Low Pressure Update 08/12/23: ന്യൂനമര്‍ദം അല്‍പനേരം ശക്തിപ്പെട്ടു, കേരള തീരത്തേക്ക് നീങ്ങി
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളത്തില്‍ മഴ നല്‍കി. വിവിധ പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. തെക്കന്‍ ജില്ലകള്‍ക്ക് പുറമേ തൃശൂര്‍, എറണാകുളം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലും രാവിലത്തെ പോസ്റ്റില്‍ സൂചിപ്പിച്ചതുപോലെ ചാറ്റല്‍ മഴയും നേരിയ തോതിലുള്ള മഴയും തുടരുകയാണ്. കിഴക്കന്‍ മേഖലയില്‍ കാറ്റിന്റെ അഭിസരണം കാരണം ഇടിയോടെയുള്ള ശക്തമായ മഴ ലഭിക്കാം.
സ്ഥിരീകരിക്കാതെ കാലാവസ്ഥാ വകുപ്പ്
തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ന്യൂനമര്‍ദം രൂപപ്പെട്ടതായി സ്ഥിരീകരിച്ചിട്ടില്ല. ഈ മേഖലയില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടുവെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. വീണ്ടും ശക്തിപ്പെട്ട കാര്യത്തില്‍ കാലാവസ്ഥാ വകുപ്പിനും സ്വകാര്യ കാലാവസ്ഥാ ഏജന്‍സികള്‍ക്കും നിരീക്ഷകര്‍ക്കും ഭിന്നാഭിപ്രായമാണുള്ളത്.
അല്‍പനേരം ശക്തമായി
ന്യൂനമര്‍ദം രൂപപ്പെട്ട ശേഷം അല്‍പനേരം കടലില്‍ ശക്തമാകാന്‍ തുടങ്ങിയെങ്കിലും പിന്നീട് ശക്തികുറഞ്ഞു. അന്തരീക്ഷത്തിന്റെ ഉയര്‍ന്ന മേഖലയിലുള്ള തിരശ്ചീന കാറ്റാണ് ന്യൂനമര്‍ദത്തിന്റെ വികാസത്തെ തടയുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1.5 നും 2 കിലോമീറ്ററിനും ഇടയിലാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇത് അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരമാണ്. ഈ ഉയരത്തില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദങ്ങള്‍ ശക്തിപ്പെട്ട് ചുഴലിക്കാറ്റോ മറ്റോ സാധാരണ രീതിയില്‍ ആകാറില്ല.
കേരള തീരം ലക്ഷ്യമാക്കി സഞ്ചരിച്ചു
ഇന്ന് കുറച്ചു നേരം ശക്തിപ്പെട്ട ശേഷം ന്യൂനമര്‍ദം കേരള തീരം ലക്ഷ്യമാക്കി സഞ്ചരിച്ചു. കേരള തീരത്തു നിന്ന് സുരക്ഷിത അകലത്തിലാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. കിഴക്കോട്ട് നീങ്ങിയെങ്കിലും ഇപ്പോഴും സുരക്ഷിത അകലത്തിലാണ്. അതിനാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല. ന്യൂനമര്‍ദത്തെ ചുറ്റിപ്പറ്റി ധാരാളം മേഘങ്ങളുണ്ട്. ഇവ കടലിലും ലക്ഷദ്വീപ് മേഖലയിലും മഴ നല്‍കുന്നുണ്ട്. കാറ്റിന്റെ സഞ്ചാരം കേരള തീരം വഴി കടന്നുപോകുന്നതിനാലാണ് കേരളത്തില്‍ തീരദേശത്ത് നേരിയ തോതില്‍ ചാറ്റല്‍ മഴ ലഭിക്കുന്നത്.
മഴ ഞായര്‍വരെ തുടരും, കൊച്ചി കടക്കില്ല
ന്യൂനമര്‍ദം അടുത്ത രണ്ടു ദിവസം കൂടി കടലില്‍ തുടര്‍ന്ന ശേഷം ദുര്‍ബലമാകാനാണ് സാധ്യത. നാളെ (ശനി) കേരളത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ മഴക്ക് സാധ്യത. തിങ്കള്‍ മുതല്‍ കേരളത്തില്‍ ന്യൂനമര്‍ദത്തിന്റെ സ്വാധീനം ഇല്ലാതാകും. അക്ഷാംശ രേഖ വടക്ക് 6 മുതല്‍ 8 ഡിഗ്രിക്കു ഇടയിലാണ് ന്യൂനമര്‍ദം സഞ്ചരിക്കുക. കൊച്ചിക്ക് സമാന്തരമായി പോലും എത്തുകയോ വടക്കോട്ട് സ്ഞ്ചരിക്കുകയോ ചെയ്യില്ല. അക്ഷാംശ രേഖ 10 ഡിഗ്രി വടക്കാണ് കൊച്ചിയുടെ സ്ഥാനം. മധ്യ കിഴക്കന്‍ അറബിക്കടലിലെ എതിര്‍ച്ചുഴലിയാണ് ന്യൂനമര്‍ദം വടക്കോട്ട് പോകുന്നത് തടയുന്നത്.
വടക്ക് എത്തിയില്ലെങ്കിലും മഴ കിട്ടും
വടക്കോട്ട് ന്യൂനമര്‍ദം നീങ്ങിയില്ലെങ്കിലും മഴ വടക്കന്‍ ജില്ലകളിലും ലഭിക്കും. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ലഭിച്ച മഴ ഇതിനു ഉദാഹരണമാണ്. വടക്കന്‍ കേരളത്തിനൊപ്പം കര്‍ണാടകയിലും മഴ ലഭിക്കും. ബംഗളൂരൂ, മൈസൂരു, മാണ്ഡ്യ, ഹാസന്‍ മേഖലയില്‍ നാളെയും മറ്റന്നാളും മഴ സാധ്യതയുണ്ട്. ലക്ഷദ്വീപിലും മാലദ്വീപിലും ന്യൂനമര്‍ദം കനത്ത മഴ നല്‍കും. ലക്ഷദ്വീപിലെ മിനിക്കോയ്, അമിനി ദേവി, അഗത്തി എന്നിവിടങ്ങളില്‍ കനത്ത മഴ അടുത്ത 48 മണിക്കൂര്‍ തുടരാനാണ് സാധ്യത.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.