കേരളത്തിന്റെ വിവിധ ജില്ലകളിൽ ഇന്നും മഴ ശക്തമാകും. Biparjoy Cyclone ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നതോടെ കേരളത്തിലേക്ക് കാലവർഷം കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് പുലർച്ചെ മുതൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.
സമുദ്രനിരപ്പിൽ നിന്ന് അന്തരീക്ഷത്തിലെ 3 കിലോമീറ്റർ ഉയരത്തിൽ വരെ പടിഞ്ഞാറൻ കാറ്റ് ശക്തവും നേരായ ദിശയിലുമാണ്. ഇതുമൂലം അറബിക്കടലിൽ നിന്നുള്ള ഈർപ്പ പ്രവാഹം മേഘങ്ങളായി മാറുകയും കേരളത്തിൽ മഴ പെയ്യുകയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളിൽ ഉച്ചവരെ കടലിൽ മഴ പെയ്യുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് രാവിലെ മുതൽ മേഘങ്ങൾ കര കയറുന്നുണ്ട്.
കേരളത്തിന്റെ പടിഞ്ഞാറൻ തീരത്ത് മേഘ സാന്നിധ്യം ഉണ്ട്. ഇത് രാവിലെ മുതൽ വടക്കൻ ജില്ലകളിൽ കരകയറി തുടങ്ങുന്നുണ്ട്. കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ രാവിലെ മഴ സാധ്യത. എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലകളിലും ഇന്ന് ഉച്ചയ്ക്ക് മുമ്പ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം.
ഉച്ചക്കുശേഷം തൃശ്ശൂര് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ മഴ ലഭിക്കും. അറബിക്കടലിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. കേരളതീരത്ത് ഉയർന്ന തിരമാലകൾക്കും കടൽക്ഷോഭത്തിനും ഇന്ന് സാധ്യത. കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ പാലിച്ചേ കടലിൽ പോകാവൂ.