ്‌ഫോർമറുകൾക്ക് കേടുപാടുകൾ ഉണ്ടായതോടെ നൂറുകണക്കിന് ഗ്രാമങ്ങളാണ് ഇരുട്ടിലാക്കിയിരിക്കുന്നത്.

മണാലി- ലേ ഹൈവേയ്ക്കും കഴിഞ്ഞദിവസം തകരാർ സംഭവിച്ചിരുന്നു. ഇതോടെ ലാഹൗൾ- സ്പീതി ജില്ലകളെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന റോഡ് ഇല്ലാതായി.  മണാലിയിലേക്ക് പോയ മലപ്പുറം സ്വദേശികളായ കുടുംബമടക്കം ആറ് പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. ജില്ലകളിൽ കുടുങ്ങിക്കിടക്കുന്ന മുന്നൂറോളം ടൂറിസ്റ്റുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

https://twitter.com/Dilipbaroi59420/status/1678347724729753600?t=pKH1uqUgOBfRKk8Bwv-yUA&s=19

ഹരിയാനയിലും നിരവധി നാശനഷ്ടങ്ങൾ

ഹരിയാനയിലുണ്ടായ മഴക്കെടുതിയിൽ നിരവധി റെയിൽ പാതകൾ, ദേശീയപാത, പാലങ്ങൾ, പവർ സ്റ്റേഷനുകൾ എന്നിവയ്ക്ക് കാര്യമായ തകരാർ സംഭവിച്ചിരുന്നു. മൂന്ന് കുട്ടികളുൾപ്പെടെ അഞ്ച് പേരാണ് കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്ത് മരിച്ചത്. അൻപതോളം ട്രെയിനുകളുടെ യാത്രയ്ക്കും പേമാരി തടസം സൃഷ്ടിച്ചിരുന്നു.

കനത്ത മഴയിൽ പഞ്ചാബിലും മൂന്നുപേർ മരിച്ചിരുന്നു. മൊഹാലി, റോപട്, പട്യാല, ഫത്തേഹ്ഗഡ് സാഹിബ്, ജലന്ധർ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 14 എൻഡിആർഎഫ് സംഘങ്ങളും സംസ്ഥാന ദുരന്തനിവാരണ സേനയുമെല്ലാം ഒത്തൊരുമിച്ചതാണ് സംസ്ഥാനത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. ദുരന്തത്തിലുണ്ടായ നഷ്ടങ്ങളുടെ കണക്കെടുക്കാൻ പരിശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു.


പടിഞ്ഞാറൻ അസ്വസ്ഥത (western disturbance)യും മൺസൂൺ കാറ്റിന്റെ പ്രതിപ്രവർത്തനവുമാണ് കനത്ത മഴയുടെ പ്രധാന കാരണം. ഈ പ്രതിഭാസം ഹിമാചൽ പ്രദേശിന് മുകളിൽ സൃഷ്ടിച്ച വായുഗർത്തമാണ് ഹിമാചൽ പ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും ചില ഭാഗങ്ങളിൽ കനത്ത മഴക്ക് കാരണമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി).

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment