കേരളതീരത്ത് മേഘങ്ങൾ സജീവമായതും സമുദ്രനിരപ്പിൽ നിന്ന് മൂന്ന് കിലോമീറ്റർ ഉയരത്തിൽ വരെയുള്ള പടിഞ്ഞാറൻ കാറ്റ് മിതമായ രീതിയിൽ ശക്തിയുള്ളത് ആയതു കാരണം കേരളത്തിൽ ഇന്നും മഴ തുടരാൻ സാധ്യത. ഇന്ന് രാത്രി വരെ മഴക്ക് അനുകൂല സാഹചര്യമാണ് നിലനിൽക്കുന്നത്. കൊല്ലം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ ഇന്ന് പുലർച്ചെ മുതൽ മഴ ശക്തമാണ്. എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശം, കോട്ടയം ജില്ല, കോട്ടയം പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖല, എറണാകുളത്തിനും ആലപ്പുഴക്കും ഇടയിലുള്ള തീരദേശ മേഖല, പൊന്നാനിക്കും ചാവക്കാടിനും ഇടയിലുള്ള പ്രദേശം, കണ്ണൂർ ജില്ലയിലെ തീരദേശ ഇടനാട് മേഖലകൾ, തിരുവനന്തപുരം ജില്ലയുടെ കിഴക്കൻ മലയോര മേഖലകൾ, എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് മുമ്പേ മഴയുണ്ടാകും.
അതിശക്തമല്ലെങ്കിലും ചാറ്റിൽ മഴയോ ഇടത്തരം മഴയോ തുടരുന്ന രീതിയിലാണ് ഇന്നത്തെ അന്തരീക്ഷം ഉണ്ടാവുക. പാലക്കാട് വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വെയിൽ തെളിയും. ഇന്ന് രാത്രി മുതൽ കാറ്റിന്റെ ദിശയിൽ മാറ്റം വരുന്നതോടെ മഴ കുറയാനാണ് സാധ്യത. ജൂലൈ 3 മുതൽ 8 വരെ കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നായിരുന്നു മെറ്റ്ബീറ്റ് വെതർന്റെ കഴിഞ്ഞ ആഴ്ചയിലെ പ്രവചനം. ഞങ്ങളുടെ പുതുക്കിയ പ്രവചനം അനുസരിച്ചും എട്ടിന് ശേഷം മഴ കുറയാനാണ് സാധ്യത എന്ന് പറയുന്നു. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ താരതമ്യേന മഴ കുറഞ്ഞ ആഴ്ചയായിരിക്കും.
ലക്ഷദ്വീപ് മുതൽ കേരളതീരം വരെയുള്ള മേഖലയിലാണ് മേഘ വിന്യാസം ഉള്ളത്. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെയുള്ള തീരദേശത്ത് ന്യൂനമർദ്ദം പാത്തി നിലനിൽക്കുന്നുണ്ട്. ബൽ ഗവി മുതൽ കേരള തീരം വരെയാണ് ഇന്ന് മഴക്ക് സാധ്യത ഉള്ളത്.