പൗര്‍ണമിക്കൊപ്പം നാളെ പതിനാലാം രാവില്‍ പെനമ്പ്രല്‍ ചന്ദ്രഗ്രഹണം എവിടെയെല്ലാം കാണാം
നാളെ പൗര്‍ണമിക്കൊപ്പം ചന്ദ്രഗ്രഹണവും ദൃശ്യമാകും. ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണമാണ് ഹോളി ആഘോഷത്തിനും റമദാനിലെ പതിനാലാം രാവിലുമായി വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഭൂമി ചന്ദ്രനും സൂര്യനും ഇടയില്‍ സഞ്ചരിക്കുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതാണ് ചന്ദ്രഗ്രഹണം. ചന്ദ്രന്‍, ഭൂമി, സൂര്യന്‍ എന്നിവ നേര്‍രേഖയില്‍ വരുമ്പോഴാണ് ഗ്രഹണം ദൃശ്യമാകുക.
ഇത് പെനമ്പ്രല്‍ ചന്ദ്രഗ്രഹണം
ചന്ദ്രഗ്രഹണം വിവിധ രീതിയിലാണുണ്ടാകുക. സമ്പൂര്‍ണ ചന്ദ്രഗ്രഹണം, ഭാഗിക ചന്ദ്രഗ്രഹണം, പെനമ്പ്രല്‍ ചന്ദ്രഗ്രഹണം എന്നിവയാണിത്. ചന്ദ്രന്‍ ഭൂമിയുടെ നിഴലില്‍ നേരിയ മങ്ങിയ പുറംഭാഗത്തിലൂടെ കടന്നുപോകുന്നതിനെയാണ് പെനമ്പ്രല്‍ ചന്ദ്രഗ്രഹണം എന്നു പറയുന്നത്. ഈ സമയം ചന്ദ്രന്‍ അല്‍പം മങ്ങിയ നിലയിലാകും കാണപ്പെടുക. പൂര്‍ണ ചന്ദ്രഗ്രഹണമുണ്ടാകുമ്പോള്‍ ഭൂമിയുടെ നിഴല്‍ പൂര്‍ണമായും ചന്ദ്രനില്‍ പതിക്കുകയും ചന്ദ്രന്‍ ചുവന്ന നിറത്തില്‍ (രക്തചന്ദ്രന്‍) ആയി കാണപ്പെടുകയും ചെയ്യും. ഭാഗിക ചന്ദ്രഗ്രഹണത്തില്‍ ചന്ദ്രനില്‍ ഭൂമിയുടെ നിഴല്‍ ഭാഗികമായേ പതിക്കുന്നുള്ളൂ. അതിനാല്‍ ചന്ദ്രനില്‍ ഭാഗികമായി ചുവന്ന നിറത്തില്‍ നിഴല്‍ കാണാം. നാളെ നടക്കുന്നത് പെനമ്പ്രല്‍ ചന്ദ്രഗ്രഹണമാണ്.
എപ്പോള്‍ കാണാം
ഇന്ത്യന്‍ സമയ പ്രകാരം നാളെ രാവിലെ 10.24 മുതല്‍ ഗ്രഹണം തുടങ്ങും. ഉച്ചയ്ക്ക് 12.43 ന് ഗ്രഹണം പാരമ്യത്തിലെത്തും. 3.01 ന് ഗ്രഹണം തീരും. പകലായതിനാല്‍ ഇന്ത്യയില്‍ ഗ്രഹണം ദൃശ്യമാകില്ല. മാത്രവുമല്ല ചക്രവാളത്തിനു താഴെയാകും ഇന്ത്യയില്‍ നിന്ന് നോക്കുമ്പോള്‍ ചന്ദ്രനുണ്ടാകുക.
ഇവിടെയെല്ലാം കാണാം
യൂറോപ്പിലും ആഫ്രിക്കയിലും തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലും ആസ്‌ത്രേലിയയുടെ ചില ഭാഗങ്ങളിലും കിഴക്കന്‍ ഏഷ്യയുടെ ചില ഭാഗങ്ങളിലും പെനമ്പ്രല്‍ ചന്ദ്രഗ്രഹണം കാണാനാകും.
കിഴക്കന്‍ യു.എസില്‍ മാര്‍ച്ച് 25 ന് പുലര്‍ച്ചെ ഗ്രഹണം കാണാനാകുമെന്ന് space.com റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ 12.53 ന് ചന്ദ്രന്‍ യു.എസില്‍ പെനമ്പ്രയിലേക്ക് പ്രവേശിക്കും. പരമാവധി ഇരുണ്ട ഗ്രഹണം പുലര്‍ച്ചെ 3.12 ന് ദൃശ്യമാകും. പുലര്‍ച്ചെ 3.46 മുതല്‍ ഗ്രഹണം ഉച്ചസ്ഥായിയിലെത്തും. പുലര്‍ച്ചെ 5.32 ന് പെനമ്പ്രയില്‍ നിന്ന് ഗ്രഹണം നീങ്ങി തുടങ്ങും.
2024 സെപ്റ്റംബര്‍ 18 നാണ് അടുത്ത ഭാഗിക ചന്ദ്രഗ്രഹണം ഉണ്ടാകുക. അമേരിക്ക, യൂറോപ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ ഇത് ദൃശ്യമാകും.