weather 24/07/25 : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ശനി, ഞായർ മഴ ശക്തമായേക്കും

weather 24/07/25 : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ശനി, ഞായർ മഴ ശക്തമായേക്കും

വടക്കൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദ്ദം (low pressure area) രൂപപ്പെട്ടു.  കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴക്ക് കാരണമായിരുന്ന ചൈന കടലിലെ വിഫ (Typhoon WIPHA) ചുഴലിക്കാറ്റിൻ്റെ ശേഷിപ്പുകൾ ചേർന്നാണ് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടത്.

വിഫ ചുഴലിക്കാറ്റ് വിയറ്റ്നാമിലും മറ്റും  കരകയറി ശക്തി കുറഞ്ഞു വടക്കു പടിഞ്ഞാറ് സഞ്ചരിച്ചാണ്  ബംഗാൾ ഉൾ കടലിലേക്ക് എത്തിയത്. വിഫ ചുഴലിക്കാറ്റിന്റെ ശേഷിപ്പുകൾ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദത്തിന് കാരണമാകുമെന്ന് കഴിഞ്ഞ ദിവസങ്ങളിലെ പോസ്റ്റുകളിൽ സൂചിപ്പിച്ചിരുന്നു.

ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യത

കർക്കടക വാവുബലി ദിനമായ ഇന്ന് കേരളത്തിൽ എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ട്. പടിഞ്ഞാറൻ തീരത്ത് മേഘ രൂപീകരണമുണ്ട്. രാവിലെ മഴ ശക്തമായിരുന്നു. എന്നാൽ ഇനി മഴക്ക് ഇടവേളകൾ ലഭിക്കും.

എട്ടു ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളത്തിൽ ഇന്ന് എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

കർക്കടക വാവുബലി സുരക്ഷ നിർദേശം പാലിക്കണം

കർക്കടക വാവുബലി ദിനമായ ഇന്ന് ചടങ്ങുകളുടെ ഭാഗമായി പുഴയിലിറങ്ങുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും നിർദേശമുണ്ട്‌. ബുധനാഴ്ച മലയോര മേഖലയിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന്‌ നീരൊഴുക്ക് പരിധി കവിഞ്ഞ അച്ചൻകോവിലാറ്റിൽ സംസ്ഥാന ജലവിഭവ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മൂഴിയാർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ മൂന്ന്‌ ഷട്ടറുകളും തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഗേറ്റ് നമ്പർ ഒന്നും മൂന്നും 10 സെന്റീമീറ്റർ ഉയർത്തിയും ഗേറ്റ് നമ്പർ രണ്ട് 40 സെമീ ഉയർത്തിയുമാണ് അധികജലം പുറത്തേക്ക് ഒഴുക്കുന്നത്.

ഈ സാഹചര്യത്തിൽ കക്കാട്ടാറിന്റെ, പ്രത്യേകിച്ച്‌ മൂഴിയാർ ജലസംഭരണി മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്‌.

ന്യൂനമർദ്ദം മഴ

ന്യൂനമർദ്ദത്തിന്റെ ഭാഗമായി കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ മഴ ലഭിക്കും. എന്നാൽ കാറ്റ് കൂടുതൽ വടക്കോട്ട് മാറുന്നതിനാൽ തീരത്തും മഹാരാഷ്ട്രയിലും ഉൾപ്പെടെ കനത്ത മഴയുണ്ടാകും. ഉത്തരേന്ത്യയിലും കിഴക്കൻ ഇന്ത്യയിലും മഴ സജീവമാകാൻ ന്യൂനമർദ്ദം സഹായിക്കും. കേരളത്തിൽ പ്രതീക്ഷിച്ച എത്ര അതിശക്തമായ മഴ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

എന്നാൽ കേരളത്തിൻ്റെ വടക്കൻ ജില്ലകളിലും ന്യൂനമർദ്ദത്തിന്റെ ഭാഗമായി കൂടുതൽ മഴ ലഭിക്കും. കഴിഞ്ഞ 6 ആഴ്ചയായി തുടരെ മഴ പെയ്യുന്ന വടക്കൻ കേരളത്തിൽ ജാഗ്രത പുലർത്തണം. ദേശീയപാതയ്ക്ക് വേണ്ടി കുത്തനെ വെട്ടി ഇറക്കിയ കുന്നുകൾ, മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത.

കേരളതീരത്ത് ഉയർന്ന തിരമാല

കേരള തീരത്ത്‌ 24/07/2025 വൈകുന്നേരം 05.30 മുതൽ 26/07/2025 രാത്രി 08.30 വരെ 2.6 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കന്യാകുമാരി തീരത്ത്‌ 24/07/2025 വൈകുന്നേരം 05.30 മുതൽ 26/07/2025 രാത്രി 08.30 വരെ 2.5 മുതൽ 2.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.

English Summary : Prepare for the weekend with our weather update for July 24-25. A low-pressure system in the Bay of Bengal may cause significant rainfall. Check the details!

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020