കാലവർഷം കർണാടകയിലും തമിഴ്‌നാട്ടിലും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ കാലവർഷക്കാറ്റ് കൂടുതൽ അനുകുല സ്ഥിതിയിലേക്ക്. കേരളത്തിൽ ഉച്ചവരെ മേഘങ്ങൾ കരകയറാൻ മടിച്ചു നിന്നെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ ലഭിച്ചു തുടങ്ങി. ബുധനാഴ്ച വരെ മഴ ശക്തമാകുമെന്നായിരുന്നു നേരത്തെയുള്ള മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണമെങ്കിലും മഴ ചൊവ്വാഴ്ചക്ക് ശേഷം കുറയാനാണ് സാധ്യതയെന്നാണ് ഞങ്ങളുടെ നിരീക്ഷകരുടെ പുതിയ നിഗമനം.
കാലവർഷം കൊങ്കൺ മേഖലയിലും തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലും വ്യാപിച്ചിട്ടുണ്ട്. അക്ഷാംശ രേഖ വടക്ക് 15 ഡിഗ്രിവരെ കാലവർഷം എത്തി. കേരളം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾക്ക് ഒപ്പം ആന്ധ്രാപ്രദേശിലും കാലവർഷം എത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. രത്‌നഗിരി, ശ്രീഹരിക്കോട്ട പുട്ടപർത്തി മേഖലയിലാണ് കാലവർഷം എത്തിയത്.
കേരളത്തിൽ മഴ ശക്തിപ്പെടുത്തുന്ന മറ്റു അന്തരീക്ഷ ഘടകങ്ങളൊന്നും ഇല്ലാത്തിനാൽ കാലവർഷത്തിന്റെ ഭാഗമായ മഴ ഇന്നും നാളെയും സജീവമായി തുടരും. പിന്നീട് മഴ ഒറ്റപ്പെട്ട മഴയെന്ന രീതിയിലേക്ക് മാറും. മധ്യകേരളത്തിലും തെക്കൻ ജില്ലകളിലുമാണ് ഇന്നും നാളെയും കൂടുതൽ മഴക്ക് സാധ്യത. മലയോര മേഖലകളേക്കാൾ തീരദേശത്തും ഇടനാട്ടിലുമാണ് മഴ സജീവമാകുക.