കേരള തീരത്ത് ന്യൂനമര്‍ദ സാധ്യത, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. കേരള തീരത്തായി അറബിക്കടലിലും അടുത്ത ദിവസം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. ഇതോടെ ഞായര്‍ മുതല്‍ കേരളത്തില്‍ മഴ ശക്തിപ്പെട്ടേക്കും.
വടക്കുപടിഞ്ഞാറന് ബംഗാള്‍ ഉള്‍ക്കടലില്‍ ബംഗ്ലാദേശിനോടും ബംഗാളിനോടും ചേര്‍ന്നാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. രണ്ടു ദിവസത്തിനകം ഇത് ശക്തിപ്പെട്ട് ശക്തികൂടിയ ന്യൂനമര്‍ദം (well marked low pressure) ആയി മാറും. തുടര്‍ന്ന് പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് ലക്ഷ്യമാക്കി നീങ്ങും.
ഈ ന്യൂനമര്‍ദം ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളില്‍ കനത്ത മഴക്കും വെള്ളക്കെട്ടിനും കാരണമാകും. അതിനാല്‍ അടുത്തയാഴ്ച ഈ മേഖലയിലേക്കുള്ള യാത്രകള്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പരിഗണിച്ച് മാത്രം നടത്തുക. കരകയറിയ ന്യൂനമര്‍ദം ദുര്‍ബലമായി ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലൂടെയാണ് സഞ്ചരിക്കുക. ഗുജറാത്തിലും രാജസ്ഥാനിലുമടക്കം മഴ നല്‍കാന്‍ പര്യാപ്തമാണ് ഇതിന്റെ സഞ്ചാരപാതയെന്ന് മെറ്റ്ബീറ്റിലെ നിരീക്ഷകര്‍ പറയുന്നു.
തെക്കന്‍ കര്‍ണാടകയോട് ചേര്‍ന്ന് സമുദ്ര നിരപ്പില്‍ നിന്ന് 5.8 കി.മി ഉയരത്തിലായി ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്.
കേരള തീരത്ത് ന്യൂനമര്‍ദം
കേരളത്തില്‍ വീണ്ടും മഴ ശക്തിപ്പെടുത്താന്‍ കാരണമാകുന്ന ന്യൂനമര്‍ദം അറബിക്കടലില്‍ ഉടലെടുത്തേക്കും. തെക്കുകിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും ഇടയിലായാണ് ന്യൂനമര്‍ദം രൂപപ്പെടുക. ഇത് ഈ മേഖലയില്‍ പെട്ടെന്ന് ശക്തിപ്പെടാനാണ് സാധ്യതയെന്ന് ഞങ്ങളുടെ വെതര്‍മാന്‍ പറയുന്നു.
സാധാരണ രീതിയില്‍ അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം ഒമാന്‍ തീരത്തേക്കോ ഗുജറാത്ത് തീരത്തേക്കോ സഞ്ചരിക്കുകയാണ് പതിവ്. മണ്‍സൂണ്‍ കാലത്തുണ്ടാകുന്ന മണ്‍സൂണ്‍ ന്യൂനമര്‍ദങ്ങള്‍ കൂടുതലും കേരള തീരത്തിന് സമാന്തരമായി കടന്നുപോകുകയാണ് പതിവ്. കേരള തീരത്തിനും കര്‍ണാടക തീരത്തിനും സമാന്തരമായി സഞ്ചരിച്ച് വടക്കോട്ട് നീങ്ങാനാണ് സാധ്യത.
അങ്ങനെയെങ്കില്‍ കേരളത്തിന്റെ കിഴക്കന്‍ മേഖലകളിലടക്കം ശക്തമായ മഴക്ക് ഈ സിസ്റ്റം കാരണമായേക്കും. തിങ്കളാഴ്ചയ്ക്ക് ശേഷം കേരളത്തില്‍ ചിലയിടങ്ങളിലെങ്കിലും തീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
ഇതുവരെ അറബിക്കടല്‍ ശാന്തമായിരുന്നു. കാലവര്‍ഷ സീസണ്‍ രണ്ടര മാസം പിന്നിട്ടപ്പോഴും അറബിക്കടലില്‍ ന്യൂനമര്‍ദ സൂചനകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഞായറാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്നാണ് ഇപ്പോഴത്തെ സൂചന.
അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിലായി കേരള തീരത്താണ് ന്യൂനമര്‍ദം രൂപപ്പെടുക. ഓഗസ്റ്റ് 19 ഓടെ ന്യൂനമര്‍ദം കേരള തീരം വിട്ട് കര്‍ണാടകയുടെ തീരത്തെത്തും. ഓഗസ്റ്റ് 18 നും 19 നുമാണ് കേരളത്തില്‍ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ന്യൂനമര്‍ദം ചുഴലിക്കാറ്റാകാനുള്ള അനുകൂല സമുദ്രസ്ഥിതിയോ അന്തരീക്ഷ സ്ഥിതിയോ നിലവിലില്ലെന്നാണ് ഞങ്ങളുടെ ടീമിന്റെ നിഗമനം.
കൊങ്കണ്‍ തീരമെത്തുന്നതോടെ സിസ്റ്റം ദുര്‍ബലമാകാന്‍ തുടങ്ങും.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag