ന്യൂനമര്‍ദം: ഇത്തവണയും ഇന്തോനേഷ്യയില്‍ ഉരുള്‍പൊട്ടല്‍, പ്രളയം; 10 മരണം
ഇന്തോനേഷ്യക്ക് സമീപം കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 10 പേര്‍ മരിച്ചു. ജാവ ദ്വീപിലാണ് ഉരുള്‍പൊട്ടല്‍. രണ്ടു പേരെ കാണാതായിട്ടുണ്ട്. നേരത്തെ ഫിന്‍ജാല്‍ ചുഴലിക്കാറ്റിന് കാരണമായ ന്യൂനമര്‍ദവും രൂപപ്പെട്ടത് വടക്കന്‍ ഇന്തോനേഷ്യയിലെ ബന്ദെ ആച്ചെക്ക് സമീപമായിരുന്നു. അന്ന് സുമാത്രക്ക് സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ 16 പേര്‍ മരിച്ചിരുന്നു.
നവംബര്‍ 25 നാണ് സുമാത്രക്ക് സമീപം കനത്ത മഴയും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമുണ്ടായത്. ഇത്തവണ ജാവദ്വീപിലെ പര്‍വത മേഖലകളിലായിരുന്നു കനത്ത മഴ. കഴിഞ്ഞ ആഴ്ചയിലെ പേമാരിയില്‍ തന്നെ ഇവിടെ പുഴ കരകവിഞ്ഞ് ഒഴുകിയിരുന്നു. ഇതിനിടെയാണ് വീണ്ടും പേമാരിയുണ്ടായത്.
സുകഭൂമി ജില്ലയിലെ 170 ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചത്. പടിഞ്ഞാറന്‍ ജാവ പ്രവിശ്യയിലാണ് ഈ പ്രദേശം. മണ്ണും ചെളിയും പാറകളും വീണ് ആംബുലന്‍സും തകര്‍ന്നതായും മണ്ണുനീക്കല്‍ പുരോഗമിക്കുകയാണെന്നും ലെഫ്. കേണല്‍ യുദി ഹരിയാന്തോ അറിയിച്ചു.
കനത്തമഴ, മിന്നല്‍ പ്രളയം, കാറ്റ് എന്നിവയെ തുടര്‍ന്ന് 3,000 പേരെ മാറ്റിപാര്‍പ്പിച്ചതായും സര്‍ക്കാര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചതായും ഹരിയാന്തോ പറഞ്ഞു. 400 വീടുകള്‍ അപകടഭീഷണി നേരിടുന്നതായി ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു. 1000 പേരെ കൂടി ഇവിടെ നിന്ന് മാറ്റിപാര്‍പ്പിക്കും.
പ്രളയത്തിലും പേമാരിയിലും 31 പാലങ്ങള്‍, 81 റോഡുകള്‍, 1,332 ഏക്കര്‍ നെല്‍വയലുകള്‍, 1,170 വീടുകള്‍ നശിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. 3,300 വീടുകളും കെട്ടിടങ്ങളും തകര്‍ന്നുവെന്നാണ് പ്രാദേശിക ദുരന്ത നിവാരണ ഏജന്‍സിയുടെ കണക്ക്.